Sanathanam

''ഇന്ദ്രിയങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതു പരിശീലനത്തിലൂടെ''

കോഴിക്കോട്: രാഗദ്വേഷങ്ങളെ ഇല്ലാതാക്കാന്‍ ഇന്ദ്രിയങ്ങളെ ഹിംസിപ്പിക്കുകയല്ല, മറിച്ച് പരിശീലിപ്പിച്ചെടുക്കുകയാണു വേണ്ടതെന്നു ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടു സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി. കോഴിക്കോട് ധര്‍മപ്രഭാഷണപരമ്പരയുടെ അഞ്ചാം ദിവസം ഗീത രണ്ടാമധ്യായത്തിലെ 64, 65, 66 ശ്ലോകങ്ങളാണു വിശദീകരിച്ചത്.

രാഗദ്വേഷവിയുക്തൈസ്തു,
വിഷയാനിന്ദ്രിയൈശ്ചരന്‍,  
ആത്മവശൈ്യര്‍വിധേയാത്മാ,
പ്രസാദമധിഗച്ഛതി.   
     64

പദച്ഛേദം :
രാഗദ്വേഷവിയുക്തൈഃ തു
വിഷയാന്‍ ഇന്ദ്രിയൈഃ ചരന്‍  
ആത്മവശൈ്യഃ വിധേയാത്മാ
പ്രസാദം അധിഗച്ഛതി   

രാഗദ്വേഷങ്ങളില്ലാത്തവയും സ്വവശത്തിലുള്ളവയുമായ ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയങ്ങളെ ചരിക്കുന്ന വിധേയാത്മാവാകട്ടെ പ്രസാദത്തെ പ്രാപിക്കുന്നു.
 
പ്രസാദേ സര്‍വദുഃഖാനാം,
ഹാനിരസ്യോപജായതേ,
പ്രസന്നചേതസോ ഹ്യാശു,
ബുദ്ധിഃ പര്യവതിഷ്ഠതേ.
   65

പദച്ഛേദം :
പ്രസാദേ സര്‍വ്വദുഃഖാനാം
ഹാനിഃ അസ്യ ഉപജായതേ
പ്രസന്നചേതസഃ ഹി ആശു
ബുദ്ധിഃ പര്യവതിഷ്ഠതേ   

പ്രസാദത്തെ പ്രാപിച്ചാല്‍ അയാളുടെ എല്ലാ ദുഃഖങ്ങള്‍ക്കും ഹാനി ഉണ്ടാവുന്നു. നിശ്ചയമായും പ്രസന്നചിത്തന് പെട്ടെന്നുതന്നെ ആത്മജ്ഞാനം ഉറയ്ക്കുന്നു.

നാസ്തി ബുദ്ധിരയുക്തസ്യ,
ന ചായുക്തസ്യ ഭാവനാ,
ന ചാഭാവയതഃ ശാന്തി ഃ
അശാന്തസ്യ കുതഃ സുഖം. 
66

പദച്ഛേദം :
ന അസ്തി ബുദ്ധിഃ അയുക്തസ്യ
ന ച അയുക്തസ്യ ഭാവനാ
ന ച അഭാവയതഃ ശാന്തി ഃ
അശാന്തസ്യ കുതഃ സുഖം   

സമാഹിതമല്ലാത്ത അന്തഃകരണത്തോടൊത്തയാള്‍ക്ക് ആത്മബുദ്ധിയും ആത്മഭാവനയും ഉണ്ടാകുന്നതല്ല. ആത്മഭാവനയില്ലാത്തയാള്‍ക്ക് ശാന്തിയുണ്ടാകുന്നില്ല. ശാന്തനല്ലാത്തയാള്‍ക്ക് എവിടെ നിന്നു സുഖം ഉണ്ടാവും?

സകല ഇന്ദ്രിയങ്ങളും നിയന്ത്രണത്തിലുള്ളയാള്‍ ആരാണോ അഥവാ, സര്‍വ കരണങ്ങളെയും വിധേയമാക്കിവച്ചിരിക്കുന്ന വ്യക്തി ആരാണോ അയാള്‍ പ്രസാദത്തെ അഥവാ പ്രസന്നതയെ പ്രാപിക്കുന്നു. ഇന്ദ്രിയങ്ങള്‍ രാഗദ്വേഷതാല്‍പര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. അവയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കണം. അതു സാധിക്കേണ്ടതു ഹിംസാമാര്‍ഗത്തിലൂടെയല്ല, മറിച്ച് പരിശീലനത്തിലൂടെയാണ്. ഇതു സാധിച്ചാലാണു പ്രസന്നത കൈവരിക്കാന്‍ സാധിക്കുക. ഈ അവസ്ഥയിലെത്തിയാല്‍ എല്ലാ ദുഃഖങ്ങളും അകലും. താന്‍ കാരണവും മറ്റുള്ളവര്‍ കാരണവും നിയന്ത്രണമില്ലാത്ത കാരണങ്ങളാലും ദുഃഖങ്ങള്‍ ഉണ്ടാകാം. ഈ ദുഃഖങ്ങളൊന്നുംതന്നെ പ്രസന്നത കൈവരിച്ചു ജീവന്മുക്തനായ വ്യക്തിക്ക് ഉണ്ടാവില്ല. അത്തരമൊരു വ്യക്തിയെ ദുഃഖിപ്പിക്കാന്‍ സാധിക്കുകയുമില്ലെന്നു സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു.
ക്ഷേത്രഭൂമി അനര്‍ഹര്‍ കൈക്കലാക്കിയതും നഷ്ടമായ ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നതും സംബന്ധിച്ചു സദസ്സില്‍നിന്നു ചോദ്യമുയര്‍ന്നു. ക്ഷേത്രങ്ങളുട നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു സാധിക്കുന്നില്ലെന്നും അത്തരം സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാരുടെ കൂച്ചുവിലങ്ങില്‍ പെട്ടിരിക്കുകയാണെന്നും സ്വാമി ചിദാനന്ദ പുരി മറുപടി നല്‍കി. ക്ഷേത്രഭരണം രാഷ്ട്രീയവിമുക്തമാക്കണമെന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ജസ്റ്റിസ് പരിപൂര്‍ണന്‍ വിധിച്ചതാണ്. പക്ഷേ, സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ ആരാധനാലയങ്ങള്‍ ഭരിക്കുന്നതും പരിപാലിക്കുന്നതും അതതു മതക്കാരാണ്. അതാണു ശരിയും. പക്ഷേ, ഹൈന്ദവ ആരാധനാലയങ്ങളെ വിശ്വാസികള്‍ക്കു വിട്ടുനല്‍കുന്നില്ല. പഴയ കാലത്തു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കയ്യില്‍ തുടരുന്നു എന്നേ ഉള്ളൂ എന്ന വാദം നിരര്‍ഥകമാണ്. വരുമാനമുള്ള ക്ഷേത്രങ്ങളെ ഇപ്പോഴും ഏറ്റെടുത്തുകൊണ്ടേയിരിക്കുകയാണ്. വരുമാനമില്ലാത്തവ സര്‍ക്കാരിനു വേണ്ടതാനും.
ഹിന്ദുമതം ഏകീകൃത വോട്ട ബാങ്കല്ലെന്നതിനാലാണു ക്ഷേത്രവിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരമൊരു നിലപാട് പിന്‍തുടരുന്നത്. ഹൈന്ദവ താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്കു മാത്രം വോട്ട് എന്ന നിലപാടെടുക്കണമെന്നു സ്വാമി ചിദാനന്ദ പുരി ആഹ്വാനം ചെയ്തു.
.

Back to Top