Sanathanam

ഇനിയും ഉറക്കം തുടര്‍ന്നാല്‍ ശരശയ്യയില്‍ അന്ത്യം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട: ഹൈന്ദവികതയ്‌ക്കെതിരായ കടന്നാക്രമണങ്ങള്‍ക്കു മുന്നില്‍ സമൂഹം ഇനിയും നിഷ്‌ക്രിയത പാലിച്ചാല്‍ കബന്ധങ്ങള്‍ക്കും മനുഷ്യമാംസം കടിച്ചുകീറുന്ന കുറുനരികള്‍ക്കുമിടയില്‍ ശരശയ്യയില്‍ കഴിയേണ്ടിവന്ന ഭീഷ്മരുടെ ഗതി വരുമെന്നു സ്വാമി ചിദാനന്ദ പുരി മുന്നറിയിപ്പു നല്‍കി. പ്രതികൂലാവസ്ഥകളെ സ്വയം പ്രതിരോധിക്കാന്‍ സാധിക്കുന്ന ആശയങ്ങള്‍ക്കു മാത്രമേ ശാശ്വതമായി നിലകൊള്ളാന്‍ സാധിക്കൂ. ലോകം പ്രതീക്ഷാനിര്‍ഭരമായി ഭാരതത്തിലേക്കു ദൃഷ്ടി പതിപ്പിക്കുമ്പോള്‍ നാം ഇവിടെ ഇരുട്ടു നിറയ്ക്കുകയാണോ? ഭാരതീയസംസ്‌കൃതിയുടെ നിലനില്‍പ്പിനായി ഒന്നിക്കണമെന്ന് 'മഹാഭാരതം' ധര്‍മരക്ഷാസംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സ്വാമി ചിദാനന്ദ പുരി ആഹ്വാനം ചെയ്തു.
ഭാരതം ഉയര്‍ച്ചയുടെ പാതയില്‍ കുതിക്കുമ്പോള്‍ ഗൂഢലക്ഷ്യത്തോടെ എതിര്‍പ്പുകള്‍ ഉയരുകയാണ്. തന്ത്രപരമായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ട മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഹിഡണ്‍ അജണ്ട പ്രചരിപ്പിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വാര്‍ത്തയാകുന്നില്ല. പകരം, തെറ്റായ പ്രവണതകളും അനാവശ്യ സമരങ്ങളുമാണു മാധ്യമങ്ങളില്‍ നിറയുന്നത്. വിലക്ഷണമായ കാഴ്ചയാണു ചുറ്റും. ലോകം മുഴുവന്‍ ഭാരതത്തിലേക്കു പ്രത്യാശയോടെ കണ്ണയയ്ക്കുമ്പോള്‍ നാം ഈ വിശുദ്ധമണ്ണില്‍ ഇരുട്ടു സൃഷ്ടിക്കരുത്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രത്തില്‍ യുദ്ധാനന്തരം മനുഷ്യരുടെയും മൃഗങ്ങളുടെയും ചേതനയറ്റ ശരീരങ്ങള്‍ക്കിടയില്‍ ശരശയ്യയില്‍ കഴിയാനായിരുന്നു സര്‍വജ്ഞനായ ഭീഷ്മരുടെ ഗതി. രാജസദസ്സില്‍ വസ്ത്രാക്ഷേപത്തിനു സാക്ഷിയാകേണ്ടിവന്നപ്പോള്‍ തന്റെ മുന്നില്‍ മാതൃഭാവം അവഹേളിക്കപ്പെടുന്നതില്‍ മൗനം അവലംബിച്ചതിനു ലഭിച്ച ശിക്ഷയാണിത്. ഇതിഹാസത്തിലെ ഈ ഭാഗം നാം മറന്നുകൂടാ.
ഭാരതമാതാവിനെ തലങ്ങും വിലങ്ങും ആക്രമിക്കുന്നതിനു സജ്ജരായി എത്തുന്നവരുടെ എണ്ണം അനുദിനം പെരുകുമ്പോള്‍ സനാതനധര്‍മ പ്രവര്‍ത്തകര്‍ക്കു മൗനം അവലംബിച്ചു മാറിനില്‍ക്കാന്‍ സാധ്യമല്ല. ഇനിയും ഉറക്കം തുടര്‍ന്നാല്‍ നാശം ഉറപ്പാണ്. പ്രതികൂലങ്ങളുടെ മധ്യത്തില്‍ സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ആശയസംഹിതകള്‍ നശിച്ചേ മതിയാകൂ എന്ന പാശ്ചാത്യ ചിന്തകന്‍ ആര്‍നോള്‍ഡ് ടോയന്‍ബിയുടെ വാക്കുകള്‍ പ്രസക്തമാണ്. സ്വയം പ്രതിരോധം തീര്‍ക്കുക വഴിയാണു ഭാരതത്തില്‍ കാലാകാലങ്ങളായി ഇഴമുറിയാതെ സനാതനധര്‍മം സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരു ഘട്ടത്തില്‍ നാഗാ സന്യാസികള്‍ പോലും ആയോധനകല അഭ്യസിക്കാന്‍ തയ്യാറായ ചരിത്രം നമുക്കുണ്ടെന്നും സ്വാമി ചിദാനന്ദ പുരി കൂട്ടിച്ചേര്‍ത്തു.
എം.ടി.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃകപ്രാണാ മാതാ, ആപ്തലോകാനന്ദ സ്വാമി, വിനിശ്ചലാനന്ദ സ്വാമി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, എ.കെ.ബി.നായര്‍, ഇന്ദിരാ കൃഷ്ണകുമാര്‍, ബാബു സ്വാമി, കുറ്റിയാട്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. പട്ടയില്‍ പ്രഭാകരന്‍ സ്വാഗതവും അഡ്വ. ശ്രീപത്മനാഭന്‍ നന്ദിയും പറഞ്ഞു.
ആയിരത്തൊന്നംഗ സ്വാഗതസംഘത്തിന്റെ ആദ്യഘട്ട രൂപീകരണം യോഗത്തില്‍ നടന്നു. സ്വാമി ചിദാനന്ദ പുരി ചെയര്‍മാനും പട്ടയില്‍ പ്രഭാകരന്‍ ജനറല്‍ കണ്‍വീനറുമാണ്. അഡ്വ.ശ്രീപത്മനാഭന്‍ (ഫോണ്‍: 9846030524), എം.ബിജിത്ത് (ഫോണ്‍: 9633855991), എന്‍.പി.സോമന്‍ (9446547160), രവിശങ്കര്‍ കെ. (ഫോണ്‍: 9745344388), രവി കോവൂര്‍ (ഫോണ്‍: 9961221022), അഡ്വ. ടി.അരുണ്‍ ജോഷി (ഫോണ്‍: 9447385119) എന്നിവര്‍ കണ്‍വീനര്‍മാരാണ്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കും.
.

Back to Top