Sanathanam

മഹാഭാരതമെന്ന യാഥാര്‍ഥ്യവും മാധ്യമങ്ങളുടെ സങ്കല്‍പചിത്രവും

സ്വന്തം ലേഖകന്‍

നാമെന്ത്, നമുക്കെന്ത് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണല്ലോ ഏറെക്കുറെ എല്ലാം. അപ്പോള്‍ മാധ്യമപ്രവര്‍ത്തനവും അങ്ങനെത്തന്നെയേ വരൂ. വൈദേശികമായ മാധ്യമപ്രവര്‍ത്തനത്തെ കടംകൊണ്ടപ്പോള്‍ അതിന്റെ രീതികളും ഭാരതത്തില്‍ സ്വാംശീകരിക്കപ്പെട്ടു. അങ്ങനെ ഭാരതീയ മാധ്യമങ്ങളും പാശ്ചാത്യരീതിയില്‍ത്തന്നെ വികസിച്ചു. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വാര്‍ത്താക്കണ്ണുകള്‍ എന്തൊക്കെ കണ്ടുവോ അതു തന്നെ ഇവിടുത്തെ മാധ്യമങ്ങളും കണ്ണടവെച്ചു നോക്കി. ജീവിതത്തിലായാലും സമൂഹത്തിലായാലും അതിനൊക്കെ പുറത്തായാലും വാര്‍ത്തയെന്തെന്നു പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ നിര്‍വചിച്ചു; ഇവിടെ പകര്‍ത്തി.
അവിടവിടെ ചില വഴിമാറിനടത്തങ്ങള്‍ ഭാരതീയ മാധ്യമങ്ങള്‍ക്ക് ഉണ്ടായി എന്നതു നിഷേധിക്കാനാവില്ല. എന്നാല്‍, അവയ്ക്ക് ഒരിക്കലും വാര്‍ത്തകളെക്കുറിച്ചു സ്വതന്ത്ര കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്നു വ്യക്തം. അതിന്റെ കാരണമാകട്ടെ, ലളിതമാണ്. പാശ്ചാത്യരീതിയില്‍ തന്നെയാണ് ഭാരതത്തിലും മാധ്യമസ്ഥാപനങ്ങളിലെ പഠനവും പാഠനവും. പാശ്ചാത്യരീതിയില്‍ മാധ്യമപ്രവര്‍ത്തനം ചെയ്തുനടക്കുന്നവര്‍ പാശ്ചാത്യരീതിയില്‍ത്തന്നെ പഠിപ്പിച്ചാല്‍ സൃഷ്ടിക്കപ്പെടുന്നതു പാശ്ചാത്യമാധ്യമ രീതികളെ ഉയര്‍ത്തിപ്പിടിക്കുന്ന നവമാധ്യമ പ്രവര്‍ത്തകരായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ.
ഉള്ളടക്കം എന്തായിരിക്കണം, ഏതു തരം ആശയങ്ങളെ പൊലിമയോടെ അവതരിപ്പിക്കണം എന്നതിനൊക്കെ പാശ്ചാത്യമായ രീതിയുണ്ട്. അതൊട്ടും ഭാരതീയമായിരിക്കില്ലതാനും. കാരണം ഇന്ത്യയെ നോക്കിയല്ലല്ലോ അമേരിക്കയില്‍ പത്രമൊരുക്കുക. തങ്ങളുടെ നാടിനും സംസ്‌കൃതിക്കും യോജിച്ചവിധം പത്രങ്ങള്‍ പുറത്തിറക്കുന്നതില്‍ പാശ്ചാത്യ മാധ്യമലോകം വിജയിച്ചെങ്കില്‍ അവരെ അതേപടി പകര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭാരതത്തെ പ്രതിഫലിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു.
ഭാരതീയമായ എന്തിനെയും അവജ്ഞയോടെ കാണുകയെന്ന ഒരു തരം ബുദ്ധിജീവിനയം മാധ്യമനടത്തിപ്പിലും മാധ്യമപ്രവര്‍ത്തകരിലും കാണാം. തൊട്ടടുത്തു നടക്കുന്നതിനാണു വാര്‍ത്താപ്രാധാന്യം കൂടുതല്‍, കാരണം അതറിയാനാണു വായനക്കാരന് അഥവാ പ്രേക്ഷകനു താല്‍പര്യമെന്നതാണു മാധ്യമപ്രവര്‍ത്തനത്തിന്റ ഒരു പ്രധാന ബാലപാഠം. കോഴിക്കോട്ട് ഏപ്രില്‍ ആറിനു നടന്ന 'മഹാഭാരതം' ധര്‍മരക്ഷാസംഗമം ഉപയോഗപ്പെടുത്തി ഭാരതീയതോടു മാധ്യമങ്ങള്‍ക്കുള്ള നിലപാടു പരിശോധിക്കുക രസാവഹമാണ്.
രണ്ടു മാസത്തോളമായി 'മഹാഭാരത'ത്തിനായി നടന്ന തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രധാന പരിപാടികള്‍ക്കായി നടത്തുന്ന തയ്യാറെടുപ്പുകള്‍ കഴിഞ്ഞാല്‍ ഏറ്റവും ബൃഹത്തായ ഒന്നായിരിക്കാം. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ ജനങ്ങളുടെ സംഗമമെന്ന നിലയിലാണു 'മഹാഭാരത'ത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുടക്കം മുതല്‍ അവതരിപ്പിച്ചത്. എന്നാല്‍ 'മഹാഭാരതം' രൂപപ്പെട്ടുവരുന്ന വഴിയില്‍ നടന്ന പ്രധാന പരിപാടികളും ചുവടുകളുമൊന്നും തന്നെ കോഴിക്കോടിനു പുറത്തു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. രണ്ടോ മൂന്നോ ആള്‍ക്കാര്‍ വട്ടമിട്ടിരുന്ന നടത്തുന്ന 'മഹാസമ്മേളനങ്ങള്‍'ക്കു മുന്നില്‍ പോലും തല്‍സമയ സംപ്രേഷണത്തിനായി ഒ.ബി.വാന്‍ പോലുള്ള സങ്കേതങ്ങള്‍ നിരത്തുന്ന ചാനലുകളില്‍ 'മഹാഭാരതം' തയ്യാറെടുപ്പുകള്‍ നാമമാത്രമായിരുന്നു.
പ്രചരണവാഹനങ്ങളും രഥയാത്രകളും വീഡിയോ വോളുകളും പൊതുസമ്മേളനങ്ങളും ഭജനകളുമൊക്കെയായി 'മഹാഭാരത'ത്തിന്റെ പ്രചരണം കൊഴുത്തതും മാധ്യമങ്ങള്‍ 'കണ്ടില്ല'. ആഴ്ചകള്‍ പിന്നിട്ട് ഏപ്രില്‍ അഞ്ചിലേക്കെത്തിയപ്പോഴും മാധ്യമങ്ങള്‍ കണ്ണടച്ചു. പേരിനു ചില റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നു മാത്രം.
ഏപ്രില്‍ ആറിനു കോഴിക്കോട് കടപ്പുറത്തു ജനസാഗരം നിറഞ്ഞു; ഒരുപക്ഷേ, കടപ്പുറത്തെ വിശാലമായ മൈതാനം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ജനത്തിരക്കുണ്ടായി. വാടയ്‌ക്കെടുത്ത ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി നഗരത്തിലെത്തി അണമുറിയാതെ ജനങ്ങള്‍ ബീച്ചിലേക്കൊഴുകി. തിരക്കേറുമെന്നു മുന്‍കൂട്ടിയറിഞ്ഞ സംഘാടകസമിതി, ബീച്ചിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെ വീഡിയോ വോളുകളും ശബ്ദസംവിധാനവും ഒരുക്കിയിരുന്നു. ഓരോ വീഡിയോ വോളിനു ചുറ്റും ജനങ്ങള്‍ തടിച്ചുകൂടി; ബീച്ച് നിറഞ്ഞു.
കേവലം ആയിരക്കണക്കിനു പേര്‍ മാത്രം പങ്കെടുക്കുന്ന പരിപാടികള്‍ പോലും ലൈവായി സംപ്രേഷണം ചെയ്യാറുള്ള ചാനലുകളുടെ ലൈവ് സംപ്രേഷണ സംവിധാനം 'മഹാഭാരതം' റിപ്പോര്‍ട്ട് ചെയ്യാനെത്തിയില്ല. 'മഹാഭാരത'ത്തോടു ചേര്‍ന്നുനില്‍ക്കുന്ന ജനം ടിവിയും അമൃത ടിവിയും മാത്രം ലൈവായി സംപ്രേഷണം ചെയ്തു. മറ്റു ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടുകളാകട്ടെ ഒരു തരത്തിലും സമഗ്രത അവകാശപ്പെടാന്‍ സാധിക്കാത്തവയായിരുന്നു. വഴിപാടു രീതിയിലുള്ള കാട്ടിക്കൂട്ടല്‍ മാത്രമായിരുന്നു അതൊക്കെ. ചില ചാനലുകള്‍ വാര്‍ത്ത ചുരുക്കം ബുള്ളറ്റിനുകളില്‍ ഒതുക്കി.
പത്രങ്ങളും പലമാതിരിയാണു പ്രതികരിച്ചത്. തയ്യാറെടുപ്പു മുതല്‍ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി കഴിഞ്ഞാല്‍ മാതൃഭൂമി മാത്രമാണ് 'മഹാഭാരത'ത്തോട് അല്‍പമെങ്കിലും നീതിപുലര്‍ത്തിയത്. മനോരമ തുടങ്ങിയ മറ്റു പത്രങ്ങള്‍ തങ്ങളുടെ തന്നെ പതിനായിരക്കണക്കിനു വരിക്കാരാണു കോഴിക്കോട് ബീച്ചില്‍ സംഘടിച്ചതെന്നു പോലും ഓര്‍ത്തില്ല. ഭാരതീയവും ഹൈന്ദവികവുമായ എല്ലാറ്റിനെയും വാര്‍ത്താലോകത്തില്‍നിന്ന് വെട്ടിയൊതുക്കുക എന്ന ഹിഡന്‍ അജണ്ട 'മഹാഭാരത'ത്തിന്റെ കാര്യത്തിലും വിദഗ്ധമായി നടത്തപ്പെട്ടോ എന്നും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ സ്വയമറിയാതെ അത്തരക്കാരുടെ ഇരകളായിത്തീര്‍ന്നോ എന്നുമുള്ള സംശയം കേവലം മാധ്യമവിരോധ തിമിരം നിമിത്തമുണ്ടാകുന്നതാണോ എന്നറിയാന്‍ ഏപ്രില്‍ ഏഴിന്റെ പത്രങ്ങള്‍ കാണുകയേ വേണ്ടൂ. ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തുള്ള പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ഒറ്റക്കോളം വാര്‍ത്ത. രണ്ടാം സ്ഥാനത്തുള്ള ദ് ഹിന്ദുവില്‍ രണ്ടു കോളം. മലയാള പത്രങ്ങിളിലാകട്ടെ, എല്ലാറ്റിലും ഒന്നാം സ്ഥാനം അവകാശപ്പെടുന്ന മനോരമ ദയനീയമായി രണ്ടാം സ്ഥാനത്തായി. കേരളകൗമുദി, മംഗളം തുടങ്ങിയ പത്രങ്ങള്‍ ചുരുക്കം വാര്‍ത്തകളിലൊതുക്കി. മാധ്യമത്തില്‍ രണ്ടു റിപ്പോര്‍ട്ടുകളും തേജസ്സില്‍ ഒരു റിപ്പോര്‍ട്ടും പ്രത്യക്ഷപ്പെട്ടു. ജനയുഗത്തില്‍ ഒറ്റക്കോളത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കില്‍ നേരു നേരത്തേ അറിയിക്കുന്ന ദേശാഭിമാനിയില്‍ ഒരക്ഷരം കണ്ടില്ല. ഇതേ ലൈനാണു സിറാജിനും. അതുകൊണ്ടുതന്നെ ഈ രണ്ടു പത്രങ്ങള്‍ മാത്രം വായിക്കുന്നവരുണ്ടെങ്കില്‍ അവര്‍ 'മഹാഭാരത'ത്തെക്കുറിച്ചുള്ള വാര്‍ത്തയേ കണ്ടിരിക്കാനിടയില്ല.
ഗുരുക്കന്‍മാരായോ അതിലേറെ ആദരവോടെയോ കാണുന്ന ആചാര്യന്‍മാരെ നിന്ദിക്കരുതെന്ന ആവശ്യം ഉയര്‍ത്തിയതല്ലാതെ 'മഹാഭാരതം' റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഒന്നല്ലെന്ന നിഗമനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്താന്‍ വേറെ കാരണങ്ങള്‍ കാണുന്നില്ല. രാഷ്ട്രീയലക്ഷ്യം 'മഹാഭാരത'ത്തിനുണ്ടെന്നതാണു കാരണമെങ്കില്‍ സ്വാഗതസംഘം ഭാരവാഹികള്‍ 'മഹാഭാരത'ത്തിന്റെ ലക്ഷ്യമെന്തെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പിലും സമൂഹത്തിനു മുന്നിലും സ്പഷ്ടമായി അവതരിപ്പിച്ചതാണല്ലോ.
സ്വയം വിലയിരുത്താനായുള്ള യോഗങ്ങള്‍ പത്രമാപ്പീസുകളിലും ചാനലാപ്പീസുകളിലും നിത്യവും നടക്കും. അവയിലൊക്കെ ഉയരുന്ന ഒരു സ്ഥിരം ആക്ഷേപമാണ് വായനക്കാര്‍ കുറയുന്നു പ്രേക്ഷകര്‍ കുറയുന്നു എന്നത്. വായനക്കാരന് അഥവാ പ്രേക്ഷകന് എന്താണോ ആവശ്യം, അതു കൊടുക്കുക എന്നതാണ് നവീന മാധ്യമചട്ടം. എന്നാല്‍, വായനക്കാരന്‍ എന്തറിയണമെന്നു മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു പണ്ടൊക്കെ. ആ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണു 'മഹാഭാരത'ത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നാണു ചിന്തിച്ചാല്‍ ബോധ്യമാവുക.
.

Back to Top