Sanathanam

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം: തീരുമാനിക്കേണ്ടതു ഹൈന്ദവസമൂഹമെന്നു സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടതു ക്ഷേത്രകാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവരല്ലെന്നും തന്ത്രിയും ക്ഷേത്രശാസ്ത്ര വിദഗ്ധരുമാണെന്നും സ്വാമി ചിദാനന്ദ പുരി. ക്ഷേത്രാചാരങ്ങളില്‍ കാലികമായി പരിഷ്‌കരിക്കാന്‍ ഹൈന്ദവസമൂഹത്തിനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതു ശാസ്ത്രപ്രകാരമായിരിക്കണമെന്നും കോഴിക്കോട് ധര്‍മപ്രഭാഷണപരമ്പരയുടെ ആറാം ദിവസത്തെ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്മൃതികളുടെ അടിസ്ഥാനത്തിലാണു ക്ഷേത്രാചാരങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. അവ കാലികമായ പുതുക്കപ്പെടാറുണ്ടുതാനും. ശബരിമല ക്ഷേത്രത്തില്‍ത്തന്നെ മുന്‍പ് കുറച്ചു ദിവസം മാത്രമാണു ദര്‍ശനമുണ്ടായിരുന്നത്. പിന്നീട് മണ്ഡലകാലം മുഴുവനുമായി ദീര്‍ഘിപ്പിച്ചു. പിന്നീടാണ് എല്ലാ മാസവും നിശ്ചിതദിവസം ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചത്.
പിണറായി വിജയന്റെ ജാഥാലീഡറാക്കി സി.പി.ഐ.(എം) സംഘടിപ്പിക്കുന്ന കേരളയാത്രയുടെ പ്രചരണബോര്‍ഡുകളില്‍ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗപ്പെടുത്തിയതു തെറ്റുതിരുത്തലും പരിവര്‍ത്തനവുമായി കണ്ടാല്‍ മതിയെന്നു സദസ്സില്‍നിന്നുയര്‍ന്ന ചോദ്യത്തിനു സ്വാമി ചിദാനന്ദ പുരി മറുപടി നല്‍കി. ഇക്കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ട തീരുമാനം അഭിനന്ദനീയമാണ്. കൃഷ്ണന്റെ വേഷം വിജയനും വിജയന്റെ വേഷം കൃഷ്ണനും കെട്ടുന്നുവെന്ന വ്യത്യാസമേയുള്ളൂ. തിരിച്ചറിവുണ്ടാകുന്നതു നല്ലതാണ്. കേരളം ഭ്രാന്താലയമാകാതിരിക്കണമെങ്കില്‍ സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ഉള്‍പ്പെടെയുള്ള ആധ്യാത്മികാചാര്യന്‍മാരുടെ മാര്‍ഗം പിന്‍തുടരണമെന്നു വൈകിയെങ്കിലും തിരിച്ചറിഞ്ഞതു സ്വാഗതാര്‍ഹമാണ്. ഇത്രയും കാലം തങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്ന വഴി ശരിയല്ലായിരുന്നുവെന്ന കുറ്റസമ്മതംകൂടിയാണിതെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
ഭഗവദ് ഗീത രണ്ടാമധ്യായത്തിലെ 67, 68, 69 ശ്ലോകങ്ങളാണ് വിശദീകരിച്ചത്.

ഇന്ദ്രിയാണാം ഹി ചരതാം,
യന്മനോfനുവിധീയതേ,
തദസ്യ ഹരതി പ്രജ്ഞാം,
വായുര്‍നാവമിവാംഭസി.          67

പദച്ഛേദം :
ഇന്ദ്രിയാണാം ഹി ചരതാം
യദ് മനഃ അനുവിധീയതേ
തദ് അസ്യ ഹരതി പ്രജ്ഞാം
വായുഃ നാവം ഇവ അംഭസി

ചരിക്കുന്ന ഇന്ദ്രിയങ്ങളുടെ പിറകെ യാതൊരു മനസ്സ് അനുഗമിക്കുന്നുവോ ആയത് സാധകന്റെ പ്രജ്ഞയെ കടലില്‍ കാറ്റ് തോണിയെ എന്നപോലെ ഹരിച്ചുകളയുന്നു.

തസ്മാദ്യസ്യ മഹാബാഹോ,
നിഗൃഹീതാനി സര്‍വശഃ,
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ,
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.     68  

പദച്ഛേദം :
തസ്മാദ് യസ്യ മഹാബാഹോ
നിഗൃഹീതാനി സര്‍വ്വശഃ
ഇന്ദ്രീയാണി ഇന്ദ്രിയാര്‍ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

അല്ലയോ മഹാബാഹുവായ അര്‍ജുന, അതിനാല്‍ യാതൊരാളുടെ ഇന്ദ്രിയങ്ങളാണോ വിഷയങ്ങളില്‍നിന്നും എല്ലാ പ്രകാരത്തിലും നിഗ്രഹിക്കപ്പെട്ടിരിക്കുന്നത്, അയാളുടെ പ്രജ്ഞ പ്രതിഷ്ഠിതയാണ്.

യാ നിശാ സര്‍വഭൂതാനാം,
തസ്യാം ജാഗര്‍തി സംയമീ,
യസ്യാം ജാഗ്രതി ഭൂതാനി,
സാ നിശാ പശ്യതോ മുനേഃ.      69

പദച്ഛേദം :
യാ നിശാ സര്‍വ്വഭൂതാനാം
തസ്യാം ജാഗര്‍തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതഃ മുനേഃ

സര്‍വ്വഭൂതങ്ങള്‍ക്കും- സര്‍വ്വമനുഷ്യര്‍ക്കും- യാതൊന്ന് രാത്രിയാണോ ആയതില്‍ സംയമി ഉണര്‍ന്നിരിക്കുന്നു. യാതൊന്നില്‍ സര്‍വ്വരും ഉണര്‍ന്നിരിക്കുന്നുവോ ആയത് കാണുന്നവനായ മുനിക്ക് രാത്രിയാണ്.

ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തുന്നയാള്‍ക്കു മാത്രമേ ജീവിതവിജയം നേടാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ദ്രിയങ്ങള്‍ എപ്പോഴും സംസാരവിഷയങ്ങളില്‍ താല്‍പര്യം കാണിച്ചുകൊണ്ടിരിക്കും. ഇന്ദ്രിയങ്ങള്‍ കാണിച്ചുകൊടുക്കുന്നതിനനുസരിച്ചു മനസ്സ് ചിത്രങ്ങള്‍ മെനയും. ഓടുന്ന ഇന്ദ്രിയങ്ങളെ മനസ്സ് അനുധാവനം ചെയ്യുമ്പോള്‍ സാധകന്റെ പ്രജ്ഞ നഷ്ടമാകും. കടലില്‍ കാറ്റ് തോണിയെ ലക്ഷ്യസ്ഥാനത്തുനിന്ന് അകലേക്കു കൊണ്ടുപോകുന്നതുപോലെയാണ് ഇന്ദ്രിയങ്ങളെ പിന്‍തുടരുന്ന മനസ്സിന്റെ സ്ഥിതി.
ഏതെങ്കിലും ആദര്‍ശത്തിനു വിധേയമായി പ്രവര്‍ത്തനം തുടരുമ്പോള്‍ ഇടയ്ക്കിടെ അടിസ്ഥാനപരമായ ആശയം എന്താണെന്ന് ആത്മപരിശോധന ചെയ്യുന്നതു നല്ലതാണ്. ഏത് ആദര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ചാണോ മുന്നോട്ടുപോകുന്നത്, അതില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ ഇതു സഹായകമാകുമെന്നും സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു. പ്രഭാഷണ പരമ്പര നാളെ സമാപിക്കും.
.

Back to Top