Sanathanam

ശിവരാത്രി ആഘോഷത്തില്‍ ഇത്തവണ ''മഹാഭാരത''വും

കോഴിക്കോട്: ശിവരാത്രി ആഘോഷത്തില്‍ ഇത്തവണ 'മഹാഭാരത'വും വിഷയമാകുന്നു. കോഴിക്കോട് ജില്ലയിലും മലബാറിലെ മറ്റു പല ഭാഗങ്ങളിലുമുള്ള ക്ഷേതങ്ങള്‍ പലതിലും 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തിന്റെ പ്രചരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ക്ഷേത്രക്കമ്മിറ്റികളും 'മഹാഭാരതം' പ്രാദേശിക കമ്മിറ്റികളും ചേര്‍ന്നാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശിവരാത്രി നാളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും 'മഹാഭാരത'ത്തിനു പരമാവധി പിന്തുണ നേടിയെടുക്കുന്നതിനുമുള്ള ശ്രമങ്ങളാണു നടക്കുന്നത്. കൂറ്റന്‍ ബാനറുകള്‍ പല ക്ഷേത്രങ്ങളുടെയും സമീപത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലഘു നോട്ടീസുകള്‍ വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കി്. പലയിടത്തും പത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചു നോട്ടീസ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. പലയിടത്തും ഈ ദിവസങ്ങളില്‍ 'മഹാഭാരത'ത്തെക്കുറിച്ചു വിശദീകരിക്കാനുള്ള പ്രാദേശിക യോഗങ്ങള്‍ നടന്നുവരികയാണ്. ക്ഷേത്രക്കമ്മിറ്റികള്‍ ഇത്തരം യോഗങ്ങളുമായി സഹകരിക്കുന്നുണ്ട്.
'മഹാഭാരത'ത്തിന്റെ  സ്വാഗതസംഘം പൂര്‍ണ അര്‍ഥത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും താഴെത്തട്ടില്‍ പ്രചരണം സജീവമായിക്കഴിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളില്‍ യുവാക്കളും മറ്റു അഭ്യുദയകാംക്ഷികളും പ്രചരണരംഗത്തുണ്ട്. ഇതില്‍ പലരും സ്വമേധയാ മുന്നോട്ടുവന്നവരാണ്.
'മഹാഭാരതം' ധര്‍മരക്ഷാസംഗമം ഏപ്രില്‍ ആറിനു കോഴിക്കോട് കടപ്പുറത്തു നടക്കുമെന്നറിയിക്കുന്ന പോസ്റ്ററുകളും ബാനറുകളുമാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. 'മഹാഭാരതം' എന്ത്, എന്തിന് എന്നു വിശദമാക്കുന്ന നോട്ടീസും സ്വാഗതസംഘം പുറത്തിറക്കിയിട്ടുണ്ട്. പാശ്ചാത്യര്‍ ഉള്‍പ്പെടെ ബാഹ്യലോകം ഭാരതത്തെ ലോകഗുരുവായിക്കണ്ട് ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഒരു രാജ്യത്തിനകത്തുനിന്ന് ഒരു ചെറുന്യൂനപക്ഷം ഭാരതീയതയെ അവഹേളിക്കുന്ന ദുരവസ്ഥ നിലനില്‍ക്കുന്നതിനാലാണ് ധര്‍മരക്ഷാസംഗമം സംഘടിപ്പിക്കുന്നതെന്നു നോട്ടീസില്‍ വ്യക്തമാക്കുന്നു. ഭാരതീയതയെ ഇനിയുമുയര്‍ത്തിക്കാട്ടുകയാണു സംഗമത്തിന്റെ ലക്ഷ്യമെന്നു വിശദീകരിക്കുന്നുമുണ്ട്.
ഹൈന്ദവസമൂഹം ഏറെക്കുറെ ഒറ്റക്കെട്ടായി സംഘടിപ്പിക്കുന്ന 'മഹാഭാരതം' ചരിത്രസംഭവമാക്കിത്തീര്‍ക്കാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ ജനകീയമായി നടക്കുന്നത്. കടപ്പുറത്തു ഗണപതിഹവനം, ഭജനാലാപനം, സമുദ്രവന്ദനം, താലപ്പൊലി തുടങ്ങിയ സവിശേഷമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആചാര്യന്മാരും ആധ്യാത്മികരംഗത്തെ പ്രമുഖരും സമാന ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകളും സംഘാടകസ്ഥാനത്തുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തിന്റെ ലോഗോ പ്രകാശനം നടന്നു. ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള യോഗം നടത്തുന്നുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണു പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക. ഇതില്‍ പാലക്കാട്ടെ യോഗം ചേര്‍ന്നുകഴിഞ്ഞു. മാര്‍ച്ച് ആറിനു കണ്ണൂരില്‍ ജില്ലാതലയോഗം നടക്കും.
.

Back to Top