Sanathanam

ശാങ്കരദര്‍ശനം ഇന്നും പ്രസക്തം: സ്വാമി ചിദാനന്ദ പുരി

കൊളത്തൂര്‍: തന്നിലെ മൃഗീയവാസനകളെ ഇല്ലാതാക്കണമെന്ന വേദോപദേശത്തെ യജ്ഞങ്ങളില്‍ മൃഗബലി നടത്തണമെന്നാണു പറഞ്ഞിരിക്കുന്നതെന്നു തെറ്റിദ്ധരിച്ച കാലത്താണു ആദിശങ്കരാചാര്യര്‍ പിറവിയെടുത്തതെന്നും ശാങ്കരദര്‍ശനം ഇന്നത്തെ കാലത്തും ഏറെ പ്രസക്തമാണെന്നും സ്വാമി ചിദാനന്ദ പുരി. തന്നിലെ മൃഗവാസനകളെ ഇല്ലാതാക്കണമെന്ന വേദാശയം പശുവിനെ കൊല്ലണമെന്നു തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പശു എന്നതുകൊണ്ട് മൃഗമെന്നാണ് അര്‍ഥമാക്കുന്നത്. പശുവിനെ കൊല്ലുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതാകട്ടെ, തന്നിലെ മൃഗവാസനകളെ ഇല്ലാതാക്കി യജ്ഞപൂര്‍ണത നേടി ഓരോരുത്തരും അവര്‍ക്കുള്ളിലെ ദിവ്യത്വം കണ്ടെത്തുകയെന്നാണ്. ധര്‍മച്യുതിയുടെ കാലത്തു ധര്‍മോദ്ധാരണത്തിനായി മറ്റൊരു വ്യക്തിക്കും ചെയ്യാനാകാത്തത്ര കാര്യങ്ങള്‍ ചെയ്ത മഹാപുരുഷനാണ് ആദിശങ്കരനെന്നും കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശാങ്കരജയന്തിസമ്മേളനത്തില്‍ സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
ഹിന്ദുമതത്തിന്റെ അടിസ്ഥാനം സനാതനധര്‍മമാണ്. സനാതനധര്‍മത്തിന്റെ അടിസ്ഥാനമാകട്ടെ വേദവും. വേദം ഉപദേശിക്കുന്നത് യജ്ഞങ്ങളിലൂടെ മനുഷ്യനിലെ ദിവ്യത്വത്തെ ഉയര്‍ത്താനാണ്. യോഗ, പൂജ, നിഷ്‌കാമകര്‍മം തുടങ്ങിയവയെല്ലാം അനുഷ്ഠിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. യജ്ഞം നിര്‍വഹിക്കുന്നതോടൊപ്പം തന്നിലെ പശു(മൃഗം)വിനെ ഹോമിക്കുകകൂടി ചെയ്യുന്നതിലൂടെ മാത്രമേ നമ്മിലെ ദിവ്യത്വത്തെ തിരിച്ചറിയാനാകൂ. യജ്ഞത്തില്‍ പശുവിനെ കൊല്ലണമെന്നതുകൊണ്ട് ഉദ്ദേശിച്ചതു വിശപ്പിനെയും കാമത്തെയും ഇല്ലാതാക്കാനാണ്. എന്നാല്‍, ഒരു കാലഘട്ടത്തില്‍ ഇതു തെറ്റിദ്ധരിക്കപ്പെട്ടു ഹോമങ്ങളില്‍ മൃഗബലി വ്യാപകമായതോടെ മന്ത്രധ്വനികളും സുഗന്ധവുമുയരേണ്ട ഹോമകുണ്ഡങ്ങളില്‍ മൃഗരോദനവും രക്തക്കറയും പടര്‍ന്നു. സനാതനധര്‍മ വ്യവസ്ഥ നാശത്തിന്റെ പടുകുഴിയിലേക്കു താഴ്ന്നു. ഈ കാലഘട്ടത്തിലാണ് ശങ്കരാചാര്യര്‍ ധര്‍മസംസ്ഥാപനത്തിനായി രംഗപ്രവേശം ചെയ്തത്. ഹിംസയില്‍നിന്നു ധര്‍മത്തെ രക്ഷിക്കാന്‍ ശ്രീബുദ്ധന്‍ പ്രവര്‍ത്തിച്ചത് ഇതിനു തൊട്ടുമുമ്പുള്ള കാലത്തായിരുന്നു. ഹിംസയ്‌ക്കെതിരെ നല്‍കിയ ഉപദേശങ്ങളില്‍ തന്റെ ദര്‍ശനം വേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ബുദ്ധന്‍ എവിടെയും പറഞ്ഞില്ല. ഇതു പില്‍ക്കാലത്തു ബൗദ്ധന്മാര്‍ വേദനിഷേധികളും ശൂന്യവാദികളും നിരീശ്വരവാദികളുമൊക്കെ ആയിത്തീരാന്‍ കാരണമായി. വിഭിന്നമെങ്കിലും ഒന്നിനൊന്നു വിപരീതമല്ലാത്ത ആസ്തികദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ തങ്ങളുടെ മാര്‍ഗം മാത്രമാണു ശരിയെന്നു പരസ്പരം കലഹിക്കുന്ന കാലഘട്ടംകൂടിയായിരുന്നു അത്. എല്ലാ അര്‍ഥത്തിലും സനാതനധര്‍മം വെല്ലുവിളികള്‍ നേരിടുകയായിരുന്നു, അക്കാലത്ത്. തേജഃപുഞ്ജമായി ജ്വലിച്ചുനിന്ന ശങ്കരാചാര്യര്‍ ഉപനിഷത്തുക്കള്‍ക്കും ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യം രചിച്ചു. നൂറിലേറെ പ്രകരണങ്ങളും സ്‌തോത്രങ്ങളും തയ്യാറാക്കുകയും ചെയ്തു.
ശങ്കരാചാര്യര്‍ ജീവിച്ചിരുന്നത് എ.ഡി. എട്ടാം നൂറ്റാണ്ടിലാണെന്നും ബി.സി. നാലാം നൂറ്റാണ്ടിലാണെന്നും രണ്ടു വാദമുണ്ട്. ഇതില്‍ ബി.സി. നാലാം നൂറ്റാണ്ടാണു കൂടുതല്‍ സ്വീകാര്യം. കാരണം, ഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ അവൈദികദര്‍ശനങ്ങളുടെ കൂട്ടത്തില്‍ ക്രിസ്തുമതത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടേയില്ല. ന്യായദര്‍ശനത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ പില്‍ക്കാലത്തു വികസിതമായ നവ്യന്യായത്തെക്കുറിച്ചും സൂചിപ്പിച്ചിട്ടില്ലെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
ദിനാഘോഷത്തോടനുബന്ധിച്ചു ജപം, പ്രസാദവിതരണം എന്നിവയും ഉണ്ടായി.
.

Back to Top