Sanathanam

''മഹാഭാരതം'' സ്വാഗതസംഘം രൂപീകരണം ഇന്നു കോഴിക്കോട്ട്

കോഴിക്കോട്: ഭാരതീയ ദര്‍ശനത്തെയും ബിംബങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ ഹൈന്ദവാശ്രമങ്ങളും സംഘടനകളും ചേര്‍ന്ന് ഏപ്രില്‍ ആറിനു കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 'മഹാഭാരതം' ധര്‍മരക്ഷാ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഫെബ്രുവരി 25ന്. വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ ചേരുന്ന അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തിലാണ് ആയിരത്തൊന്നംഗ സ്വാഗതസംഘം രൂപീകരിക്കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നുള്ള ആശ്രമങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും.
കോഴിക്കോട് കടപ്പുറത്താണു വ്യത്യസ്തതകളോടെ 'മഹാഭാരതം' സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള സന്ന്യാസിവര്യന്മാരും മഹദ്‌വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ വൈകിട്ട് അഞ്ചു മണിക്ക് ആചാര്യന്‍മാരുടെ സമുദ്രവന്ദനത്തോടെ സമ്മേളനത്തിനു തുടക്കമാവും. തീരത്തോടു ചേര്‍ന്നു നൂറുകണക്കിനു ബോട്ടുകളിലെത്തി മല്‍സ്യമേഖലയിലുള്ളവരും ബീച്ച് റോഡിന്റെ വശങ്ങളില്‍ ദീപങ്ങള്‍ തെളിയിച്ച് അമ്മമാരും 'മഹാഭാരത'ത്തിന് ആശംസ നേരും. ലോകം മുഴുവന്‍ കടംകൊണ്ട ഭാരതീയചിന്തകളുടെ അടിസ്ഥാനത്തില്‍ വര്‍ത്തമാനകാല സാഹചര്യത്തെ സമ്മേളനം യുക്തിഭദ്രമായി വിലയിരുത്തും. ഭാരതത്തെ ലോകഗുരുവാക്കിത്തീര്‍ത്ത ആചാര്യപരമ്പരയിലെ ഇന്നത്തെ കണ്ണികളും പൗരപ്രമുഖരും വേദി അലങ്കരിക്കും. രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ മഹദ്‌വ്യക്തിത്വങ്ങളും വേദി പങ്കിടും. പ്രമുഖ വാദ്യസംഘങ്ങള്‍ മേളമൊരുക്കും.
മാതാ അമൃതാനന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിങ്, ചിന്മയ മിഷന്‍, രാമകൃഷ്ണ മിഷന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം തുടങ്ങിയ പ്രമുഖ സന്ന്യാസാശ്രമങ്ങളുടെ നേതൃത്വത്തിലാണു മഹാസംഗമം സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ സംഗമത്തിന് എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ എം.ടി.വിശ്വനാഥനും ജനറല്‍ കണ്‍വീനര്‍ അഡ്വ. ശ്രീപത്മനാഭനും വ്യക്തമാക്കി.
.

Back to Top