Bharathayathra

പിതൃസ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന പണ്ഡരീപുരം

ഓരോ പേരിനും ചിലതൊക്കെ വിശദീകരിക്കാനുണ്ടാവും. മഹാരാഷ്ട്രയില്‍ ഭീമാ നദിക്ക്, പണ്ഡരീപുരം നഗരത്തിലെത്തുമ്പോള്‍ പേര് ചന്ദ്രഭാഗ എന്നാണ്. നദി ഇവിടെ അര്‍ധചന്ദ്രാകൃതി പൂണ്ടു നില്‍ക്കുന്നതുകൊണ്ടാണത്രെ അര്‍ഥവത്തായ ഈ പേര്. നഗരത്തിനു പണ്ഡരീപുരം എന്ന പേരു ലഭിച്ചതിനു പിന്നിലുമുണ്ട് ഐതിഹ്യം. ആത്മസാക്ഷാത്കാരം കൈവരിച്ച പണ്ഡലിക് എന്ന വര്‍ത്തകപ്രമാണിയുടെ നാടെന്ന നിലയിലാണു പണ്ഡരീപുരം എന്ന പേരുണ്ടായതെന്നാണു കേള്‍വി. ഓരോ വര്‍ഷവും നാലു വാര്‍ഷിക ഹൈന്ദവ തീര്‍ഥാടനങ്ങള്‍ നടക്കുന്ന സ്ഥലമാണിത്. ആഷാഢ(ജൂണ്‍- ജൂലൈ)ത്തിലും കര്‍ക്കിടക(ഒക്ടോബര്‍- നവംബര്‍)ത്തിലും മാഘ(ജനുവരി- ഫെബ്രുവരി)ത്തിലും ശ്രാവണ(ജൂലൈ- ഓഗസ്റ്റ്)ത്തിലുമാണിവ. ഇതില്‍ ആഷാഢത്തിലേതാണു പ്രധാനം. അഞ്ചു മുതല്‍ ഏഴു വരെ ലക്ഷം പേര്‍ ഈ അവസരത്തില്‍ പണ്ഡരീപുരത്ത് ഒത്തുകൂടും. ഏറെ ഭക്തര്‍ ദര്‍ശനംതേടിയെത്തുന്ന വിഠോഭക്ഷേത്രമാണു പണ്ഡരീപുരത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നത്. വിശാലമായ ക്ഷേത്രത്തിന് ആറു പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേ കവാടം നാംദേവ് ഗേറ്റ് എന്നറിയപ്പെടുന്നു. ശ്രീകോവിലില്‍ അരയ്ക്കു കൈകൊടുത്തുനില്‍ക്കുന്ന നിലയിലുള്ളതാണു പണ്ഡരീനാഥന്റെ വിഗ്രഹം. ഭക്തന്മാര്‍ വിഗ്രഹത്തിന്റെ പാദങ്ങളില്‍ ശിരസ്സുമുട്ടിച്ചു നമസ്‌കരിക്കുന്നു. ഐതിഹ്യമിങ്ങനെ: ഭക്തനായ പുണ്ഡരീകന്‍ അച്ഛനമ്മമാരുടെ സേവകനായിരുന്നു. ഒരുനാല്‍ അച്ഛനമ്മമാരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കെ ഭഗവാന്‍ ദര്‍ശനം നല്‍കാനായി എത്തി. പുണ്ഡരീകന്‍ അച്ഛന്റെ പാദശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. എഴുന്നേറ്റ് ആദരിച്ചില്ല. ഭഗവാനു നില്‍ക്കാന്‍ ഒരു ഇഷ്ടിക നീക്കിയിട്ടുകൊടുത്തു. പിതൃശുശ്രൂഷ കഴിഞ്ഞു പുണ്ഡരീകന്‍, ഭഗവാന്‍ ഇതേ രൂപത്തില്‍ നില്‍ക്കുന്നതിനുള്ള വരം വാങ്ങി എന്നാണ് ഐതിഹ്യം. ധാരാളം മഹത്തുക്കളുമായി ബന്ധപ്പെട്ട സ്ഥലമാണിത്. സന്ത് തുക്കാറാം, രാല്ലാ- ബാല്ലാ, ചോഖാമേല, നാമദേവന്‍, അഖാഭക്തന്‍ തുടങ്ങിയ ധാരാളം സന്തുക്കളുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലം. ചന്ദ്രഭാഗയുടെ തീരത്ത് അനേകം ക്ഷേത്രങ്ങളുണ്ട്.  ഗോപാല്‍ജി, ജനാബായി, ഏകനാഥന്‍, നാമദേവന്‍, ജ്ഞാനേശ്വരന്‍, തുക്കാരാമന്‍ എന്നിവര്‍ക്ക് ഇവിടെ മന്ദിരമുണ്ട്.
.

Back to Top