Sanathanam

സിന്ധുസാഗരത്തെ സാക്ഷിനിര്‍ത്തി തീരം ചരിത്രമെഴുതി: 'മഹാഭാരതം'

കോഴിക്കോട്: തിരകള്‍ക്കൊപ്പം തീരത്തും ആവേശക്കടല്‍ തീര്‍ത്ത് മഹാഭാരതം ധര്‍മരക്ഷാസംഗമം ചരിത്രത്താളായി. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം സിന്ധുസാഗര(അറബിക്കടല്‍)തീരത്തു ജനങ്ങള്‍ തടിച്ചുകൂടി. വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍കൊണ്ടും മഹാഭാരതം ചരിത്രം തീര്‍ത്തു. സ്റ്റേജ് ഷോയ്ക്കു സമാനം പ്രസംഗത്തിലൂടെയും ഭാരതീയദര്‍ശനത്തിലൂടെയും വിസ്മയിപ്പിക്കുന്ന യോഗ പ്രകടനത്തിലൂടെയും സദസ്യരെ നയിച്ച ഉദ്ഘാടകന്‍ യോഗ ഗുരു ബാബാ രാംദേവ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആവശത്തിര ഉയര്‍ത്തി. സദസ്സിനെക്കൊണ്ടു വന്ദേമാതരവും ഭാരത് മാതാ കീ ജയ്‌യും വിളിപ്പിച്ച് കോഴിക്കോടിനെ സനാതനധര്‍മ സന്ദേശത്തിലേക്ക് ഉണര്‍ത്തി. ഇനിയും ഉറങ്ങിയാല്‍ രാഷ്ട്രവും രാഷ്ട്രീയവും നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ യോഗാധ്യക്ഷന്‍ സ്വാമി ചിദാനന്ദ പുരി, ഉണരാത്ത ഹിന്ദുവിനെ കാത്തിരിക്കുന്നതു ശരശയ്യയെന്നു മഹാഭാരതസന്ദര്‍ഭം ഓര്‍മിപ്പിച്ചുകൊണ്ടു ചൂണ്ടിക്കാട്ടി.
ഭാരതീയതയെ ഉയര്‍ത്തിക്കാട്ടാനായി സംഘടിപ്പിച്ച 'മഹാഭാരതം' ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കും ആശ്രമങ്ങള്‍ക്കും സാംസ്‌കാരികമൂല്യങ്ങള്‍ക്കുമെതിരായ കടന്നുകയറ്റത്തെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന പ്രഖ്യാപനംകൂടിയായി.
കോഴിക്കോട് കടപ്പുറത്തെ സ്വാമി ദയാനന്ദ സരസ്വതി നഗറില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി ബാബാ രാംദേവാണു വിളക്കുകൊളുത്തി മഹാഭാരതത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സീമാ ജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ ബാബാ രാംദേവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.
കേരളത്തിലെ എല്ലാ നദികളില്‍നിന്നും ശേഖരിച്ച ജലം കുംഭത്തിലാക്കി പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ജനലക്ഷങ്ങളെ അനുഗ്രഹിച്ച് പ്രോക്ഷണം ചെയ്തു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.പി.ശ്രീപത്മനാഭന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. കന്യാകുമാരി വിവേകാനന്ദസ്മാരക നിര്‍മ്മാണത്തിനായി ജീവന്‍പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിച്ച പരമ്പരയിലെ അവസാന കണ്ണികളായ എം. കൃഷ്ണന്‍, മൊക്കത്ത് ദാസന്‍ എന്നിവരെ ആദരിച്ചു. ജയേന്ദ്രസരസ്വതി ശങ്കരാചാര്യ സ്വാമികള്‍, ശ്രീ. ശ്രീ. രവിശങ്കര്‍, മാതാ അമൃതാനന്ദമയീദേവി, ശ്രീഎം. എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
സ്വാഗതസംഘം ചെയര്‍മാന്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി അധ്യക്ഷഭാഷണം നടത്തി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അമൃതാനന്ദമയീമഠം ആചാര്യന്‍ സ്വാമി അമൃതകൃപാനന്ദപുരി, ചിന്മയ മിഷന്‍ കേരളഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, ശ്രീരാകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി വിനിശ്ചലാനന്ദ, കൊയിലാണ്ടി മഠാധിപതി സ്വാമി ആപ്തലോകാനന്ദ, സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശരവണഭവമഠം ആചാര്യന്‍ സ്വാമി മുരളീകൃഷ്ണന്‍ എന്നീ സന്യാസിശ്രേഷ്ഠന്മാര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ (ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക്), സ്വാമി അയ്യപ്പദാസ് (കേരള സംരക്ഷണസമിതി പ്രസിഡന്റ്), എസ്.ജെ.ആര്‍.കുമാര്‍ (വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ്), ഡോ. എം. ലക്ഷ്മീകുമാരി(വിവേകാനന്ദ വേദിക് വിഷന്‍ കേന്ദ്ര, കൊടുങ്ങല്ലൂര്‍), പി.ടി. വത്സലന്‍ (കേരള വിശ്വകര്‍മ്മസഭ സംസ്ഥാന സെക്രട്ടറി), എം.കെ. കുഞ്ഞോല്‍ (ഹരിജന്‍ സമാജം ലീഡര്‍), കെ.വി. ശിവന്‍ (ഓള്‍ ഇന്ത്യ വീരശൈവസഭ ജന. സെക്രട്ടറി), ധനജ്ഞയന്‍ (അഖിലേന്ത്യ നാടാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), ജി. നടരാജന്‍ (വണിക വൈശ്യ സംഘം റീജണല്‍ സെക്രട്ടറി), കെ.ടി. ഭാസ്‌കരന്‍ (കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി), എം.കെ. വാസുദേവന്‍ (അഖിലകേരള പുലയര്‍ മഹാസഭ പ്രസിഡന്റ്), മധു അരീക്കര (യോഗക്ഷേമ സഭ ജനറല്‍ സെക്രട്ടറി), രാമചന്ദ്രന്‍ (പത്തുകുടി സമുദായം ജനറല്‍ സെക്രട്ടറി), പള്ളിയറ രാമന്‍ (വനവാസി വികാസകേന്ദ്രം പ്രസിഡന്റ്), ഉദയഘോഷ് (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജനറല്‍ സെക്രട്ടറി), വി.കെ. വിശ്വനാഥന്‍ (ശബരിമല അയ്യപ്പ സേവാസമാജം സംഘടനാ സെക്രട്ടറി), സി.ആര്‍. ദിലീപ്കുമാര്‍ (ഐക്യമലയരയ മഹാസഭ പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംഗമപ്രമേയം അവതരിപ്പിച്ചു. തിരുവനന്തപുരം കളരിയില്‍ ധാര്‍മികം ആചാര്യന്‍ സ്വാമി ധര്‍മ്മാനന്ദ ഹനുമന്‍ ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചിന്മയ മിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ സന്നാസിവര്യന്മാരെ പരിചയപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു സാമുദായിക സംഘടനാ നേതാക്കളെയും എം.കെ. രജീന്ദ്രനാഥ് ആദ്ധ്യാത്മിക ആചാര്യന്മാരെയും പരിചയപ്പെടുത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ സ്വാഗതവും കണ്‍വീനര്‍ എന്‍.പി. സോമന്‍ നന്ദിയും പറഞ്ഞു. പുലര്‍ച്ചെ 5.30ന് ഡോ. കാരുമാത്ര വിജയന്‍ തന്ത്രി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിനു തുടക്കമായത്. രാവിലെ 6.30 മുതല്‍ 8.30 വരെ പുതിയാപ്പ ഭജന്‍ സമിതി ഭജന അവതരിപ്പിച്ചു.
പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തില്‍ ഇടുക്കി കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ പതാക ഉയര്‍ത്തി. ഉച്ചയ്ക്കുശേഷം മാതാ അമൃതാനന്ദമയീ മഠം ഭജനസമിതിയും ഭജന, വയനാട് കണിയാമ്പറ്റയിലെ വനവാസിസംഘം അവതരിപ്പിച്ച വട്ടക്കളിയും അരങ്ങേറി. തുടര്‍ന്നു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രസംഗിച്ചു. സന്ന്യാസിവര്യന്മാരും ഹൈന്ദവ സാംസ്‌കാരിക സാമുദായിക നേതാക്കന്മാരും അണിനിരന്ന സമുദ്രവന്ദനം ഒത്തുകൂടിയവര്‍ക്കു പുതുമയായി. പാലക്കാട് മുതല്‍ കാസര്‍ കോട് വരെയുള്ള ജില്ലകളില്‍ നിന്നായി പതിനായിരങ്ങള്‍ ധര്‍മ്മരക്ഷാസംഗമത്തില്‍ പങ്കെടുത്തു.
.

Back to Top