Sanathanam

സാധകന്‍ സദാ ജാഗ്രതയോടെയിരിക്കണം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ഒരു സാധകന്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണമെന്ന് ഭഗവദ് ഗീത രണ്ടാമധ്യായത്തെ അധികരിച്ചുള്ള പ്രഭാഷണത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കണമെന്നും ധര്‍മ്മപ്രഭാഷണ പരമ്പരയുടെ മൂന്നാംദിവസത്തെ പ്രഭാഷണത്തില്‍ സാമി ചിദാനന്ദ പുരി വ്യക്തമാക്കി. ഗീത രണ്ടാമധ്യായത്തിലെ 58, 59, 60 ശ്ലോകങ്ങളാണു വിശദീകരിച്ചത്.
 
യദാ സംഹരതേ ചായം,
കൂര്‍മോങ്ഗാനീവ സര്‍വശഃ,
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ,
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. 58
 
പദച്ഛേദം : യദാ സംഹരതേ ച അയം
കൂര്‍മ്മഃ അങ്ഗാനി ഇവ സര്‍വ്വശഃ
ഇന്ദ്രിയാണി ഇന്ദ്രിയാര്‍ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
 
ആമ തന്റെ അംഗങ്ങളെ ഉള്‍വലിക്കുംകണക്കെ തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും വിഷയങ്ങളില്‍നിന്ന് എപ്പോഴാണോ(ഒരാള്‍) ഉപസംഹരിക്കുന്നത് അപ്പോള്‍ അയാളുടെ പ്രജ്ഞ പ്രതിഷ്ഠിതമാകുന്നു.
 
വിഷയാ വിനിവര്‍ത്തന്തേ,
നിരാഹാരസ്യ ദേഹിനഃ,
രസവര്‍ജം രസോപ്യസ്യ,
പരം ദൃഷ്ട്വാ നിവര്‍ത്തതേ. 59
 
പദച്ഛേദം : വിഷയാഃ വിനിവര്‍ത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസഃ അപി അസ്യ
പരം ദൃഷ്ട്വാ നിവര്‍ത്തതേ
 
വിഷയങ്ങളെ ആഹരിക്കാത്ത ദേഹിക്ക് വിഷയങ്ങള്‍ പിന്തിരിയുന്നു, രസം പിന്തിരിയുന്നില്ല. എന്നാല്‍ പരമതത്ത്വത്തെ ദര്‍ശിച്ചാല്‍ ഇവന്റെ രസവും വിട്ടുപോകുന്നു.
 
യതതോ ഹ്യപി കൗന്തേയ,
പുരുഷസ്യ വിപശ്ചിതഃ,
ഇന്ദ്രിയാണി പ്രമാഥീനി,
ഹരന്തി പ്രസഭം മനഃ. 60
 
പദച്ഛേദം : യതതഃ ഹി അപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ 
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തി പ്രസഭം മനഃ
 
അല്ലയോ കുന്തീപുത്ര! ഇന്ദ്രിയനിയന്ത്രണത്തിനായി പരിശ്രമിക്കുന്ന വിദ്വാന്റെ പോലും ഇന്ദ്രിയങ്ങള്‍ പ്രമഥനം ചെയ്യുന്നവയാണ്. അവ മനസ്സിനെ ബലപൂര്‍വ്വകം ഹരിക്കുക തന്നെ ചെയ്യുന്നു.
 
ഒരു സാധകന് എപ്പോഴും ജാഗ്രതയുണ്ടായിരിക്കണം, ഉണര്‍ന്നിരിക്കണം. പ്രതികൂലമായ സാഹചര്യങ്ങളെ തിരിച്ചറിയാന്‍ യഥാസമയം സാധിക്കണം. സമയം വൈകി തിരിച്ചറിഞ്ഞിട്ട് കാര്യമില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ആമ തന്റെ അംഗങ്ങള്‍ പിന്‍വലിക്കുന്നതുപോലെ പ്രതികൂല സാഹചര്യങ്ങില്‍ നിന്ന് പിന്‍വലിയാന്‍ സാധിക്കണം. അനുകൂലവും പ്രതികുലവുമായ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ സാധകന് സാധിക്കണം. അതിന് ജാഗ്രതയോടെയിരിക്കണം.
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാണ് ഇന്ദ്രിയങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങള്‍. ഇന്ദ്രിയങ്ങള്‍ വിഷയത്തിലേക്ക് നീങ്ങിയാല്‍ മനസ്സും അതിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ പരിശ്രമിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കണമെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു.
.

Back to Top