Sanathanam

ആവിഷ്‌കാരസ്വാതന്ത്ര്യം ഏകപക്ഷീയം; പ്രതികരിക്കുന്നവരെ പേടി: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ധര്‍മം ലോകത്തിനു ഭാരതം നല്‍കിയ മഹത്തായ സംഭാവനയാണെന്നും ധര്‍മം സംരക്ഷിക്കേണ്ടതു മതപരമോ മറ്റെന്തെങ്കിലും തരത്തിലോ ഉള്ള വേര്‍തിരിവുകള്‍ക്കപ്പുറം ഓരോ ഭാരതീയന്റെയും ചുമതലയാണെന്നും സ്വാമി ചിദാനന്ദ പുരി. അക്രമത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നവരെ മാത്രമേ ഭയമുള്ളൂ എന്ന സ്ഥിതി നല്‍കുന്ന സന്ദേശം സംഘടിച്ചാലേ രക്ഷയുള്ളൂ എന്നാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം ഏകപക്ഷീയമാണെന്ന വസ്തുത സമൂഹത്തെ ബോധിപ്പിക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്. ഏപ്രില്‍ ആറിനു കോഴിക്കോട്ടു നടക്കുന്ന 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സ്വാമി ചിദാനന്ദ പുരി.
ധര്‍മബോധത്തെ ഉള്‍ക്കൊണ്ടാണു ഭാരതീയര്‍ എന്നും കഴിഞ്ഞിട്ടുള്ളത്. മറ്റു രാഷ്ട്രങ്ങളിലെ ക്രിസ്ത്യാനികളില്‍നിന്നും മുസ്‌ലിംകളില്‍നിന്നും വ്യത്യസ്തരാണു ഭാരതത്തിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളും. ഭാരതീയധര്‍മം ഇവിടെയുള്ള എല്ലാവരും പിന്തുടരുന്നുണ്ടെന്നതിനുള്ള തെളിവാണിത്.
അടുത്ത കാലത്താണു ധര്‍മബോധത്തില്‍നിന്നു വ്യതിചലനമുണ്ടായത്. ധര്‍മത്തിനെതിരായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നുവെന്നതു നിര്‍ഭാഗ്യകരമാണ്.
അടുത്തിടെയുണ്ടായ ചില സംഭവങ്ങളും നിരാശ പടര്‍ത്തുന്നതാണ്. നവതി പിന്നിട്ട ശാന്തനായ സന്ന്യാസി പേജാവര്‍ മഠാധിപതിയെ ഭീകരവാദിയെന്നു മുദ്രകുത്തി. ഇതിനെ എതിര്‍ക്കാന്‍ പക്ഷേ, ആരും മുന്നോട്ടുവന്നില്ല. ഒരു മതനേതാവിനെയായിരുന്നു ഇങ്ങനെ ആക്ഷേപിച്ചിരുന്നതെങ്കില്‍ എ്ന്താകുമായിരുന്നു സ്ഥിതി?
കഴിഞ്ഞ കര്‍ക്കടകത്തില്‍ ശ്രീരാമനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പത്രസ്ഥാനപത്തില്‍നിന്നു ലഭിച്ചവര്‍ക്കെല്ലാം മറുപടി അത് ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്നായിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ ലേഖകരുമായി ബന്ധപ്പെടാമെന്നും മറുപടി നല്‍കി. എന്നാല്‍ ഈയടുത്തു മുഹമ്മദ് നബിയെ സംബന്ധിച്ച് ഒരു കുറിപ്പു വന്നപ്പോള്‍ വമ്പിച്ച കോലാഹലമുണ്ടായി. ശ്രീരാമനെതിരെ ലേഖനങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോഴും ഒരാളും പത്രമാപ്പീസിനെയോ പത്രജീവനക്കാരെയോ ലക്ഷ്യംവെച്ചു പ്രതികരണങ്ങളുണ്ടായില്ല. പക്ഷേ, നബിയെ മോശമാക്കിക്കാണിച്ചുള്ള കുറിപ്പിനെതിരെ പ്രതികരണം ശക്തമായപ്പോള്‍ പത്രം മാപ്പു പറയാന്‍ തയ്യാറായി. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു സമരക്കാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഒരു വിഭാഗത്തിനെതിരെ എന്തും പറയാം, മറ്റൊരു വിഭാഗത്തിനെതിരെയാകുമ്പോള്‍ പ്രതികരണം വരുന്നതുകൊണ്ടു ഭയമാണെന്ന സ്ഥിതി സമൂഹത്തിനു നല്‍കുന്ന സന്ദേശം ഒറ്റക്കെട്ടായി പ്രതിഷേധിച്ചാല്‍ മാത്രമേ ഇനിയുള്ള കാലത്തു മുന്നോട്ടുപോകാന്‍ കഴിയൂ എന്നണ്. ആവിഷ്‌കാരസ്വാതന്ത്ര്യം ഏകപക്ഷീയമാണെന്നു തിരിച്ചറിയേണ്ടതുണ്ടെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി. ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭാരതീയതയെ ഉയര്‍ത്തിക്കാട്ടുകയാണ് 'മഹാഭാരത'ത്തിന്റെ ലക്ഷ്യം. സുശക്തമായ ഭാരതത്തിനായി കൈകോര്‍ക്കുക, ഹൈന്ദവ ആചാര്യന്മാര്‍ക്കും ഹൈന്ദവ പ്രതീകങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും അവഹേനങ്ങളെയും പ്രതിരോധിക്കുക എന്നിവയും 'മഹാഭാരതം' കൊണ്ടു ലക്ഷ്യംവയ്ക്കുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗ്, മാതാ അമൃതാനന്ദമയിമഠം, ചിന്മയ മിഷന്‍, ശ്രീരാമകൃഷ്ണമിഷന്‍, ശ്രീ ശാരദാമഠം, ദയാനന്ദാശ്രമം, രാമാനന്ദാശ്രമം, ബ്രഹ്മകുമാരീസ്, കൊളത്തൂര്‍ അദ്വൈതാശ്രമം തുടങ്ങിയ സന്ന്യാസാശ്രമങ്ങളും മഠങ്ങളും ആദ്ധ്യാത്മിക ആചാര്യന്മാരും സാംസ്‌കാരിക-സാമുദായിക സംഘടനകളും സഹകരിച്ചാണ് സംഗമം യാഥാര്‍ത്ഥ്യമാക്കുന്നത്.
ഏപ്രില്‍ ആറിന് രാവിലെ കോഴിക്കോട് കടപ്പുറത്ത് ഗണപതിഹവനത്തോടെയാണ് മഹാഭാരതത്തിനു തുടക്കമാവുക. തുടര്‍ന്നു ഭജന്‍ ആലാപനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് അഞ്ചിന് സന്ന്യാസിവര്യന്മാരുടെ സമുദ്രവന്ദനത്തോടെ പൊതുസമ്മേളനം ആരംഭിക്കും. കടലില്‍ ബോട്ടുകളിലെത്തി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മഹാഭാരതത്തിന് ആശംസ നേരും. ബീച്ച് റോഡരികില്‍ സ്ത്രീകളുടെ താലപ്പൊലി ഉണ്ടായിരിക്കും. പ്രമുഖ വാദ്യസംഘങ്ങള്‍ വാദ്യമൊരുക്കും. ആദ്ധ്യാത്മിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ പ്രശസ്തിയുള്ള പ്രമുഖര്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തിലേറെ പേര്‍ മഹാഭാരതത്തില്‍ പങ്കുചേരാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ജില്ലയിലും ജില്ലാ കമ്മറ്റികളും പ്രാദേശികസമിതികളും രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കാസര്‍കോട് മുതല്‍ പാലക്കാട് വരെ ജനങ്ങള്‍ക്കിടയില്‍ മഹാഭാരതത്തെക്കുറിച്ചു വിശദീകരിക്കാന്‍ രഥയാത്ര സംഘടിപ്പിക്കും. അലങ്കരിച്ച രഥത്തിന് ഓരോ ജില്ലയിലെയും പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സ്വീകരണകേന്ദ്രങ്ങളില്‍ 'മഹാഭാരതം' എന്തെന്നു വിശദീകരിക്കാന്‍ പൊതുയോഗങ്ങളും ഉണ്ടായിരിക്കും. മാര്‍ച്ച് 31ന് കോഴിക്കോട്ട് കൂട്ടയോട്ടം നടക്കും. വൈകീട്ട് നാലിന് ശ്രീകണ്‌ഠേശ്വരക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മുതലക്കുളത്താണു സമാപിക്കുക. ബൈക്ക് റാലികള്‍, ഭജന്‍സന്ധ്യകള്‍, ക്ഷേത്രങ്ങളില്‍ സംത്സംഗങ്ങള്‍, സെമിനാറുകള്‍ എന്നിവയും ധര്‍മ്മരക്ഷാസംഗമത്തന് മുന്നോടിയായി നടക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍, കണ്‍വീനര്‍മാരായ അഡ്വ. വി.പി. ശ്രീപത്മനാഭന്‍, ബിജിത്ത് മാവിലാടത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.

Back to Top