Sanathanam

''മഹാഭാരതം'' ബാബാ രാംദേവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മഹാഭാരതം ധര്‍മ്മരക്ഷാസംഗമം കോഴിക്കോട് കടപ്പുറത്ത് ഏപ്രില്‍ ആറിന് വൈകീട്ട് അഞ്ചിന് യോഗ ഗുരു ബാബാ രാംദേവ്  ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ നദികളില്‍ നിന്നും ശേഖരിച്ച ജലം കുംഭത്തിലാക്കി പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ജനലക്ഷങ്ങളെ അനുഗ്രഹിച്ച് പ്രോക്ഷണം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖപ്രഭാഷണത്തില്‍ മഹാഭാരതം എന്ത് എന്തിന് എന്നു വിശദീകരിക്കും. കാഞ്ചി കാമകോടി പീഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാഗതസംഘം ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഒളിംപ്യന്‍ പി.ടി. ഉഷ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരും പ്രസംഗിക്കും. കേരളത്തിലെ എല്ലാ സന്ന്യാസാശ്രമങ്ങളിലെ ആചാര്യന്മാരും  ഹൈന്ദവ സാംസ്‌കാരിക നേതാക്കന്മാരും അറുപതോളം സാമുദായിക സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.
കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംഗമപ്രമേയം അവതരിപ്പിക്കും. തിരുവനന്തപുരം കളരിയില്‍ ധാര്‍മികം ആചാര്യന്‍ സ്വാമി ധര്‍മ്മാനന്ദ ഹനുമദ്ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  ചിന്മയ മിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ സന്നാസിവര്യന്മാരെ പരിചയപ്പെടുത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആദ്ധ്യാത്മിക ആചാര്യന്മാരെയും സാമുദായിക സംഘടനാ നേതാക്കളെയും പരിചയപ്പെടുത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍ നന്ദിയും പറയും.
ഏപ്രില്‍ ആറിനു പുലര്‍ച്ചെ ഡോ. കാരുമാത്ര വിജയന്‍ തന്ത്രി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹവനത്തോടെയാണ് കടപ്പുറത്ത് മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിനു തുടക്കമാവുക. രാവിലെ 6.30 മുതല്‍ 8.30 വരെ പുതിയാപ്പ ഭജന്‍സ്, ഭജന അവതരിപ്പിക്കും. 8.30ന് ഇടുക്കി കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്കുശേഷം മൂന്ന് മുതല്‍ 3.30 വരെ ഭജന്‍ ആലാപനം നടക്കും. 3.30 മുതല്‍ നാലു മണി വരെ ഭാരതീയ വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ അരങ്ങേറും. നാലു മണി മുതല്‍ 4.30 വരെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 4.30 മുതല്‍ 4.45 വരെ മഹാഭാരതത്തെ അടിസ്ഥാനമാക്കി കനകദാസ് പേരാമ്പ്ര സംവിധാനം നിര്‍വഹിച്ച ദൃശ്യാവിഷ്‌കാരം അരങ്ങേറും. 4.30ന് ബീച്ച് റോഡിലും  സംഗമനഗരിക്കരികിലും താലപ്പൊലിയൊരുങ്ങും. 4.50ന് കടല്‍ത്തീരത്ത് സന്ന്യാസിവര്യന്മാരും ഹൈന്ദവ സാംസ്‌കാരിക സാമുദായിക നേതാക്കന്മാരും അണിനിരക്കുന്ന സമുദ്രവന്ദനം നടക്കും. തീരക്കടലില്‍ ബോട്ടുകളിലെത്തുന്നവരും സമുദ്രവന്ദനത്തില്‍ പങ്കെടുക്കും. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തിലേറെപ്പേര്‍ ധര്‍മ്മരക്ഷാസംഗമത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ധര്‍മ്മരക്ഷാ സംഗമത്തിന്റെ ഭാഗമായി റണ്‍ ഫോര്‍ ദ നാഷണ്‍ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ഇന്ന് നടക്കും. വൈകീട്ട് നാലിന് ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം മുതലക്കുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ദേശരക്ഷാ സംഗമത്തില്‍ സംബോധ് ഫൗണ്ടേഷന്‍ കേരള ഘടകം ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍, കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ചിന്മയമിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ, ആദ്ധ്യാത്മികാചാര്യന്‍ എ.കെ.ബി. നായര്‍, എം. ബിജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.

Back to Top