Sanathanam

കോഴിക്കോട് പ്രഭാഷണം: നാലാം ദിനത്തില്‍ ഇന്ദ്രിയനിയന്ത്രണം മുതല്‍ ''ശ്യാമമാധവം'' വരെ

കോഴിക്കോട്: സ്വാമി ചിദാനന്ദ പുരിയുടെ കോഴിക്കോട് ധര്‍മപ്രഭാഷണപരമ്പരയുടെ നാലാം ദിനത്തില്‍ ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്ചുള്ള സുവ്യക്തമായ വിശദീകരണം സദസ്സിനെ പിടിച്ചിരുത്തി. അഞ്ചു കുതിരകളുടെ കരുത്തില്‍ കുതിക്കുന്ന തേരാളിയുടെ സാമര്‍ഥ്യത്തോടെ എങ്ങനെ ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെന്ന സന്ദേശമാണ് ഭഗവദ്ഗീത രണ്ടാമധ്യാത്തിലെ 61, 62, 63 ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലൂടെ സ്വാമി ചിദാനന്ദ പുരി നല്‍കിയത്.
വിവിധ വിഷയങ്ങളില്‍ തൃഷ്ണ പ്രകടമല്ലെങ്കിലും ഉള്ളില്‍ അവയോടുള്ള രസം അഥവാ ആഭിമുഖ്യം നിലനില്‍ക്കുന്നുവെന്നതാണു സാധാരണ മനുഷ്യരും തത്ത്വജ്ഞാനിയും തമ്മിലുള്ള വ്യത്യാസം. തത്ത്വജ്ഞാനിക്കു മാത്രമേ വിഷയതാല്‍പര്യം പൂര്‍ണമായി ഇല്ലാതാവുകയുള്ളൂ. ജീവിതയാത്രയെക്കുറിച്ചും രഥരൂപകല്‍പനയെക്കുറിച്ചും പ്രഭാഷണത്തില്‍ വിശദീകരിച്ചു.

താനി സര്‍വാണി സംയമ്യ,
യുക്ത ആസീത മത്പരഃ,
വശേ ഹി യസ്യേന്ദ്രിയാണി,
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.
    61  

പദച്ഛേദം :
താനി സര്‍വ്വാണി സംയമ്യ
യുക്തഃ ആസീത മത്പരഃ ക
വശേ ഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ഇന്ദ്രിയങ്ങളെല്ലാം നല്ലപോലെ നിയന്ത്രിച്ചിട്ട് ആത്മയുക്തനും മത്പരനുമായിരിക്കൂ. എന്തുകൊണ്ടെന്നാല്‍, ആരുടെ ഇന്ദ്രിയങ്ങളെല്ലാം സ്വവശത്തിലാണോ അയാളുടെ പ്രജ്ഞ പ്രതിഷ്ഠിതമാണ്.

ധ്യായതോ വിഷയാന്‍ പുംസഃ,
സങ്ഗസ്‌തേഷൂപജായതേ,
സംങ്ഗാത് സംജായതേ കാമഃ,
കാമാത് ക്രോധോfഭിജായതേ.
       62

പദച്ഛേദം :
ധ്യായതഃ വിഷയാന്‍ പുംസഃ
സങ്ഗഃ തേഷു ഉപജായതേ
സംങ്ഗാത് സംജായതേ കാമഃ
കാമാത് ക്രോധഃ അഭിജായതേ

വിഷയങ്ങളെ ചിന്തിക്കുന്നയാള്‍ക്ക് അവയില്‍ സങ്ഗം ഉണ്ടാവുന്നു. സങ്ഗത്തില്‍നിന്നും കാമമുണ്ടാവുന്നു. കാമത്തില്‍നിന്നും ക്രോധമുണ്ടാവുന്നു.

ക്രോധാദ്ഭവതി സമ്മോഹഃ,
സമ്മോഹാത് സ്മൃതിവിഭ്രമഃ,
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ,
ബുദ്ധിനാശാത് പ്രണശ്യതി.
    63  

പദച്ഛേദം :
ക്രോധാദ് ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ക
സ്മൃതിഭ്രംശാദ് ബുദ്ധിനാശഃ
ബുദ്ധിനാശാത് പ്രണശ്യതി

ക്രോധത്തില്‍നിന്നും സമ്മോഹം ഉണ്ടാവുന്നു. സമ്മോഹത്തില്‍നിന്നും സ്മൃതിവിഭ്രമവും സ്മൃതിവിഭ്രമത്തില്‍നിന്നും ബുദ്ധിനാശവും ഉണ്ടാവുന്നു. ബുദ്ധിനാശത്താല്‍ സര്‍വ്വവും നശിക്കുന്നു.

ജീവിതത്തില്‍ ഏതെങ്കിലും ഒരു വ്യവഹാര(പ്രവര്‍ത്തനം)ത്തിനു സ്വയം നിയന്ത്രണം വെക്കുമ്പോള്‍ മറ്റു വ്യവഹാരങ്ങള്‍ താനേ വികസിക്കും. ഇതു കൂടുതല്‍ ദോഷമാണുണ്ടാക്കുക. എല്ലാ വ്യവഹാരങ്ങളോടുമുള്ള ആഭിമുഖ്യം വിവേകത്തോടെ നിയന്ത്രിക്കാന്‍ സാധിക്കണം. എപ്പോഴും ഇന്ദ്രിയങ്ങള്‍ക്ക് ഉപരിയായി മനസ്സാകുന്ന കടിഞ്ഞാണ്‍ ഉണ്ടായിരിക്കണം. കഠോപനിഷത്തിലെ രഥരൂപകല്‍പന ഇവിടെ വളരെയധികം പ്രസക്തമാണ്.
യാത്രകള്‍ നിയതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. ലക്ഷ്യബോധമില്ലാത്തവന്റേത് അലച്ചില്‍ മാത്രമാണ്. ഉപനിഷത്ത് ഓരോരുത്തരെയും രഥീ എന്ന് അഭിസംബോധന ചെയ്യുന്നതു നാം യാത്രയിലാണെന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്. ഓരോരുത്തരും രഥസ്വാമിമാരാണ്- രഥം കൂടെയുള്ളവന്‍. ശരീരമാണു രഥം. അതിനെ വേണ്ടവിധം പാലിക്കണം. എങ്കിലേ തടസ്സമില്ലാതെ ജീവിതയാത്ര നടക്കൂ. നന്നായി പാലിക്കുക എന്നതല്ലാതെ ശരീരത്തോടു മമത്വമോ അഭിമാനമോ തോന്നാന്‍ പാടില്ല.
രഥത്തിന്റെ സാരഥി ബുദ്ധിയാണ്. ജീവിതത്തില്‍ ഒരു കാര്യത്തിലും എടുത്തുചാടരുത്. നിശ്ചയിച്ചുറപ്പിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ. അതാണ് സാരഥിസ്ഥാനത്തു ബുദ്ധിയന്നു പറയാന്‍ കാരണമെന്നും സ്വമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
പ്രഭാഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ സദസ്സില്‍നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. ശ്യാമമാധവം എന്ന കവിതയിലൂടെ പ്രഭാവര്‍മ ശ്രീകൃഷ്ണനെ ആക്ഷേപിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് കലയുടെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും പേരില്‍ സനാതനബിംബങ്ങളെ തച്ചുടയ്ക്കുന്നവര്‍ ആദരിക്കപ്പെടുന്നു എന്ന ദുഃഖരമായ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നു സ്വാമി ചിദാനന്ദ പുരി ആരോപിച്ചു. ബുദ്ധിജീവിയായി വ്യാഖ്യാനിക്കപ്പെടാനുള്ള കുറുക്കുവഴിയായും പലരും ഇതിനെ കാണുന്നു. ശ്രീകൃഷ്ണന്റെ നിറം കറുപ്പാകാന്‍ കാരണം ദുഃഖമാണെന്നു പ്രഭാവര്‍മ ആരോപിക്കുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്, ജീവിതകാലത്ത്. പക്ഷേ, അവയെ ഒക്കെ ചിരിച്ചുകൊണ്ടു തന്നെയാണു കൃഷ്ണന്‍ നേരിട്ടിട്ടുള്ളത്. മക്കളും പേരമക്കളും മദ്യപിച്ചു ലക്കുകെട്ടു നടക്കുന്നതു കണ്ടപ്പോഴും ശ്രീകൃഷ്ണന്‍ ചിരിക്കുകയായിരുന്നു. അമ്പേറ്റപ്പോഴും ചിരിച്ചിട്ടേയുള്ളൂ.
കറുത്തവരെല്ലാം ദുഃഖിതരാണെന്ന ചിന്തയ്ക്ക് എന്താണടിസ്ഥാനമെന്നും സ്വാമി ചിദാനന്ദ പുരി ചോദിച്ചു. വെളുത്ത തൊലിയുള്ളവരുടെ കാല്‍ക്കല്‍ ഇരുന്നു പൂജിച്ചിരുന്നവരാണ് ഇവിടെ പലരും.
ഭാരതീയതയെ തകര്‍ക്കാന്‍ മൂന്നു ശതകങ്ങളായി നടന്നുവരുന്ന ആസുത്രിതശ്രമത്തിന്റെ പതാകാവാഹകരായി മുഖ്യധാരാമാധ്യമങ്ങള്‍ മാറിയെന്നതു ദുഃഖകരമാണെന്നു മറ്റൊരു സംശയത്തിനു മറുപടി നല്‍കി. എം.എഫ്.ഹുസൈന്‍, ഹനുമാനെയും ദേവിയെയും നഗ്നരായി ചിത്രീകരിച്ചതിനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിച്ചവര്‍ ഫ്രാന്‍സില്‍ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതറിഞ്ഞപ്പോള്‍ അത് ആവിഷ്‌കാരസ്വാതന്ത്ര്യമായി അംഗീകരിക്കാന്‍ തയ്യാറായില്ല. ക്രിസ്തീയസഭയ്‌ക്കെതിരെ സംസാരിച്ച സനല്‍ ഇടമറുക് ഭീഷണിയെത്തുടര്‍ന്നു ഭാരതത്തില്‍ ജീവിക്കാന്‍ പറ്റാതെ വിദേശത്തെവിടെയോ കഴിയുകയാണ്.
ഹൈന്ദവശാസ്ത്രങ്ങള്‍ അബദ്ധജടിലവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമാണെന്നു പ്രചരിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരികയാണ്. നിഷ്‌ക്രിയമായുള്ള മതപരിവര്‍ത്തനത്തിന്റെ ഭാഗമാണിത്. പ്രത്യക്ഷമായ മതംമാറ്റം, ചടങ്ങുകള്‍ വിളിച്ചുകൂട്ടിയും മറ്റുമായതിനാല്‍ അറിയാന്‍ സാധിക്കും. എന്നാല്‍ പുറത്തറിയാത്തവിധമാണു നിഷ്‌ക്രിയ പരിവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്. ആരെങ്കിലും ക്രിസ്തുമതമോ ഇസ്ലാം മതമോ സ്വീകരിക്കുമ്പോള്‍ അതു വ്യക്തിസ്വാതന്ത്ര്യമെന്നു വ്യാഖ്യാനിക്കുന്നവര്‍ ഏതാനും തലമുറകള്‍ മുമ്പ് ഹിന്ദുധര്‍മം ഉപേക്ഷിച്ചവര്‍ തിരിച്ചുവരുമ്പോള്‍ ബഹളം വെക്കുകയാണ്. ഭാരതത്തിലെ ഓരോ അന്യമതസ്ഥന്റെയും മൂന്നോ നാലോ തലമുറ മുന്‍പുള്ളവര്‍ ഹിന്ദുക്കളാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് അടുത്തിടെ പറഞ്ഞതു ശ്രദ്ധേയമാണ്.
അജ്ഞതയും ദാരിദ്ര്യവും മുതലെടുത്തു മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നുണ്ടെങ്കില്‍ എതിര്‍ക്കപ്പെടണം. അതേസമയം, ഒരു മതത്തില്‍ അഥവാ ജീവിതക്രമത്തില്‍ വിശ്വസിച്ചു ജീവിക്കുന്നവര്‍ മറ്റൊരു മതത്തെക്കുറിച്ചു വ്യക്തമായി പഠിച്ചശേഷം സ്വമേധയാ മതംമാറുന്നതിനെ എതിര്‍ക്കേണ്ടതില്ല.
ഇറച്ചിക്കായി പശുക്കളെ കൊല്ലരുതെന്ന നിലപാടെടുത്താല്‍ ഭൂമിയില്‍ അവയുടെ എണ്ണം പെരുകി സന്തുലിതാവസ്ഥ തകരില്ലേ എന്ന ചോദ്യത്തിന് വിവിധ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ ശരിയാക്കാന്‍ മനുഷ്യനെ ആരാണു ചുമതലപ്പെടുത്തിയതെന്ന മറുചോദ്യം സ്വാമി ചിദാനന്ദ പുരി ഉന്നയിച്ചു. തെരുവുനായ്ക്കളെ കൊല്ലാനം പക്ഷിപ്പനിയുടെ പേരില്‍ പക്ഷികളെ കൊല്ലാനുമൊക്കെ മനുഷ്യന് എന്തധികാരം? മനുഷ്യന്റെ ജീവനു തുല്യമാണു മറ്റേതു ജന്തുവിന്റെയും ജീവിതമെന്നു തിരിച്ചറിയണമെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
.

Back to Top