Sanathanam

യുവത്വമേ ഉണരുക, ''മഹാഭാരതം'' ഒരുങ്ങുന്നു!

കോഴിക്കോട്: ഭാരതാംബയുടെ തൃപ്പതാക നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ യുവതയ്ക്ക് ഊര്‍ജം പകരാനായി സംഘടിപ്പിക്കുന്ന 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തിന്റെ പ്രചരണത്തിനു തുടക്കമാവുന്നു. ആത്മീയവിശുദ്ധിയുടെയും സഹനസമരത്തിന്റെയും മാനവികതയെ പിഴുതെറിഞ്ഞ വൈദേശിക അധിനിവേശത്തിന്റെയും ചരിത്രത്താളുകള്‍ ചേര്‍ത്തുവെച്ചുള്ള പ്രചരണച്ചരട് വര്‍ത്തമാനലോകത്തിലെ ദുരവസ്ഥ തുറന്നുകാട്ടിയും വിശ്വപൗരസൃഷ്ടിക്കായുള്ള ഭാരതീയമാതൃക ഉയര്‍ത്തിക്കാട്ടിയും ജനമനസ്സുകളിലേക്കുള്ള വഴിതേടും. ആദ്യഘട്ടമായി ലോഗോ പ്രകാശനം ഇന്നു നടക്കും. ചരിത്രസംഭവമാക്കിത്തീര്‍ക്കാന്‍ ഒരുങ്ങുന്ന 'മഹാഭാരത'ത്തിനു വന്‍ പ്രചരണപദ്ധതിയാണു പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഘട്ടംഘട്ടമായുള്ള പ്രചരണപദ്ധതിയാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പത്ര, ദൃശ്യമാധ്യങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളും പ്രചരണത്തിനായി ഉപയോഗപ്പെടുത്തും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ജില്ലാതല, പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചരണം സംഘടിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. സ്വാഗതസംഘത്തിന്റെ തീരുമാനപ്രകാരം ലോഗോ പ്രകാശനം നാളെ നടക്കും. വൈകിട്ട് അഞ്ചിനു ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശോഭന ഹാളില്‍ മാതൃഭൂമി മാനേജിംങ് എഡിറ്റര്‍ പി.വി.ചന്ദ്രനാണു ലോഗോ പുറത്തിറക്കുക. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. പരമ്പരാഗത ഹൈന്ദവ ബിംബങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി ലോഗോ രൂപപ്പെടുത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഈ രംഗത്തു പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്. ലോഗോ, വീഡിയോ ലോഗോ പ്രകാശനത്തോടെ 'മഹാഭാരത'ത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ ആദ്യചുവടുകള്‍ ഇന്നു ജനങ്ങളിലേക്കെത്തുകയാണ്. വരുംദിവസങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും വീഡിയോകളും തയ്യാറാക്കും. ശിവരാത്രിയോടനുബന്ധിച്ചു പരമാവധി ക്ഷേത്രങ്ങളില്‍ 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തിന്റെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ നടന്നുവരുന്ന പ്രാദേശിക യോഗങ്ങള്‍ മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. സുധീഷ് (ചെയര്‍മാന്‍), രൂപേഷ് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള പബ്ലിസിറ്റി കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
.

Back to Top