Sanathanam

മഹാഭാരതം: 31നു കോഴിക്കോട്ട് കൂട്ടയോട്ടം

കോഴിക്കോട്: ഏപ്രില്‍ ആറിനു കോഴിക്കോട്ട് നടക്കുന്ന മഹാഭാരതം ധര്‍മരക്ഷാസംഗമത്തിന്റെ പ്രചരണാര്‍ഥം മാര്‍ച്ച് 31നു വൈകിട്ട് നാലിനു കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. മഹാഭാരതം സംഘാടകസമിതി വിവിധ സംഘടനകളുമായി സഹകരിച്ചാണു കൂട്ടയോട്ടം നടത്തുന്നത്. ശ്രീകണ്‌ഠേശ്വരക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഓട്ടം മുതലക്കുളത്തു സമാപിക്കും. തുടര്‍ന്നു വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിക്കും.
'മഹാഭാരത'സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രചരണപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഭജനകള്‍, സത്സംഗങ്ങള്‍, പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ഉപന്യാസമല്‍സരം, ചിത്രരചനാമല്‍സരം, ബൈക്ക് റാലികള്‍, കൂട്ടയോട്ടം എന്നിവ നടക്കും. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പലയിടങ്ങളിലായാണ് ഇത്തരം പരിപാടികള്‍ നടക്കുക.
'മഹാഭാരതം' വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനായി ജില്ലാതല കമ്മിറ്റികളും പ്രാദേശികസമിതികളും രൂപീകരിച്ചുവരികയാണ്. ഇത്തരം സമിതികളായിരിക്കും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഭാരതീയതയെ പുല്‍കാന്‍ വെമ്പുന്ന കാലഘട്ടത്തില്‍ ഭാരതീയബിംബങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണു 'മഹാഭാരത'ത്തിന്റെ പ്രധാന ലക്ഷ്യം. കരുത്തുറ്റ ഭാരതസൃഷ്ടിക്കായി കൈകോര്‍ക്കുകയെന്ന സന്ദേശവും 'മഹാഭാരതം' പകരും. അടുത്തിടെ ആചാര്യന്‍മാര്‍ക്കു നേരെയും ഹൈന്ദവപ്രതീകങ്ങള്‍ക്കു നേരെയും നടക്കുന്ന സംഘടിത ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള വേദി കൂടിയായിരിക്കും ഏപ്രില്‍ ആറിനു കോഴിക്കോട്ട് ഒരുങ്ങുക.
പ്രമുഖ ആധ്യാത്മിക ആചാര്യന്‍മാരും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും 'മഹാഭാരത'വേദിയിലെത്തും. വൈകിട്ട് നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി രാവില ഗണപതിഹവനവും പിന്നീട് ഭജന, സമുദ്രവന്ദനം, താലപ്പൊലി, വാദ്യമേളം തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് ഏതാനും ദിവസത്തിനകം അന്തിമരൂപമാകുമെന്നു പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. വിവിധ ജില്ലകളില്‍നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ സംഗമത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
.

Back to Top