Ulsavam

പ്രാചീനകാലത്തെ ബ്രാഹ്മണിപ്പാട്ട് ഇപ്പോഴുമുയരുന്ന അഴകിയകാവ്

അതിപുരാതനകാലത്തു രൂപപ്പെട്ട പല ആചാരാധിഷ്ഠിത കലാരൂപങ്ങളും മണ്‍മറഞ്ഞുകഴിഞ്ഞു. എന്നാല്‍, കാലത്തെ അതിജീവിച്ച ക്ഷേത്രാചാരകലയാണു ബ്രാഹ്മണിപ്പാട്ട്. എറണാകുളം ജില്ലയിലെ പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രമാണു ബ്രാഹ്മണിപ്പാട്ട് ഇപ്പോഴും നടന്നുവരുന്ന സ്ഥലം. ക്ഷേത്രത്തിലെ താലപ്പൊലി ഉല്‍സവം 21 ദിവസം നീളുന്നതാണ്. ഇതില്‍ ഏറ്റവും ഭക്തജനത്തിരക്കേറുന്നതു ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുമ്പോഴാണ്.
ഏറെ പഴക്കമുണ്ട് ബ്രാഹ്മണിപ്പാട്ടിനെന്ന് ആചാരരീതികളില്‍നിന്നു തന്നെ വ്യക്തമാകും. അഴകിയകാവില്‍ നാനൂറു വര്‍ഷത്തിനു മുമ്പെപ്പഴോ ആണു ബ്രാഹ്മണിപ്പാട്ടിനു തുടക്കമിട്ടതെന്നാണു കരുതിപ്പോരുന്നത്.
പരമേശ്വരന്റെ തൃക്കണ്ണിലുള്ള അഗ്നിയില്‍നിന്നു ഭദ്രകാളി ജനിച്ചു ദാരികാവധം നടത്തിയതായാണു വിശ്വാസം. ഇതുതന്നെയാണു ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.
ദാരികവധം നടത്തി ആഹ്ലാദവതിയായി തിരിച്ചെത്തുന്ന ദേവിയെ ആണു കളമെഴുതിപ്പാട്ടിനായി വരയ്ക്കുക. ദാരികവധം നടത്തിയശേഷം ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കുമൊന്നും ദേവിയെ കാണാന്‍ സാധിച്ചില്ലത്രെ. തുടര്‍ന്ന് അവര്‍ അഭ്യര്‍ഥിച്ചതനുസരിച്ച് പരമേശ്വരന്‍ കൈലാസത്തില്‍ ഒരാളെ ഒരു കുറിപ്പുമായി ഭൂമിയിലേക്ക് അയച്ചുവത്രെ. അതു കല്ലാറ്റു കുറുപ്പായിരുന്നു. കല്ലാറ്റു കുറുപ്പിന്റെ പിന്മുറക്കാര്‍ക്കാണ് ഇപ്പോള്‍ കളമെഴുതാനുള്ള അവകാശം.
പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ചാണു ദേവിയെ കളത്തില്‍ വരയ്ക്കുക. ആയുധധാരിണിയായ ശ്രീഭദ്രകാളിയെ വരച്ചു പൂര്‍ത്തിയാക്കിയശേഷമാണു പൂജ നടത്തി ദേവീചൈതന്യത്തെ ആവാഹിക്കുക. തുടര്‍ന്നാണു പാട്ട്.
കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള നമ്പ്യാര്‍മഠം വീട്ടിലെ സ്ത്രീകളാണു ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ചപ്പൂജ കഴിഞ്ഞും അത്താഴപ്പൂജ കഴിഞ്ഞുമാണു ബ്രാഹ്മണിപ്പാട്ടു നടക്കുക. ക്ഷേത്രവലിയമ്പലത്തിന്റെ ഇരുവശത്തുമായി ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കും. ഇതും അഴകിയകാവ് ക്ഷേത്രത്തിലെ സവിശേഷതയാണ്.
.

Back to Top