Sanathanam

കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ആധ്യാത്മികപഠന ക്യാംപ് കൊളത്തൂരില്‍ ആരംഭിച്ചു

നാം വികലവിദ്യാഭ്യാസത്തിന്റെ
ഇരകള്‍: ആത്മസ്വരൂപാനന്ദ സ്വാമി

കൊളത്തൂര്‍: ആത്മാവിനെക്കുറിച്ചുള്ള അറിവ് ഒഴിച്ചുനിര്‍ത്തിയുള്ള വിദ്യാഭ്യാസമാണു സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ നടപ്പാക്കപ്പെട്ടതെന്നും അതിന്റെ ദുരന്തഫലം നാം അനുഭവിച്ചുവരികയാണെന്നും പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആത്മസ്വരൂപാനന്ദ സ്വാമി പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ സര്‍വകലാശാലാതല വിദ്യാര്‍ഥികള്‍ക്കായുള്ള ആധ്യാത്മിക പഠന സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു ഭാഷകളിലെ പല വാക്കുകളുടെയും മൂലം സംസ്‌കൃതമാണ്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ ഭാരതത്തില്‍ സംസ്‌കൃതം അവഗണിക്കപ്പെട്ടു. ഹിന്ദി പഠിപ്പിക്കാന്‍ കോടികള്‍ ചെലവിടാന്‍ തയ്യാറായി. എന്നാല്‍ സംസ്‌കൃതത്തെ പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും ശ്രമമുണ്ടായതേയില്ല.
വിദ്യാഭ്യാസത്തില്‍ പൂര്‍വചരിത്രമറിയുക എന്നതു പ്രധാനമാണ്. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ട കുട്ടിയെ തിരിച്ചുകിട്ടുംവരെ അമ്മ അന്വേഷണം തുടരുന്നതുപോലെ പൂര്‍വചരിത്രം തിരിച്ചുകൊണ്ടുവരുംവരെ നിങ്ങള്‍ വിശ്രമിക്കരുതെന്നു കുട്ടികളെ സ്വാമി വിവേകാനന്ദന്‍ ഉപദേശിച്ചിരുന്നു. വിദ്യാഭ്യാസം സമഗ്രമായിരിക്കണമെന്ന സന്ദേശമാണ് ഇതു പകരുന്നത്. സ്വാമി വിവേകാനന്ദന്റെ കാലത്തുള്ള വിദ്യാപദ്ധതി കൂടുതല്‍ മോശമാക്കപ്പെടുകയാണു പിന്നീടുണ്ടായതെന്ന് ആത്മസ്വരൂപാനന്ദ സ്വാമി ചൂണ്ടിക്കാട്ടി.
എല്ലാ അര്‍ഥത്തിലും പൂര്‍ണതയുള്ള യുവാക്കളെ വാര്‍ത്തെടുക്കുകയാണ് ആധ്യാത്മിക പഠന സത്രത്തിന്റെ ലക്ഷ്യമെന്നു സ്വാഗതപ്രസംഗത്തില്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി പറഞ്ഞു. ഒരു വിഷയം പഠിക്കുന്നവര്‍ ആ വിഷയത്തെക്കുറിച്ചേ അറിയൂ, മറ്റൊന്നും അറിയില്ലെന്നു പറയുന്ന വര്‍ത്തമാനകാല വിദ്യഭ്യാസ രീതി അപൂര്‍ണമാണെന്ന് അദ്ദേഹം ആരോപിച്ചു.
എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമം നിര്‍വഹിച്ചു. ഉദ്ഘാടനസമ്മേളനത്തോടെ ഏഴു ദിവസത്തെ പഠനസത്രത്തില്‍ വിദ്യാര്‍ഥികള്‍ സജീവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ മുതല്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സംശയനിവാരണവും ചര്‍ച്ചകളുമുണ്ടായിരിക്കും. സ്വാമി ചിദാനന്ദ പുരി ജീവിതരഥയാത്ര എന്ന വിഷയത്തെ അധികരിച്ചു നിത്യവും രാവിലെ ക്ലാസെടുക്കും. കെ.പി.രാധാകൃഷ്ണന്‍, സ്വാമിനി ശിവാനന്ദ പുരി, അധ്യാത്മാനന്ദ സരസ്വതി സ്വാമി, സി.കെ.സുരേഷ്, വീരഭദ്രാനന്ദ സ്വാമി, സുരേഷ് ബാബു കിള്ളിക്കുറിശ്ശിമംഗലം, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, അഡ്വ. ജയസൂര്യന്‍ പാലാ, അശേഷാനന്ദ സരസ്വതി സ്വാമി, ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ഹേമപാലന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സംഗീതാസ്വാദനത്തെക്കുറിച്ചു സജിത നാരായണന്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ വിശദീകരിക്കും. സ്‌തോത്രം, ജപം, ധ്യാനം, ഭജന എന്നിവ ക്യാംപില്‍ നിത്യവുമുണ്ടായിരിക്കും.
.

Back to Top