Bharathayathra

ഏറ്റവും പ്രാധാന്യമേറിയ ജ്യോതിര്‍ലിംഗങ്ങള്‍

കാണാത്ത ഭാരതം- 9
മനുഷ്യജീവിതത്തില്‍ മാത്രമേ സമ്പൂര്‍ണ ദുഃഖനിവൃത്തിയിലൂടെ നിത്യശാന്തിരൂപമായ മോക്ഷത്തിലേക്കുയരാന്‍ ഒരാള്‍ക്കു സാധിക്കൂ എന്നാണ്. ഇതു മനസ്സിലാക്കി ലക്ഷ്യത്തിനു നേര്‍ക്കുള്ള പ്രയാണമാക്കി ജീവിതത്തിനെ തീര്‍ക്കാന്‍ പൂര്‍വികന്മാരായ ഋഷിവര്യന്മാര്‍ പലപ്രകാരത്തിലുള്ള ഉപായങ്ങള്‍ പരിചയപ്പെടത്തി. ജീവിതയാത്രയ്ക്കു ശക്തിപകരാന്‍ പല ഉപാധികളും നല്‍കി. അവയിലൊന്നാണ് ക്ഷേത്രങ്ങളും ക്ഷേത്രോപാസനാ പദ്ധതികളും. പല തരം ക്ഷേത്രങ്ങള്‍ നമുക്കുണ്ട്. ഈ ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണു ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍. പ്രകാശസ്തൂപത്തിന്റെ രൂപത്തിലുള്ള ശിവന്റെ സങ്കല്‍പത്തിനാണു ജ്യോതിര്‍ലിംഗം എന്നു പറയുന്നത്. ആകെ 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും സവിശേഷതകളുള്ള സ്ഥലങ്ങളിലാണ്.
ഐതിഹ്യം: ജ്യോതിര്‍ലിംഗ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇതാണ്:
ബ്രഹ്മാവ് ഒരിക്കല്‍ വിഷ്ണുസന്നിധിയിലെത്തി. ബ്രഹ്മാവ് എത്തിയപ്പോള്‍ ക്ഷീരസാഗരത്തില്‍ അനന്തശയനനായിരുന്ന വിഷ്ണു എഴുന്നേറ്റാദരിച്ചില്ല. ഇതില്‍ ക്രുദ്ധനായ ബ്രഹ്മാവ് വിഷ്ണുവിനോട്, താന്‍ സര്‍വസ്രഷ്ടാവാണ്, ആദരണീയനാണ്, തന്നെ എഴുന്നേറ്റാദരിച്ച് സത്കരിക്കേണ്ടതാണ് എന്നിങ്ങനെ പറഞ്ഞു. എന്നാല്‍ ബ്രഹ്മാവ് തന്റെ നാഭികമലത്തില്‍നിന്നുത്ഭവിച്ചവനാണ്, അതിനാല്‍ തനിക്ക് പുത്രസമനാണ്, ആദരണീയനല്ല എന്നും മറ്റും വിഷ്ണു പഞ്ഞു. ഇങ്ങനെ സ്വമഹിമയുടെ വിഷയത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഗംഭീരമായ വാക്തര്‍ക്കമാരംഭിച്ചു. അതു യുദ്ധത്തില്‍ കലാശിച്ചു. യുദ്ധം ഗംഭീരമായി. അനേകസഹസ്രാബ്ദങ്ങള്‍ ഭീഷണമായ യുദ്ധം തുടര്‍ന്നു. പ്രപഞ്ചങ്ങളുടെ സൃഷ്ടി-സ്ഥിതിവ്യവസ്ഥയാകെ താറുമാറായി. ദേവന്മാരും ഋഷിഗണങ്ങളും ഈ അവസ്ഥയ്ക്ക് ഒരറുതി വരുത്താനായി പരമേശ്വരനോടു പ്രാര്‍ഥിച്ചു.
അപ്പോള്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന ബ്രഹ്മാ-വിഷ്ണുമാരുടെ ഇടയില്‍ അത്ഭുതകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. ആദിയോ അന്തമോ എവിടെയെന്നറിയാനാവാത്തവിധം വലിയ ആ അദ്ഭുതപ്രകാശപുഞ്ജം കണ്ടപ്പോള്‍ തത്ക്കാലത്തേക്ക് തങ്ങളുടെ വൈരമെല്ലാം മറന്ന് 'ഇതിന്റെ ആദ്യന്തങ്ങള്‍ എവിടെ' എന്നായി ഇരുവരുടെയും ചിന്ത. ശരി, ഈ പ്രകാശപുഞ്ജത്തിന്റെ ആദിയോ അന്തമോ കണ്ടുപിടിക്കുന്നയാള്‍തന്നെ തങ്ങളില്‍ ശ്രേഷ്ഠന്‍ എന്ന് അവരിരുവരും കരാറിലെത്തി.
വിഷ്ണു വരാഹരൂപമെടുത്ത് അഗ്നിസ്‌കന്ധത്തിന്റെ താഴേക്കും ബ്രഹ്മാവ് ഹംസരൂപമെടുത്ത് അഗ്നിസ്‌കന്ധത്തിന്റെ മുകളിലേക്കും യാത്രയാരംഭിച്ചു. അനേകായിരം വര്‍ഷങ്ങള്‍ ഇരുവരും സ്വസ്വദിശകളില്‍ സഞ്ചരിച്ചെങ്കിലും അതിന്റെ അറ്റങ്ങള്‍ കാണുവാനായില്ല.
സത്ത്വഗുണപ്രധാനനായ വിഷ്ണു, തനിക്ക് ഇതിന്റെ ആദി കാണാനാവില്ലെന്നു മനസ്സിലാക്കി ശ്രദ്ധാബുദ്ധിയോടെ തിരിച്ചുപോയി. ബ്രഹ്മാവ് രജോഗുണപ്രധാനന്‍ ആയതിനാല്‍ പരാജയം സമ്മതിക്കാന്‍ വിഷമിച്ചു. അപ്പോഴാണ് മുകളില്‍നിന്നു താഴേക്കു വീണുകൊണ്ടിരുന്ന കേതകീപുഷ്പം ബ്രഹ്മാവ് കണ്ടത്. അതിനോട് വിഷ്ണുവിനു മുമ്പാകെ താന്‍ ഈ സ്തംഭത്തിന്റെ മുകളില്‍ പോയിരിക്കുന്നു എന്നതില്‍ കള്ളസാക്ഷി പറയുവാന്‍ ബ്രഹ്മാവ് ആവശ്യപ്പെട്ടു. അങ്ങനെ കേതകീപുഷ്പത്തോടൊപ്പം വിഷ്ണുസന്നിധിയില്‍ച്ചെന്ന,് താന്‍ അഗ്നിസദൃശമായ പുഞ്ജത്തിന്റെ മുകളില്‍പ്പോയി അറ്റം കണ്ടു എന്നും ആയതിലേക്ക് ഈ കേതകീപുഷ്പം സാക്ഷിയാണെന്നും ബ്രഹ്മാവ് പറഞ്ഞു. ഇതോടെ താന്‍ പരാജിതനെന്നും ബ്രഹ്മാവ് ശ്രേഷ്ഠനെന്നും അംഗീകരിക്കാന്‍ വിഷ്ണു നിര്‍ബന്ധിതനായി.
കാപട്യം കണ്ട പരമേശ്വരന്റെ രുദ്രമൂര്‍ത്തി ആ സമയത്ത് അവിടെ പ്രകടമായി. ബ്രഹ്മാവിന്റെ മുകളിലേക്ക് ഉണ്ടായിരുന്ന അഞ്ചാമത്തെ തല നഖത്താല്‍ കൊയ്തുവീഴ്ത്തി. കള്ളസാക്ഷി പറഞ്ഞ കേതകീപുഷ്പത്തിന് അപൂജ്യത്വശാപവും നല്‍കി.
അതിനുശേഷം ദംഭദര്‍പ്പങ്ങളെല്ലാമൊടുങ്ങി, ശ്രദ്ധാഭക്തിയുക്തരായി ബ്രഹ്മാ-വിഷ്ണുമാര്‍ പരമേശ്വരന്റെ സ്തുതിചെയ്യാനാരംഭിച്ചു. സ്തുതിയാല്‍ പ്രീതനായ പരമേശ്വരന്‍ അവരിരുവര്‍ക്കും വരദാനങ്ങള്‍ നല്കി പഞ്ചാക്ഷരമന്ത്രജപത്തെ വിധിച്ച് അപ്രത്യക്ഷനായി. ബ്രഹ്മാവിഷ്ണുമാരുടെ മുമ്പില്‍ തേജഃപുഞ്ജം പ്രകടമായത് മാഘചതുര്‍ദ്ദശി ദിവസമായിരുന്നു. അതിനാല്‍ എല്ലാ വര്‍ഷവും ആ ദിവസം ശിവരാത്രിയായി കൊണ്ടാടപ്പെടുന്നു. ആ തേജഃപുഞ്ജത്തിന്റെ ആവിര്‍ഭാവമാണ് ആദ്യത്തെ ശിവലിംഗോത്പത്തിയായി മാനിക്കപ്പെടുന്നത്. ഈ ലിംഗോത്പത്തി അരുണാചലക്ഷേത്രമുള്ളിടത്താണ് ഉണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു.
-
ശിവന്‍ അഗ്നി പോലെ ജ്വലിക്കുന്ന സ്തംഭമായി സ്വയം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളാണു ജ്യോതിര്‍ലിംഗക്ഷേത്രങ്ങളായി ആരാധിക്കപ്പെട്ടുവരുന്നത്. സ്ഥലമാഹാത്മ്യം മനസ്സിലാക്കി പിന്നീടാവണം ഈ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥലങ്ങള്‍ ജ്യോതിശ്ശാസ്ത്രപരമായും വളരെ പ്രത്യേകതകളുള്ള സ്ഥലങ്ങളാണെന്നു പറയപ്പെടുന്നു. ഇവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുടെ ഊര്‍ജതരംഗം ജീവശാസ്ത്രപരമായി വളരെ ശക്തിമത്തായതാണെന്നാണു പറയപ്പെടുന്നത്. അടുത്ത കാലത്താണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായി കേദാര്‍നാഥത്തില്‍ സര്‍വവും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടും ക്ഷേത്രവും വിഗ്രഹവും ഒരു കേടുപാടും പറ്റാതെ അവശേഷിച്ചത്.  
എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജ്യോതിശാസ്ത്രത്തില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്മാര്‍ ജ്യോതിര്‍ലിംഗങ്ങളുടെ ചലനവും നിലയും പരിഗണനയിലെടുത്തു ശ്രദ്ധാപൂര്‍വം അളന്നുതിട്ടപ്പെടുത്തിയവയാണ് ഈ സ്ഥലങ്ങള്‍ എന്നു പറയപ്പെടുന്നു. അതാണത്രെ, ജ്യോതിര്‍ലിംഗങ്ങളുടെ ശക്തിചൈതന്യങ്ങള്‍ക്കു കാരണം. ആ പ്രദേശങ്ങളിലുള്ള, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള കല്ലുകളില്‍നിന്നുപോലും ഇപ്പോഴും ശക്തമായി ഊര്‍ജം പ്രസരിച്ചുകൊണ്ടിരിക്കുന്നു. അല്‍പനേരം ഇരുന്നാല്‍ ശരീരവും മനസ്സും സ്വാഭാവികമായിത്തന്നെ ശാന്തമായിത്തീരുന്ന തരത്തിലുള്ള മഹിമ അവിടെയെത്തുന്നവര്‍ക്കുണ്ടാവും.
ഒരു കല്ലിനെയോ സ്ഥലത്തെയോ ഒക്കെ ദൈവികചൈതന്യമുള്ള ഒന്നായി രൂപപ്പെടുത്തുന്ന അത്യദ്ഭുതകരമായ ശാസ്ത്രവിദ്യക്കനുസരിച്ചാണു ജ്യോതിര്‍ലിംഗക്ഷേത്രപ്രതിഷ്ഠകളെല്ലാം നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഈ പ്രക്രിയ കേവലം ചടങ്ങുകളായിത്തീര്‍ന്നിരിക്കുകയാണ്.
ജ്യോതിര്‍ലിംഗങ്ങള്‍ അതീവചൈതന്യമുള്ള ഉപാധികളാണെന്നാണു കരുതിപ്പോരുന്നത്. അവയെ സമീപിക്കുമ്പോള്‍ ആ ചൈതന്യപ്രസരത്തെ ഉള്‍ക്കൊള്ളാന്‍ തക്കവിധത്തിലുള്ള മനസ്സോടുകൂടിവേണം പോകാന്‍ എന്നാല്‍ മാത്രമേ അവിടത്തെ മഹിമ അനുഭവിക്കാന്‍ സാധിക്കൂ എന്നാണു വിശ്വാസം.

ദ്വാദശജ്യോതിര്‍ലിംഗങ്ങള്‍
സൗരാേരഷ്ട സോമനാഥം ച ശ്രീശൈലേ മല്ലികാര്‍ജുനം
ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം
പരള്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം
സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ
വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ
ഹിമായലേ തു കേദാരം ഘുഷ്‌മേശം ച ശിവാലയേ
ഏതാനി ജ്യോതിര്‍ലിംഗാനി സായം പ്രാതഃ പഠേന്നരഃ
സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി

ശിവപുരാണത്തിലുള്ള ഈ സ്‌തോത്രം 12 ജ്യോതിര്‍ലിംഗങ്ങളെയും പരാമര്‍ശിക്കുന്നു.

ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍
1. സോമനാഥം, പ്രഭാസപട്ടണം, ഗുജറാത്ത്
2. മല്ലികാര്‍ജുനം ശ്രീശൈലം, ആന്ധ്രാപ്രദേശ്
3. മഹാകാലം, ഉജ്ജയിനി, മധ്യപ്രദേശ്
4. ഓങ്കാരേശ്വരം, ഓങ്കാരേശ്വരം, മധ്യപ്രദേശ്
5. കേദാരം, കേദാര്‍നാഥ്, ഉത്തരാഖണ്ഡ്
6. ഭീമശങ്കരം, ഭീമശങ്കരം, മഹാരാഷ്ട്ര
7. കാശി വിശ്വാനാഥക്ഷേത്രം, വാരാണസി, ഉത്തര്‍പ്രദേശ്
8. ത്ര്യംബകേശ്വരം, നാസിക്, മഹാരാഷ്ട്ര
9. വൈദ്യനാഥം, ദേവ്ഗഢ്, ഝാര്‍ഖണ്ഡ്
10. നാഗേശം, ഹിംഗോളി, മഹാരാഷ്ട്ര
11. രാമേശ്വരം, രാമേശ്വരം, തമിഴ്‌നാട്
12. ഘുഷ്‌മേശ്വരം, ദൗലത്താബാദ്, മഹാരാഷ്ട്ര

ഭീമശങ്കരം
ദ്വാദശജ്യോതിര്‍ലിംഗങ്ങളിലൊന്നാണു മഹാരാഷ്ട്രയില്‍ സഹ്യാദ്രിസാനുക്കളില്‍ സ്ഥിതചെയ്യുന്ന ഭീമാശങ്കരം.
സഹ്യാദിമലകളിലെ ഡാകിനി കാടുകളില്‍ ഭീമന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അവന്റെ അമ്മ കര്‍ക്കടി എന്ന രാക്ഷസനും അച്ഛന്‍ ലങ്കാധീശനായ രാവണന്റെ സഹോദരന്‍ കുംഭകര്‍ണനുമായിരുന്നു. വളരെ നിഷ്ഠുരസ്വഭാവത്തോടൊത്ത അവനെ എല്ലാ ജീവികള്‍ക്കും വളരെ പേടിയായിരുന്നു. എന്നാല്‍ അവന്‍ തന്റെ അച്ഛനെ കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഭീമന്റെ ഉള്ളില്‍ സ്വന്തം വേരുകളെക്കുറിച്ചു സംശയമായിരുന്നു. ഒരു ദിവസം ഭീമന്‍ അമ്മ കര്‍ക്കടിയോട് ആരാണു തന്റെ അചഛനെന്നും എന്തുകൊണ്ടാണു താന്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടതെന്നും ആരാഞ്ഞു. അപ്പോള്‍ കര്‍ക്കടി അവനോടു കുംഭകര്‍ണനെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞു. രാമനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണു കുംഭകര്‍ണനെന്നു കേട്ടപ്പോള്‍ ഭീമനു രക്തം പ്രതികാരംകൊണ്ടു തിളച്ചു. അവന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു. വരം നേടിയ അവന്‍ പൂര്‍വാധികം ശക്തനായി മൂന്നു ലോകത്തെയും ഉപദ്രവിച്ചു. ദേവലോകത്തില്‍ ചെന്ന് ഇന്ദ്രനെ തോല്‍പിച്ചു. കാമരൂപേശ്വരന്‍ എന്നൊരു ശിവഭക്തനെ പിടിച്ചു പാതാളലോകത്തില്‍ തടവിലാക്കി. ഋഷിമാരെയും സാധുക്കളെയുമെല്ലാം വളരെ ദ്രോഹിച്ചു. ഭീമാസുരന്റെ ദുഷ്‌ചെയ്തികള്‍ സഹിക്കവയ്യാതെ ദേവതകള്‍ ശിവനെ സമീപിച്ചു പ്രാര്‍ഥിച്ചു. ശിവന്‍ ദേവതകള്‍ക്കു ഭീമാസുരനില്‍നിന്നും താന്‍ രക്ഷിക്കാമെന്ന വാക്കുകൊടുത്തു. ഇതിനിടയില്‍ ഭീമാസുരന്‍ കാമരൂപേശ്വരനോടു ശിവപൂജ നിര്‍ത്തി തന്നെ പൂജിക്കാന്‍ കല്‍പിച്ചു. അതിനു വിസമ്മതിച്ചപ്പോള്‍ വാളുയര്‍ത്തി കാമരൂപേശ്വരന്‍ പൂജിച്ച ശിവലിംഗത്തെ വെട്ടാനൊരുങ്ങി.
ആ സമയത്തു ശിവന്‍ പ്രത്യക്ഷപ്പെട്ടു. ശിവനും ഭീമാസുരനും തമ്മില്‍ ഘോരമായ യുദ്ധം തുടങ്ങി. യുദ്ധം നീണ്ടുപോയപ്പോള്‍ നാരദര്‍ പ്രത്യക്ഷപ്പെട്ട് അസുരനെ പെട്ടെന്നു കൊല്ലാന്‍ ശിവനോട് അപേക്ഷിച്ചു. ശിവന്‍ താമസംകൂടാതെ അസുരന്റെ കഥ കഴിച്ചു. അസുരന്റെ ശല്യം തീര്‍ന്നപ്പോള്‍ ഋഷിമാര്‍ക്കും ദേവകള്‍ക്കുമെല്ലാം അതിയായ സന്തോഷമായി. അവര്‍ ശിവനോട് തങ്ങളെ അനുഗ്രഹിക്കാന്‍ അവതരിച്ച ആ ഭാവത്തില്‍ അവിടെ വാണരുളാന്‍ അപേക്ഷിച്ചു. ശിവന്‍ ആ പ്രാര്‍ഥനയ്ക്കനുസരിച്ച് ഭീമശങ്കരനായി അവിടെ ജ്യോതിര്‍ലിംഗരൂപത്തില്‍ നിലകൊണ്ടു.
ഖേദ്പൂനയ്ക്ക് 50 കിലോമീറ്റര്‍ വടക്ക് ശിവാജിനഗറില്‍നിന്ന് 127 കിലോമീറ്റര്‍ അകലെ സഹ്യാദ്രിനിരകളിലാണു ഭീമശങ്കരമെന്ന തീര്‍ഥാടനകേന്ദ്രം നിലകൊള്ളുന്നത്. ഭീമ നദിയുടെ ഉദ്ഭവസ്ഥാനംകൂടിയാണത്. തെക്കുകിഴക്കായി ഒഴുകി ഭീമാനദി റായ്ച്ചൂരില്‍ കൃഷ്ണ നദിയുമായി ഒന്നിക്കുന്നു.
നഗരത്തിന്റെ കോലാഹലങ്ങളില്‍നിന്നെല്ലാം അകന്നുമാറി വെള്ളമേഘങ്ങള്‍ ചുംബിച്ചുകൊണ്ടു നിലകൊള്ളുന്ന ഭീമശങ്കരം എന്ന തീര്‍ഥസ്ഥാനം നിശ്ചയമായും തീര്‍ഥാടകര്‍ക്ക് ആനന്ദം പകരുന്ന കേന്ദ്രമാണ്. ചുറ്റുപാടുമുള്ള കൊടുങ്കാട് വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങളുടെ കേന്ദ്രം കൂടിയാണ്. വിവിധാകൃതികളിലുള്ള ഉയര്‍ന്ന മലകളും ഭീമാനദിയിലെ ജലവുമെല്ലാംകൂടി ചേരുമ്പോള്‍ ഭീമശങ്കരം അത്യന്തം മനോഹരമായ ഭൂപ്രദേശമാണ്.
ഘനഗംഭീരമായ ശാന്തതയെ ഭഞ്ജിക്കാന്‍ കിളിനാദങ്ങളും കാറ്റും മാത്രമേയുള്ളൂ. ദേവന്‍ സദാ ഒരു മൗനമായ ജാഗ്രത ഇവിടെ സൂക്ഷിക്കുന്നുവെന്നു തോന്നും.  

ക്ഷേത്രം
ഒരു സ്വയംഭൂ ലിംഗത്തിനു മുകളിലായിരുന്നു പഴയ മന്ദിരം കെട്ടിയിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. ഗര്‍ഭഗൃഹത്തിന്റെ ഒത്ത നടുക്കായിട്ടാണു ലിംഗമുള്ളതെന്നു കാണാം. റോമന്‍ രീതിയിലുള്ള ഒരു മണി ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു നാനാസാേേഹബ് പേഷ്വയുടെ അമ്മാവനും ബാജിറാവു പേഷ്വയുടെ സഹോദരനുമായ ഛിമാജിയപ്പ സമര്‍പ്പിച്ചതാണ്.
ബൗദ്ധശൈലിയില്‍ കൊത്തിയ അംബ, അംബിക, ഭൂതലിംഗം, ഭീമശങ്കരം എന്നിവയു ഇവിടെ കാണാം.
ആകര്‍ഷകമായ സ്ഥലങ്ങള്‍: ഹനുമാന്‍ തടാകം, ഗുപ്തഭീമാശങ്കരം, ഭീമനദിയുടെ ഉദ്ഭവസ്ഥാനം, നാഗഫണി, സാക്ഷിവിനായക, 130.78 കിലോമീറ്റര്‍ വിസ്തൃതിയുള്ള വന്യജീവിസംരക്ഷണകേന്ദ്രം, മലബാര്‍ ജയന്റ് സ്‌ക്വിറല്‍ ഉള്‍പ്പെടെയുള്ള ജീവികള്‍, അപൂര്‍വ സസ്യ ഇനങ്ങള്‍.

അടുത്തുള്ള ക്ഷേത്രങ്ങള്‍
കല്‍മാജി- മരങ്ങള്‍ക്കായുള്ള ഗോത്രദേവത
മോക്ഷകുണ്ഡതീര്‍ഥം- വിശ്വാമിത്ര മഹര്‍ഷിയുമായി ബന്ധപ്പെട്ട ചരിത്രമുള്ള ഈ ക്ഷേത്രം ഭീമാശങ്കരത്തിനു പിന്നിലായി നിലകൊള്ളുന്നു.
.

Back to Top