ചരക മഹര്‍ഷി: മനുഷ്യരാശിയുടെ മഹാവൈദ്യന്
February 23 2016
സ്വാമിനി ശിവാനന്ദ പുരി
കേവലം ആധ്യാത്മിക മണ്ഡലത്തില്‍ മാത്രമല്ല ഭാരതം ലോകത്തിനു വഴികാട്ടിയായിട്ടുള്ളത്. വിജ്ഞാനീയത്തിന്റെ എല്ലാ മേഖലകളിലും തന്നെ ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന അറിവുകളുടെ ഉറവിടമായിരുന്നു ഭാരതം. ആ അറിവുകളെയെല്ലാം നമുക്കു നല്കിയ ആചാര്യന്മാരെ നാം ഋഷിമാരായാണു കണ്ട് ആദരിക്കുന്നത്. അക്കൂട്ടത്തില്‍ എക്കാലത്തും വിലമതിക്കത്തക്ക ആരോഗ്യശാസ്ത്രത്തെ മനുഷ്യരാശിക്കു നല്കിയ ചരകമഹര്‍ഷി ഇന്നും ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന ഒരു നാമമാണ്.
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നാണു ചരകമഹര്‍ഷി വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുവിനു മുമ്പ് മുന്നൂറാമാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. കാശ്മീര്‍ ആയിരുന്നു ജന്മദേശമെന്നും പറയപ്പെടുന്നു. ചരകന്‍ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരംവൈദ്യര്ക്കു നല്കുന്ന സ്ഥാനപ്പേരാണെന്നും പക്ഷമുണ്ട്. കുശാന ചക്രവര്‍ത്തിയായ കനിഷ്കന്റെ കൊട്ടാരംവൈദ്യനായിരുന്ന കപിലബലന് ആണ് ചരകസംഹിതയുടെ കര്‍ത്താവായ ചരകന്‍ എന്നാണ് അഭിപ്രായം. സഞ്ചരിക്കുന്ന ഭിഷഗ്വരന് എന്ന അര്‍ഥത്തിലാണു ചരകന്‍ എന്നു സംബോധന ചെയ്യപ്പെട്ടതെന്നും പറയപ്പെടുന്നു.
യോഗസൂത്രകര്ത്താവും പാണിനീയത്തിന്റെ ഭാഷ്യകാരനുമായ പതഞ്ജലിയും ചരകനും ഒരാളാണെന്ന് അര്‍ഥമുള്ള ഒരു ശ്ലോകമുണ്ട്. അതില്‍നിന്ന് ഇവര്‍ രണ്ടു പേരും ഒരാളാണെന്ന അഭിപ്രായവുമുണ്ട്.
ഇന്നു ലഭ്യമായ ആയുര്‍വേദ സംഹിതകളില്‍ ഏറ്റവും പ്രധാനമായവ രണ്ടെണ്ണമാണ്- ചരകസംഹിതയും സുശ്രുതസംഹിതയും. അഗ്നിവേശനെന്ന മഹര്‍ഷി രചിച്ച ആയുര്‍വേദശാസ്ത്രത്തെ ചരകന്‍ പുനഃസംഗ്രഹം ചെയ്തതാണു ചരകസംഹിത. ആരോഗ്യശാസ്ത്രത്തെ സംബന്ധിച്ച സര്വവിജ്ഞാനകോശമായാണു ചരകസംഹിത മാനിക്കപ്പെടുന്നത്. ഇത് അറബി, ലാറ്റിന്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം ഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ചരകന്റെ തത്ത്വങ്ങളുടെയും രോഗനിര്ണയരീതികളുടെയും ചികില്സാവിധാനങ്ങളുടെയുമെല്ലാം ആധികാരികത ഒരു മാറ്റവുമില്ലാതെ നിലനില്ക്കുന്നു.
ഉദാഹരണത്തിന് പ്രഗത്ഭനായ ഒരു ആയുര്‍വേദ ആചാര്യന്റെ വാക്കുകള്‍ ഉദ്ധരിക്കാം: 'മഞ്ഞപ്പിത്തം വന്നാല്‍ കീഴാര്‍നെല്ലി എന്ന ചെടി സമൂലമെടുത്തു കുത്തിപ്പിഴിഞ്ഞു നീരെടുത്തു കഴിച്ചാല്‍ ഭേദമാകും എന്ന് ഏകദേശം രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ചരകസംഹിതയില്‍ പറഞ്ഞു. ഇന്നും അപ്പറഞ്ഞതിനു മാറ്റമില്ല. മഞ്ഞപ്പിത്തത്തിനു സിദ്ധൗഷധമാണു കീഴാര്‍നെല്ലി.' ഇത്രയും ആധികാരികമായ അറിവാണ് ആയുര്‍വേദ ആചാര്യന്മാര് പറഞ്ഞുതന്നിരിക്കുന്നതെങ്കിലും ഇന്ത്യന്‍ മനസ്സിനെ പാശ്ചാത്യവത്ക്കരിക്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള ആധുനികവിദ്യാഭ്യാസം ലഭിച്ചവര്‍ അത്തരം അറിവുകള്‍ കേവലം അന്ധവിശ്വാസങ്ങള്‍ മാത്രമായി തള്ളുന്നുവെന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ട്. നിരന്തരം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നതാണെങ്കിലും ആധുനികശാസ്ത്രത്തിന്റെ വെളിപാടുകള്‍ മാത്രമാണു യുക്തിഭദ്രവും ആധികാരികവുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.
ആയുസ്സിന്റെ വേദമാണ് ആയുര്‍വേദം. ആയുഷ്യങ്ങളും അനായുഷ്യങ്ങളുമായ ജീവിതക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് ആയുര്‍വേദം എന്നു നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആയുസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയിക്കുക, ആയുസ്സിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും ത്യജിക്കേണ്ടതും ഗ്രഹിക്കേണ്ടതും വിവേചിക്കുക, ആ വിവേചനം അനുസരിച്ച് അതതവസ്ഥയില് അനുഷ്ഠിക്കേണ്ടത് വകതിരിച്ചു നിര്‍ദേശിക്കുക എന്നീ മൂന്നു വിഷയങ്ങളാണ് ആയുര്‍വേദം മുഖ്യമായും ചെയ്യുന്നത്.
ആയുര്‍വേദത്തില്‍ രോഗചികിത്സയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വസ്ഥവൃത്തത്തിനാണ്. ആരോഗ്യത്തിന് തക്കവിധം ജീവിതക്രമത്തെ എങ്ങനെ നിയന്ത്രിക്കണം എന്നതാണ് സ്വസ്ഥവൃത്തം. ധര്മ്മാചരണത്തിനുള്ള ഉപകരണമായ ശരീരം രോഗരഹിതമായി നിലനില്‍ക്കണം. അതിന് എന്തെല്ലാം നിയമങ്ങള്‍ പാലിക്കണം, അഹിതമായി ചെയ്യുന്ന പ്രവൃത്തികള്‍ എങ്ങനെ ദേഹത്തില്‍ വ്യത്യയമുണ്ടാക്കിത്തീര്ക്കുകയും രോഗമായി പരിണമിക്കുകയും ചെയ്യും എന്നിവയെല്ലാം ഇതില്‍ വരുന്നു. ത്രിദോഷങ്ങള്‍ സമങ്ങളായിരിക്കത്തക്കവിധം സാഹചര്യത്തെ അനുകൂലമാക്കുകയും സാഹചര്യത്തിനൊത്തവിധം ചര്യയെ ക്രമപ്പെടുത്തുകയും ചെയ്താല്‍ ആരോഗ്യത്തോടെയിരിക്കാം. വിഷമത്തെ ഉണ്ടാക്കിത്തീര്ക്കുന്നവയെ മനസ്സിലാക്കി ഒഴിവാക്കി സ്വസ്ഥചര്യയെ അനുഷ്ഠിക്കാനാണ് ആചാര്യന്മാര് ഉപദേശിക്കുന്നത്. ഇതില്‍ ദിനചര്യ, ഋതുചര്യ, സദാചാരം എന്നിവ ഉള്‍പ്പെടുന്നു.
സ്വസ്ഥവൃത്തത്തെ പാലിക്കാന്‍ എല്ലാവര്ക്കും സാധിച്ചെന്നുവരില്ല. അപ്പോള്‍ രോഗങ്ങള്‍ വരാം. മാത്രവുമല്ല, ജന്മാന്തരദുരിതത്താലും രോഗമുണ്ടാകാം. അങ്ങനെ വരുന്നവയെ എങ്ങനെ നിര്‍ണയിക്കണം, നിര്‍ണയിച്ചാല്‍ എന്തു ചികിത്സാവിധാനം സ്വീകരിക്കണം, അതില്‍ ഏതെല്ലാം ശാസ്ത്രങ്ങളെ അന്തര്ഭവിപ്പിക്കണം തുടങ്ങിയ വിഷയങ്ങളും ആയുര്‍വേദശാസ്ത്രത്തിന്റെ വിഷയങ്ങളായി വരുന്നു. ഇതിനെ ആതുരവൃത്തം എന്നാണ് പറയുന്നത്.
ചരകസംഹിതയില്‍ മനുഷ്യശരീരത്തിന്റെ അതിസൂക്ഷ്മങ്ങളായ വിഷയങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, നാഡീവ്യവസ്ഥ, അവയിലൂടെയുള്ള രക്തപ്രവാഹങ്ങള്‍, അതില്‍ തിഥിഭേദമനുസരിച്ചുള്ള വ്യത്യാസങ്ങള്‍പോലും ചരകന്‍ രേഖപ്പെടുത്തി എന്നു കാണുമ്പോള്‍ അദ്ഭുതപ്പെടാനേ കഴിയൂ. ഒരുവിധത്തിലുള്ള സ്ഥൂലങ്ങളായ ഉപകരണങ്ങളെക്കൊണ്ടുമായിരുന്നില്ല ഇതെല്ലാം സാധിച്ചിരുന്നത്. ഇന്ന് വളരെ ഉയര്‍ന്ന പഠനപദ്ധതികളില്പ്പോലും ആയുര്‍വേദത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ചരകന്‍ തുടങ്ങിയ ആചാര്യന്മാരെ സ്മരിച്ചു പോവുക മാത്രമേയുള്ളൂ. അവര്‍ ഉപദേശിച്ച മഹത്വപൂര്ണ്ണങ്ങളായ ആശയങ്ങളൊന്നും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നുനല്‍കുന്നില്ല. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് വില്യം ഹാര്‍വ്വെ ആണെന്നാണു വിദ്യാലയങ്ങളില്‍ ഇന്നും പഠിപ്പിക്കുന്നത്. എന്നാല്‍, ഹാര്വ്വെയ്ക്കും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ചരകന്‍ തന്റെ സംഹിതയില്‍ രക്തപര്യയനത്തിന്റെ വ്യതിയാനങ്ങള്‍, രക്തപര്യയനം അളക്കാനുള്ള മാര്‍ഗ്ഗം, നാഡീസ്പന്ദനമറിഞ്ഞ് എങ്ങനെ രോഗനിര്‍ണ്ണയം ചെയ്യാം തുടങ്ങിയ വിഷയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളില്‍ ചരകമഹര്‍ഷിയുടെ സേവനം ഒന്നു സൂചിപ്പിക്കുകപോലും ചെയ്യുന്നില്ല. ഭിഷഗ്വരന്മാരെ ഉദ്ദേശിച്ചുള്ള ഹിപ്പോക്രേറ്റസിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പു തന്നെ വൈദ്യന്മാര്ക്കായുള്ള പ്രതിജ്ഞ ചരകന്‍ നല്‍കിയിട്ടുണ്ട്. മുറിവൈദ്യന്മാരെക്കുറിച്ചുള്ള താക്കീതും നല്‍കിയിട്ടുണ്ട്.
ആയുര്വ്വേദസമ്പ്രദായമനുസരിച്ചുള്ള ചികിത്സ ത്രിദോഷങ്ങള്‍, സപ്തധാതുക്കള്‍ എന്നിവയുടെ സ്വഭാവത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അറിവില്‍ അധിഷ്ഠിതമാണ്. ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതെങ്ങനെ, നഷ്ടപ്പെട്ട സന്തുലിതാവസ്ഥ എങ്ങനെ വീണ്ടെടുക്കാം എന്നീ വിഷയങ്ങള്‍ ചികിത്സയില്‍ പരമപ്രധാനമാണ്.
പ്രപഞ്ചം ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ അഞ്ചു തത്ത്വങ്ങളടങ്ങിയതാണെന്ന വൈദികസിദ്ധാന്തത്തെ ആയുര്‍വേദം അംഗീകരിക്കുന്നു. പ്രപഞ്ചത്തിന്റെ ഭാഗമാണ് ശരീരം എന്നതിനാല്‍ അതും പഞ്ചഭൂതാത്മകം തന്നെ. പഞ്ചഭൂതങ്ങള്‍ ദോഷങ്ങളും ധാതുക്കളും മലങ്ങളുമായി പരിണമിച്ചാണ് ശരീരത്തില്‍ നിലകൊള്ളുന്നത്.
വാതം, പിത്തം, കഫം എന്നിവയാണു ദോഷങ്ങള്‍. ഇവ മൂന്നുമാണ് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ശരീരത്തില്‍ നടക്കുന്ന സകല പ്രവര്‍ത്തനങ്ങളെയും അവയെ നിര്‍വഹിക്കുന്ന അവയവങ്ങളെയും അവയുടെ കര്മങ്ങളെയുമെല്ലാം ദോഷങ്ങളെ അടിസ്ഥാനപ്പെടുത്തി വര്ഗീകരിക്കാവുന്നതും വ്യാഖ്യാനിക്കാവുന്നതുമാണ്. പഞ്ചഭൂതാത്മകമായ ശരീരത്തിന്റെ ഭാഗമായതുകൊണ്ട് ദോഷങ്ങളും പഞ്ചഭൂതമയം തന്നെ. ഓരോ ദോഷത്തിലും അവയുടെ ഗുണകര്‍മങ്ങളെ ആശ്രയിച്ചു ചില ഭൂതങ്ങള്‍ അധികമായി മനസ്സിലാക്കപ്പെടുന്നു. വാതത്തില്‍ ആകാശം, വായു എന്നിവയും പിത്തത്തില്‍ അഗ്നി, ജലം, വായു എന്നിവയും കഫത്തില്‍ ജലം, ഭൂമി എന്നിവയും ആധിക്യേന വര്‍ത്തിക്കുന്നു.
ആഹാരമായാലും ഔഷധമായാലും ദോഷങ്ങളില്ക്കൂടിയാണ് ധാതുക്കളിലും മലങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ആയുര്‍വേദം ദോഷങ്ങളിലുള്ള സമവിഷമങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടാണ് ധാതുമലങ്ങളിലും സമവിഷമങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
ധാതുക്കള്‍ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ്. ആഹാരവിഹാരനിഷ്കര്ഷ കൊണ്ടും അഗ്നിദീപ്തികൊണ്ടും ധാതുക്കള്‍ക്ക് ഗുണം തികഞ്ഞിരുന്നാല് ശരീരത്തിന് ഓജസ്സുണ്ടാകും. ശരീരത്തിലെ വിസര്‍ജ്യവസ്തുക്കളാണ് മലങ്ങള്‍. മലം, മൂത്രം, വിയര്‍പ്പ് എന്നിവയെല്ലാം അവയില്‍പ്പെടുന്നു. ആഹാരം ദഹിച്ച് സാരം വേര്തിരിയുമ്പോഴും ഓരോ ധാതുവും പരിണമിച്ച് അടുത്ത ധാതുവായിത്തീരുമ്പോഴും മലം അവശേഷിക്കുന്നു. ശരിയായ ആരോഗ്യത്തിന് വിസര്‍ജ്യങ്ങള്‍ ശരിയായ രീതിയില്‍ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടേണ്ടതുണ്ട്.
ശരീരഘടകങ്ങള്‍ എന്ന നിലയ്ക്ക് നിരന്തരമായി നടക്കുന്ന ദേഹസംബന്ധമായ പ്രക്രിയകളില്‍ ഏര്‍പ്പെടുക നിമിത്തം ദോഷങ്ങള്‍ക്ക് അസന്തുലിതഭാവവും ധാതുക്കള്‍ക്കു ക്ഷയവും ഉണ്ടാകുന്നു. ശരിയായ ആഹാരവിഹാരങ്ങളെക്കൊണ്ട് ഇവയെ ക്രമീകരിക്കാനാവും. ദോഷങ്ങളില്‍ വരുന്ന വൈഷമ്യമാണ് രോഗത്തിനു കാരണമാകുന്നത്. ദോഷങ്ങളില്‍ അസന്തുലിതഭാവം വരുമ്പോള്‍ അത് ധാതുമലങ്ങളിലും വൈഷമ്യം ഉണ്ടാക്കുന്നു. അവ ലക്ഷണഭേദങ്ങളോടു കൂടിയ രോഗമായി ഭവിക്കുന്നു. ഈ വൈഷമ്യം നീക്കി നഷ്ടപ്പെട്ട സമതയെ വീണ്ടെടുക്കുന്നതാണ് ചികിത്സ.
ഒരിക്കലും ജന്മത്തിനു മുന്‍പു നിശ്ചയിക്കപ്പെടുന്നതല്ല ആരോഗ്യമെന്നായിരുന്നു ചരകന്റെ അഭിപ്രായം. ജീവിതശൈലിയുടെ ക്രമീകരണത്താലും സ്വപരിശ്രമത്താലും രോഗത്തെ അകറ്റുകയും രോഗനിവൃത്തി വരുത്തുകയും ചെയ്യാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയെന്നതു രോഗം വരാതിരിക്കുന്നതില്‍ പ്രധാനമാണെന്നു ചരകമഹര്‍ഷി ഓര്‍മിപ്പിക്കുന്നു. രോഗം വരാതെ നോക്കുന്നതാണു വന്നിട്ടു ചികില്സിക്കുന്നതിനേക്കാള് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ''രോഗിയുടെ ശരീരത്തിലേക്ക് അറിവിന്റെ വെളിച്ചവുമായി പ്രവേശിക്കുന്നതില്‍ പരാജയപ്പെടുന്ന ഭിഷഗ്വരന് ഒരിക്കലും ചികിത്സിക്കാന്‍ സാധ്യമല്ല. രോഗം ചികിത്സിക്കുംമുമ്പ് രോഗി താമസിക്കുന്ന സാഹചര്യവും രോഗിയുടെ മാനസികാവസ്ഥയുമെല്ലാം അയാള്‍ കണക്കിലെടുത്തിരിക്കണം'' എന്നതു ചരകമഹര്‍ഷിയുടെ പ്രസിദ്ധമായ വാക്കുകളാണ്.
(വിവരങ്ങള്‍ക്കു കടപ്പാട്: സ്വാമി ചിദാനന്ദ പുരി രചിച്ച സനാതനധര്‍മപരിചയം എന്ന ഗ്രന്ഥം)
.കേവലം ആധ്യാത്മിക മണ്ഡലത്തില്‍ മാത്രമല്ല ഭാരതം ലോകത്തിനു വഴികാട്ടിയായിട്ടുള്ളത്. വിജ്ഞാനീയത്തിന്റെ എല്ലാ മേഖലകളിലും തന്നെ ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന അറിവുകളുടെ ഉറവിടമായിരുന്നു ഭാരതം. ആ അറിവുകളെയെല്ലാം നമുക്കു നല്കിയ ആചാര്യന്മാരെ നാം ഋഷിമാരായാണു കണ്ട് ആദരിക്കുന്നത്. അക്കൂട്ടത്തില്‍ എക്കാലത്തും വിലമതിക്കത്തക്ക ആരോഗ്യശാസ്ത്രത്തെ മനുഷ്യരാശിക്കു നല്കിയ ചരകമഹര്‍ഷി ഇന്നും ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന ഒരു നാമമാണ്.