Sanathanam

പാഴൂര്‍ പടിപ്പുരയില്‍ പോകുന്നതെന്തിന്?

അതിനു പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ലെന്ന വാചകം മലയാളിക്കു സുപരിചിതമാണ്. ഗണിച്ചു പറയേണ്ടതില്ലാത്ത കാര്യങ്ങളെ സൂചിപ്പിക്കാനാണു 'പാഴൂര്‍ പടിപ്പുര' പ്രയോഗം. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പതിവായി ഉപയോഗിച്ചുവരുന്ന പാഴൂര്‍ പടിപ്പുരയ്ക്കു പിന്നില്‍ കൗതുകകരമായ ഒരു ചരിത്രകഥയുണ്ട്. എറണാകുളം ജില്ലയില്‍ പിറവത്തിനടുത്തുള്ള പാഴൂര്‍ എന്ന സ്ഥലം ഭാഷയ്ക്കു പ്രിയങ്കരമായതിനു പിന്നിലുള്ളതു പ്രശ്‌നംവെപ്പുമായി ബന്ധപ്പെട്ട ഒരു സംഭവകഥ തന്നെയാണ്.
പാഴൂര്‍ പടിപ്പുരയിലെ പ്രശ്‌നംവെപ്പ് കണിശമാണ്. ഫലം തെറ്റില്ല. അതാണു വിശ്വാസം; പലരുടെയും അനുഭവവും. ഏതു പ്രശ്‌നത്തെക്കുറിച്ചും മനസ്സിലാക്കാനും പ്രതിവിധി ഉപദേശിച്ചുകിട്ടാനും പാഴൂര്‍ക്കു പോയാല്‍ മതിയെന്ന വിശ്വാസം പ്രബലമായ കാലം. പുറംനാട്ടുകാരനായ ഒരു ബ്രാഹ്മണന്‍ പാഴൂരിലെത്തി. പ്രശ്‌നം വെക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ തിരിച്ചയച്ചു. അടുത്ത ദിവസം വരാനായിരുന്നു ലഭിച്ച മറുപടി.
പാഴൂരില്‍ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതിനാല്‍ ബ്രാഹ്മണന്‍ തൊട്ടടുത്തുള്ള അമ്പലത്തിലാണ് അന്ന് അന്തിയുറങ്ങിയത്; മേല്‍ശാന്തിക്കൊപ്പം. ഉറങ്ങാന്‍ കിടന്നതാകട്ടെ, താനെത്തിപ്പെട്ട പാഴൂരെന്ന പ്രശാന്തസുന്തരമായ ഗ്രാമത്തെക്കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ടാണ്. ജീര്‍ണിച്ച നിലയിലുള്ള അവിടത്തെ ശിവക്ഷേത്രം നന്നാക്കണമെന്ന് അദ്ദേഹം ചിന്തിക്കുകയും ചെയ്തു. പിറ്റേന്ന് പുളര്‍ച്ചെ കുളിച്ചു ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രനിര്‍മാണം ഉടനെ ആരംഭിച്ചുകൊള്ളാമെന്നു പ്രതിഷ്ഠയില്‍ കണ്ണുറപ്പിച്ചു തൊഴുതുകൊണ്ടുനില്‍ക്കവേ മനസ്സിലുറപ്പിച്ചു.
തുടര്‍ന്നു പ്രശ്‌നംവെപ്പിനായി തിരിച്ചു. തലേദിവസം എത്തിയ ബ്രാഹ്മണന്‍ വീണ്ടുമെത്തിയതുകണ്ടപ്പോള്‍ കണിയാന്‍ ഞെട്ടി. താങ്കള്‍ ഇന്നലെ വിഷം തീണ്ടി മരിക്കേണ്ടതായിരുന്നു. ''അതാണു പ്രശ്‌നംവെക്കാതെ പറഞ്ഞുവിട്ടത്.'' -അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം വൈകിട്ടു മുതല്‍ എന്തൊക്കെയാണു സംഭവിച്ചതെന്നു ബ്രാഹ്മണനോടു ചോദിച്ചു. ക്ഷേത്രം പുതുക്കിപ്പണിയാന്‍ കൈക്കൊണ്ട തീരുമാനവും പ്രാര്‍ഥനാവേളയില്‍ അതു ഭഗവാനോടു തുറന്നുപറഞ്ഞതും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രം നന്നാക്കാനുള്ള തീരുമാനമെടുത്തതാണു താങ്കളുടെ ജീവന്‍ രക്ഷിച്ചതെന്നായിരുന്നു ബ്രാഹ്മണനോടു പാഴൂര്‍ പടിപ്പുരയില്‍നിന്നറിയിച്ചത്. (പാഴൂര്‍ ക്ഷേത്രത്തിന്റെ ചിത്രമാണ് ഇതോടൊപ്പം.)
 
.

Back to Top