Sanathanam

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സനാതനധര്‍മ സന്ദേശം എത്തിക്കണം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: യഹൂദമതത്തിനു ശേഷമാണു ഹിന്ദുമതവും ഭാരതീയ സംസ്‌കാരവും രൂപപ്പെട്ടതെന്നു സ്ഥാപിക്കാനുള്ള സംഘടിതശ്രമം തുടരുകയാണെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സ്വാമി ചിദാനന്ദ പുരി ആരോപിച്ചു. തന്ത്രപരമായ ഈ നീക്കത്തിനുമുന്നില്‍ വെറും കാഴ്ചക്കാരായിരിക്കാതെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഹിന്ദുത്വത്തിന് അടിസ്ഥാനമായ സനാതനധര്‍മസന്ദേശം എത്തിക്കാന്‍ ശ്രമിക്കണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതനധര്‍മപീഠത്തിന്റെ ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കുന്നതിനായി നടന്ന ആലോചനായോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ച്ചയുടെ അടിസ്ഥാനം സാമ്പത്തിക മൂലധനമാണെന്ന 18-ാം നൂറ്റാണ്ടിലെ ചിന്താഗതിക്ക് ഇന്ന് അടിസ്ഥാനമില്ലാതായിരിക്കുന്നു. സാമ്പത്തിക മൂലധനമല്ല, ആധ്യാത്മിക മൂലധനമാണ് വളര്‍ച്ചയുടെ അടിസ്ഥാനമെന്ന സത്യം ലോകം അംഗീകരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സനാതനധര്‍മ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാന്‍ സാധിക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഇക്കാര്യത്തില്‍ അനിവാര്യമാണ്. ബുദ്ധിജീവികള്‍ എന്ന് ആധുനിക സമൂഹം വിളിക്കുന്ന, സനാതന ധര്‍മസന്ദേശം സമൂഹത്തിനു വ്യാപകമായി പകര്‍ന്നുനല്‍കാന്‍ സാധിക്കുന്ന ഉന്നതവിദ്യാഭ്യാസം നേടിയ സംഘത്തെ സൃഷ്ടിച്ചെടുക്കണം. പെട്ടെന്നുള്ള ഫലം പ്രതീക്ഷിച്ചാകരുത് ഈ ശ്രമം. ക്രമനിബദ്ധമായി പ്രവര്‍ത്തിച്ചാല്‍ പത്തോ മുപ്പതോ വര്‍ഷംകൊണ്ടു ചെറിയ മാറ്റങ്ങളുണ്ടാ്ക്കാന്‍ കഴിയും.
വളരെ പരിമിതമായ സൗകര്യമേ ഉള്ളൂവെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതനധര്‍മ ചെയര്‍ മാതൃകാപരമായാണു പ്രവര്‍ത്തിക്കുന്നതെന്നു സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി. ആഘോഷത്തിന്റെ ബഹളങ്ങളില്ലാതെ, നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്യാതെ മാതൃകാപരമാണു ചെയറിന്റെ പ്രവര്‍ത്തനം. രണ്ടു മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ഏറ്റവും നല്ല ചെയര്‍ എന്നു സനാതനധര്‍മ ചെയറിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ക്ലാസുകള്‍ കേള്‍ക്കാനെത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കാത്ത ഹാളാണ് ഇപ്പോഴുള്ളത്. ഓഫീസ് പ്രവര്‍ത്തനത്തിനോ വിസിറ്റിംങ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പ്രതിഫലം നല്‍കാനോ സംവിധാനമില്ല. ഇത്തരം ന്യൂനതകള്‍ ഉടനെ പരിഹരിക്കപ്പെടണം. ഏറെക്കാലത്തെ മുറവിളികളുടെയും സമ്മര്‍ദത്തിന്റെയും ഫലമായി ചെയറിന്റെ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനു സര്‍വകലാശാല സ്ഥലം അനുവദിച്ചുകഴിഞ്ഞു. ഹാള്‍, ഓഫീസ് സൗകര്യങ്ങളോടുകൂടിയ കെട്ടിടമൊരുക്കുകയെന്നതാണ് അടുത്ത കടമ്പ. കെട്ടിടനിര്‍മാണത്തിനായി എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രഹ്മചാരി മുകുന്ദചൈതന്യ, സി.ശേഖരന്‍, സോമശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.

Back to Top