Sanathanam

ലണ്ടന്‍ ഹിന്ദുമത പരിഷത്ത് നാളെ; സ്വാമി ചിദാനന്ദ പുരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും

ലണ്ടന്‍: ലണ്ടന്‍ ഹിന്ദുമതപരിഷത്ത് നാളെ ക്രോയിഡോണ്‍ ആര്‍ച്ച് ബിഷപ് ലാന്‍ഫ്രങ്ക് അക്കാദമയില്‍ നടക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയാണു മുഖ്യപ്രഭാഷകന്‍. സനാതനധര്‍മ സന്ദേശം ബ്രിട്ടനില്‍ പ്രചരിപ്പിക്കുന്നതിനു സജീവമായി യത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന പരിഷത്തില്‍ മറ്റു പ്രമുഖ ആചാര്യന്മാരും സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. സംവാദങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും ഉള്‍പ്പെടുന്ന ഹിന്ദുമത പരിഷത്തിലൂടെ ലക്ഷ്യം വെക്കുന്നത് ഹൈന്ദവികതയുടെ ആധ്യാത്മികവും ഭക്തിപരവും യുക്തിപരവും വിദ്യാഭ്യാസപരവുമായ ഔന്നത്യത്തെ ഉയര്‍ത്തിക്കാട്ടുകയാണ്. വേദിയില്‍ തയ്യാറാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജ നടത്തി ശില്‍പി രാജന്‍ പന്തല്ലൂര്‍ തയ്യാറാക്കിയ കൊടിമരത്തില്‍ കൊടിയേറ്റുന്നതോടെയാണു പരിഷത്തിനു തുടക്കമാവുക. ശില്‍പശാലകളും കഥകളി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാസംസ്‌കാരിക പരിപാടികളു അരങ്ങേറും. യു.കെ.സമയം രാവിലെ പത്തിനാരംഭിക്കുന്ന പരിപാടികള്‍ രാത്രി പത്തിനാണു സമാപിക്കുക. വൈകിട്ട് നാലിനാണു പൊതുസമ്മേളനം. ലണ്ടനിലെത്തിയ മുഖ്യപ്രഭാഷകന്‍ സ്വാമി ചിദാനന്ദ പുരിക്ക് ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ആചാര്യ വിദ്യാഭാസ്‌കര്‍ജി (സ്വിറ്റ്‌സര്‍ലന്റ്), ക്രോയ്ഡന്‍ മേയര്‍ പട്രീഷ്യ ഹേ ജസ്റ്റിസ് തുടങ്ങിയവരും പരിഷത്തില്‍ പങ്കെടുക്കുന്നുണ്ട്. യു.കെയിലെ മലയാളികള്‍ ഒത്തുകൂടുന്ന ഏറ്റവും വലിയ ഹൈന്ദവപരിപാടിയാണിതെന്നു സംഘാടകര്‍ ചൂണ്ടിക്കാട്ടി.
.

Back to Top