Sanathanam

ഭാരതത്തെ തളര്‍ത്തിയതു നമ്മിലെ അര്‍ജുനാംശം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: കുരുക്ഷേത്ര ഭൂമിയില്‍ അമ്പുംവില്ലും താഴെവച്ചു നിറകണ്ണുകളോടെ തേര്‍ത്തട്ടിലിരുന്ന അര്‍ജുനന്റെ മാനസികാവസ്ഥയിലേക്കു ഭാരതീയര്‍ മാറാനിടയായതാണു നമ്മുടെ രാഷ്ട്രം അധഃപതിക്കാനിടയാക്കിയതെന്നു കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. നമ്മെ അടിമത്തത്തിലേക്കു നയിച്ചതും ഇതേ മാനസികാവസ്ഥയാണ്. കോഴിക്കോട് ധര്‍മപ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
64 കിലോമീറ്റര്‍ നീളവും വീതിയുമുള്ളതാണു കുരുക്ഷേത്രത്തിലെ യുദ്ധക്കളം. ആരോടൊക്കെയാണു യുദ്ധം ചെയ്യേണ്ടതെന്നു കാണണമെന്നാവശ്യപ്പെട്ട അര്‍ജുനനുവേണ്ടി ശ്രീകൃഷ്ണന്‍ തേരു നിര്‍ത്തിയത് ആരെയൊക്കെ കണ്ടാല്‍ അര്‍ജുനന്‍ വിഷാദഗ്രസ്തനാകുമോ അവരുടെ മധ്യത്തിലാണ്. തുടര്‍ന്ന് അര്‍ജുനനോടു കൃഷ്ണന്‍ പറഞ്ഞതാകട്ടെ, നിന്റെ വംശക്കാരെ കണ്ടോളൂ എന്നും. യുദ്ധഭൂമിയിലുള്ളവരെ കണ്ടതോടെ അര്‍ജുനനില്‍ മമത്വബോധം പിറക്കുകയും അതോടെ ധര്‍മബോധം നഷ്ടപ്പെടുകയും ചെയ്തു.
അറിയാതെ 'എന്റെ'കള്‍ക്കു വഴങ്ങാന്‍ പലപ്പോഴും നാമൊക്കെ നിര്‍ബന്ധിതരാവും. അര്‍ജുനന് അതാണു സംഭവിച്ചത്. ശരീരം ശിഥിലമായതിനൊപ്പം തന്റെ കയ്യിലുള്ള അമ്പും വില്ലും വിറയ്ക്കുന്നതായി അര്‍ജുനന്‍ തിരിച്ചറിഞ്ഞു. ക്ഷത്രിയന് ഒരുകാരണവശാലും സംഭവിച്ചുകൂടാത്തതാണു കയ്യില്‍നിന്ന് ആയുധം ഇളകിപ്പോകുകയെന്നത്. അര്‍ജുനന് അതു സംഭവിച്ചു.
അതോടെ അര്‍ജുനന്‍ ധര്‍മയുദ്ധം എന്നു താന്‍ മനസ്സിലാക്കിയ യുദ്ധത്തില്‍നിന്നു പിന്തിരിയാനൊരുങ്ങുകയാണ്. ആരംഭത്തില്‍ തന്റെ ഉള്ളിലുണ്ടായ മമത്വാവേശത്തെ കൃഷ്ണനോടു തുറന്നുപറയാന്‍ അര്‍ജുനന്‍ തയ്യാറാകുന്നുവെങ്കിലും പിന്നീട് അതിനെ വലിയ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പരിവേഷം അണിയിക്കാനാണു ശ്രമിക്കുന്നത്. ശ്രീകൃഷ്ണനെപ്പോലും ഏതൊരു അര്‍ജുനനാണോ യുദ്ധത്തിലേക്കാനയിച്ചു കൊണ്ടുവന്നത്, ആ അര്‍ജുനന്‍ 'മഹാപാപം' എന്ന് യുദ്ധത്തെ വിശേഷിപ്പിക്കുന്നു. ഒടുവില്‍ അര്‍ജുനന്‍ പ്രതിജ്ഞ ചെയ്തു: ഞാന്‍ ആയുധമെടുക്കില്ല, ശത്രുക്കള്‍ ഇങ്ങോട്ടാക്രമിച്ചാല്‍പ്പോലും എതിരിടില്ല. ഇതും പറഞ്ഞ് അമ്പും വില്ലും രഥത്തട്ടില്‍വെച്ച് അര്‍ജുനന്‍ ഇരുന്നു. നിറഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് അര്‍ജുനന്‍ ശ്രീകൃഷ്ണന്റെ മുന്നിലിരിക്കുന്നത്. യുദ്ധത്തിന്റെ നിരര്‍ഥകത തിരിച്ചറിഞ്ഞു ഞാന്‍ പിന്‍വാങ്ങുന്നു എന്ന് അര്‍ജുനന്‍ പറഞ്ഞിരുന്നെങ്കില്‍ ശ്രീകൃഷ്ണന്‍ സമ്മതം നല്‍കിയേനെ. പക്ഷേ, അര്‍ജുനനുള്ളില്‍ വിവേകമല്ല, മറിച്ച് വികാരമാണ്, ബന്ധുജനങ്ങളോടുള്ള മമത്വമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൃഷ്ണന്‍ തിരിച്ചറിഞ്ഞു. വികാരതീവ്രതയെ കാണിക്കുന്ന നിറകണ്ണുകളോടെയാണ് അര്‍ജുനന്‍ തേര്‍ത്തട്ടില്‍ ഇരുന്നത്. ഈ സന്ദര്‍ഭത്തില്‍ അര്‍ജുനന്‍ അണിഞ്ഞ ത്യാഗത്തിന്റെ മുഖംമൂടിയെ പിച്ചിച്ചീന്തുന്ന വിധം കൃഷ്ണന്‍ തന്റെ വാക്ശരങ്ങളാല്‍ അര്‍ജുനനെ ഉദ്‌ബോധിപ്പിക്കുന്നു. ഈ ഉദ്‌ബോധനമാണു രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലുള്ളത്.   
നമ്മിലൊക്കെയുള്ള അര്‍ജുനഭാവമാണ് രാഷ്ട്രത്തിന്റെ അധഃപതനത്തിനു കാരണമായതെന്നു സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ സന്ദേശം ലോകത്തിനു മുന്നില്‍ ഫലപ്രദമായി അവതരിപ്പിച്ചു മടങ്ങിയെത്തിയ സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ മിഷനു തുടക്കമിട്ടു. പലയിടങ്ങളില്‍നിന്നായി സ്വാമിജിക്കരികിലെത്തിയ ശിഷ്യര്‍ അദ്ദേഹത്തോടു ചോദിച്ചു, ഭഗവദ്ഗീതയില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേതെന്ന്. ഗീതയിലെ എല്ലാ ശ്ലോകങ്ങളും പ്രധാനമാണെന്നും ഒന്നും അപ്രധാനമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും, ഇന്നത്തെ ഭാരതത്തെ സംബന്ധിച്ച്, നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഞാന്‍ പറഞ്ഞുതരാമെന്നു വ്യക്തമാക്കിയ ശേഷം ചൊല്ലിക്കൊടുത്തത് രണ്ടാമധ്യായമായ സാംഖ്യയോഗത്തിലെ പ്രസക്തമായ ഈ ശ്ലോകങ്ങളാണ് -

കുതസ്താ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യം
അകീര്‍ത്തികരമര്‍ജുന


ക്ലൈബ്യം മാംസ്മ ഗമ പാര്‍ഥ
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ


(സാരം: അല്ലയോ അര്‍ജുനാ! ദുര്‍ജനങ്ങള്‍ക്കു മാത്രം യോജിച്ചതും സ്വര്‍ഗസുഖം നല്‍കാത്തതും ദുഷ്‌പേരുണ്ടാക്കുന്നതുമായ ഈ മൂഢത എവിടെനിന്നാണ് ഈ വിഷമസ്ഥിതിയില്‍ നിന്നെ പ്രാപിച്ചിരിക്കുന്നത്. ഇത് ആര്യന്മാര്‍ക്കു യോജിച്ചതോ സ്വര്‍ഗഹേതുവോ അല്ല, അകീര്‍ത്തികരവുമാകുന്നു. അല്ലയോ അര്‍ജുനാ! ആണും പെണ്ണും അല്ലാത്ത അവസ്ഥയെ പ്രാപിക്കരുത്. ഇതു നിനക്കു ചേരുന്നതല്ല. ശത്രുവിനെ തപിപ്പിക്കുന്ന വീരാ, നിസ്സാരമായ മനക്കരുത്തില്ലായ്മയെ വിട്ട് എഴുന്നേല്‍ക്കൂ.)

1897ല്‍ അന്നത്തെ ഭാരതത്തെക്കുറിച്ച് ഏറ്റവും പ്രസക്തമെന്നു സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ശ്ലോകങ്ങള്‍ ഇന്നും ഭാരതത്തെക്കുറിച്ചു പ്രസക്തമല്ലേ എന്നും നാം ചിന്തിക്കണം. എന്തു പരിവര്‍ത്തനം നമ്മിലുണ്ടായി എന്നു സ്വയം വിലയിരുത്തണം.
ഈ ഒന്നിനുംകൊള്ളായ്കയെ ഉപേക്ഷിച്ച്, അമ്മയെ ഓര്‍ത്തെങ്കിലും നീ നിവര്‍ന്നുനില്‍ക്കൂ എന്ന് തളര്‍ന്നിരിക്കുന്ന അര്‍ജുനനെ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നു. ശരതുല്യമായ ഈ വാക്കുകള്‍ കേട്ട അര്‍ജുനന്‍ യുദ്ധത്തില്‍നിന്നു പിന്‍വാങ്ങുന്നതിനായി താന്‍ ഉയര്‍ത്തിയ കാരണങ്ങള്‍ ശ്രീകൃഷ്ണനു ബോധിച്ചിട്ടില്ലെന്നു തിരിച്ചറിയുന്നു. ആ സന്ദര്‍ഭത്തില്‍ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കാനാവാതെ ഉഴറിയ അര്‍ജുനന്‍ ശ്രീകൃഷ്ണനെത്തന്നെ ഗുരുഭാവത്തില്‍ ശരണം പ്രാപിക്കുകയാണു ചെയ്യുന്നത്. തന്റെ ഉള്ളിലുള്ള ശോകത്തിന് എന്താണു ശാശ്വതപരിഹാരം എന്ന ജിജ്ഞാസ അപ്പോഴാണ് അര്‍ജുനനില്‍ ഉണരുന്നത്. ധര്‍മസമൂഢതനായ തനിക്ക് എന്താണ് ശ്രേയസ്‌കരമായതെന്ന് ഉപദേശിച്ചാലും എന്നപേക്ഷിച്ചുകൊണ്ട് അര്‍ജുനന്‍ തന്നെത്തന്നെ ഗുരുവില്‍ സമര്‍പ്പിക്കുന്നതാണ് നാം തുടര്‍ന്നു കാണുന്നത്. അതോടെയാണ് ആത്മസാക്ഷാത്കാരം കൊണ്ടേ ശ്രേയസ്സുള്ളൂ, ശാശ്വതമായ ദുഃഖനിവൃത്തിയുള്ളൂ എന്നുള്ള തന്റെ ഉപദേശം ശ്രീകൃഷ്ണന്‍ നല്‍കുന്നത്. ആത്യന്തികമായ ദുഃഖനിവൃത്തിയിലേക്കു നയിക്കുന്ന മാര്‍ഗമായ ധര്‍മവും ലക്ഷ്യമായ സത്യസാക്ഷാത്കാരവും ഭഗവാന്‍ ഗീതയിലൂടെ ഉപദേശിക്കുന്നു- സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു.
എപ്പോഴാണോ നിന്റെ ബുദ്ധിയിലുള്ള അവിവേകമൊഴിഞ്ഞു പോകുന്നത്, അപ്പോള്‍ എല്ലാവിധ പരിമിതഭാവത്തില്‍നിന്നും ഉയരാന്‍ നീ ശക്തനായിത്തീരും. അപ്രകാരമുള്ള നിന്റെ ബുദ്ധി ആത്മാവില്‍ സ്ഥിരമായി, അചലമായി ഉറച്ച് നീ പരമശാന്തിരൂപമായ മോക്ഷം പ്രാപിക്കും. ഇപ്രകാരം ശ്രീകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തുന്നു, രണ്ടാം അധ്യായം 52ാം ശ്ലോകത്തില്‍. ഇതു കേട്ട അര്‍ജുനന്‍ ഭഗവദുപദേശത്തിന്റെ പ്രായോഗികതയെക്കുറിച്ചറിയാന്‍ തത്പരനാകുന്നു. ഏതുപദേശമാണെങ്കിലും, അതെത്ര ഗംഭീരമായതാണെങ്കിലും പ്രായോഗികമാണെങ്കിലേ പ്രയോജനമുള്ളൂ. അതിനാല്‍ ഇപ്രകാരം ആത്മബുദ്ധി സ്ഥിരമായി ഉറച്ച ഒരാളുടെ ലക്ഷണമെന്താണ്, അയാള്‍ എപ്രകാരമാണ് ലോകത്തില്‍ വ്യവഹരിക്കുക എന്നു പറഞ്ഞുതരാന്‍ അപേക്ഷിക്കുന്നു. അര്‍ജുനന്റെ ഈ അപേക്ഷയ്ക്കുള്ള മറുപടിയാണ് സ്ഥിതപ്രജ്ഞലക്ഷണം എന്നു പ്രസിദ്ധമായ ഭാഗം. ഇത് ഭഗവദ് ഗീത രണ്ടാം അധ്യായത്തിലെ 54 മുതല്‍ 72 വരെ ശ്ലോകങ്ങളാണ്. ഈ വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പ്രഭാഷണപരമ്പര.
മുതലക്കുളം മൈതാനത്തു നടക്കുന്ന പ്രഭാഷണപരമ്പരയില്‍ എല്ലാ ദിവസവും സംശയനിവാരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണത്തോടൊപ്പം സ്വാമി ചിദാനന്ദ പുരി രചിച്ചു വിവിധ പ്രസാധകര്‍ പുറത്തിറക്കിയ പുസ്തകങ്ങളുടെയും പ്രഭാഷണ സി.ഡികളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
.

Back to Top