Sanathanam

ജപമന്ത്രങ്ങളുണര്‍ത്തുന്ന ശിവരാത്രി

സ്വന്തം ലേഖകന്‍
ഓം നമഃശിവായ ധ്യാനമായിത്തീരുന്ന ദിനം. ഇന്നു ഭാരതമുണരുക ശിവപഞ്ചാക്ഷരീമന്ത്രത്തിലേക്ക്. അങ്ങു വടക്ക്, സത്യശിവസൗന്ദര്യങ്ങളുടെ ഭദ്രപീഠമായ ശിവശൈലം മുതല്‍ ഇങ്ങു തെക്ക് വടക്കുന്നാഥനായി, സര്‍വം നടത്തുംനാഥനമരുന്ന ദേവാലയങ്ങളില്‍ വരെ തിരുനടയിലും മനസ്സിലും ഭക്തര്‍ ഇന്ദുകലാധരനെ ഭജിക്കുക മാത്രം ചെയ്യുന്ന 24 മണിക്കൂറുകള്‍. ഊണിനും ഉറക്കിനും പകരം, ഒരുമിച്ചുകൂടി ജപവും ധ്യാനവുമായി കഴിയുന്ന വിശുദ്ധനാള്‍.
മനുഷ്യന് ഉണ്ടായിക്കൂടാത്ത അമിതമോഹങ്ങളെയും അസൂയയെയും മായയെയും ഒക്കെ പ്രതിനിധാനം ചെയ്യുന്ന നിറമാണു കറുപ്പ്. മാനമാകെ കറുത്തിരിക്കുന്ന അമാവാസിക്കു തൊട്ടുമുന്നിലുള്ള രാത്രിയാണു ശിവരാത്രി. ഈ ദിവസം രാത്രിയില്‍ ജ്യോതിര്‍ലിംഗമായി ശിവന്‍ പ്രത്യക്ഷപ്പെട്ടുവെന്നാണു വിശ്വാസം; അന്ധകാരമകറ്റി വെളിച്ചത്തിന്റെയും അജ്ഞാനമകറ്റി ജ്ഞാനത്തിന്റെയും പ്രഭ ലോകത്തിനുമേല്‍ വര്‍ഷിച്ചുകൊണ്ട്.
കുംഭത്തിലെ (ഫാല്‍ഗുനമാസം) കൃഷ്ണപക്ഷചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി ആചരിക്കുന്നത്. ദുരഹങ്കാരപ്രേരിതരായി പരസ്പരം യുദ്ധംചെയ്ത ബ്രഹ്മാവിനും വിഷ്ണുവിനും മുന്നില്‍ അദ്ഭുതകരമായ ജ്യോതിസ്സ്വരൂപമായി പരമശിവന്‍ പ്രത്യക്ഷപ്പെട്ട ദിവസമാണ് ഇതെന്നാണു ശിവരാത്രിയെ സംബന്ധിക്കുന്ന ഒരു ഐതിഹ്യം.
അമൃതിനായി ദേവാസുരന്മാര്‍ ഒത്തുചേര്‍ന്നു പാലാഴി കടഞ്ഞു. സര്‍വലോകത്തെയും നശിപ്പിക്കാന്‍തക്ക വീര്യമുള്ള കാളകൂടവിഷം കടയലിന്റെ ഒരു ഘട്ടത്തില്‍ ലഭിച്ചു. പ്രപഞ്ചത്തെ നാശത്തില്‍ന്നു രക്ഷിക്കുന്നതിന് പരമശിവന്‍ അതിനെ പാനം ചെയ്തു. ഇങ്ങനെ ഭഗവാന്‍ സ്വയം വിഷപാനം ചെയ്തു ലോകത്തെ കാത്ത ദിനമാണു ശിവരാത്രി എന്നതാണു പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം.
ശിവന്റെ ലോകാനുഗ്രഹത്തെ സ്മരിച്ചുകൊണ്ട്‌ ഭക്തര്‍ ഈ ദിവസം ഉപവാസവും ജാഗരണവും അനുഷ്ഠിച്ചു ശിവാനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. ശിവലിംഗത്തില്‍ ഓരോ യാമം തോറും അഭിഷേകവും ബില്വപത്രങ്ങളെ ഉപയോഗിച്ച് പൂജയും നിര്‍വഹിക്കപ്പെടുന്നു. ബ്രഹ്മസങ്കല്‍പവുമായി ബന്ധപ്പെട്ടുള്ള തുംഗജടാധാരീശ്വരനായ പരമശിവനോടു പ്രാര്‍ഥിച്ചാല്‍ കലികാലദോഷമില്ലാതാകുമെന്നാണ്. ഉള്ളിലെ കലികാലത്തെ നീക്കാന്‍ കണ്ണില്‍ പ്രഭയായി വിടരണമേയെന്നാണു ഭക്തര്‍ കൂപ്പുകൈകളുമായി വല്‍ക്കലധാരിയോടു പ്രാര്‍ഥിക്കുന്നത്. പുനര്‍ജന്മച്ചങ്ങലയ്ക്കു പര്യവസാനം തേടുന്നവര്‍ക്കു മുന്നില്‍ ആനന്ദാമൃതഗംഗയൊഴുക്കുന്ന ഗംഗാധരനാണു ശിവശക്തി. 
ആദ്ധാത്മികസാധകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണിത്. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതിലൂടെ സര്‍വദുരിതശാന്തിയും മുക്തിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെട്ടുവരുന്നു. ശിവന്‍ ജ്ഞാനവൈരാഗ്യങ്ങളുടെ മൂര്‍ത്തിയായതിനാല്‍ ശിവരാത്രിദിനം ദീക്ഷാദാനങ്ങള്‍ക്കു വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
.

Back to Top