Sanathanam

സ്വാമി ചിദാനന്ദ പുരിയുടെ കോഴിക്കോട് ധര്‍മപ്രഭാഷണ പരമ്പര നാളെ മുതല്‍

കോഴിക്കോട്: കേരളത്തിലെ ശ്രദ്ധേയമായ ആധ്യാത്മിക പ്രഭാഷണ പരമ്പരകളിലൊന്നായ സ്വാമി ചിദാനന്ദ പുരിയുടെ കോഴിക്കോട് ധര്‍മപ്രഭാഷണ പരമ്പര 18-ാം വര്‍ഷത്തിലേക്ക്. 1998ലാണു പ്രഭാഷണ പരമ്പരയ്ക്കു തുടക്കമിട്ടത്. ഇത്തവണത്തെ പ്രഭാഷണത്തിനു നാളെ തുടക്കമാവും.
നാളെ മുതല്‍ മുതലക്കുളം മൈതാനത്തെ തുറന്ന വേദിയില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ഭഗവദ് ഗീത രണ്ടാം അധ്യായത്തിലെ 54 മുതല്‍ 72 വരെ ശ്ലോകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. സ്ഥിതപ്രജ്ഞലക്ഷണം പ്രത്യേകമായി ചര്‍ച്ച ചെയ്യും.
സംശയനിവാരണമാണു പ്രഭാഷണ പരമ്പരയെ സവിശേഷമാക്കുന്നത്. പ്രഭാഷണ വിഷയത്തെക്കുറിച്ചും ഹൈന്ദവകാര്യങ്ങളെക്കുറിച്ചും പൊതുകാര്യങ്ങളെക്കുറിച്ചുമൊക്കെ സംശയങ്ങള്‍ ഉന്നയിക്കാന്‍ ശ്രോതാക്കള്‍ക്ക് അവസരം ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന പ്രഭാഷണം എട്ടു മണി വരെ നീളും.
കോഴിക്കോട്ട് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുള്‍പ്പെടെയുള്ള സ്വാമി ചിദാനന്ദ പുരിയുടെ പ്രമുഖ പ്രഭാഷണങ്ങളുടെ വീഡിയോ, ഓഡിയോ സി.ഡികള്‍ പ്രത്യേക സ്റ്റാളില്‍ ലഭ്യമായിരിക്കും.
സ്വാമി ചിദാനന്ദ പുരി രചിച്ച വിവിധ പുസ്തകങ്ങളുടെ വില്‍പനയ്ക്കായുള്ള സ്റ്റാളും മൈതാനത്തു പ്രവര്‍ത്തിക്കുന്നതായിരിക്കും. കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മപീഠം പുറത്തിറക്കിയ സനാതനധര്‍മ പരിചയം, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച രാമഗീത- വേദാന്തപ്രകാശിക വ്യാഖ്യാനം, മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ കര്‍മരഹസ്യം, സനാതനധര്‍മ സേവാ ട്രസ്റ്റ് പുറത്തിറക്കിയ ശ്രീ ശിവമഹിമ്‌നഃസ്‌തോത്രം - പരമേശ്വരീയം വ്യാഖ്യാനം, നവധാഭക്തി, ഉപനിഷത്തിലെ ഒരു ധര്‍മ്മോപദേശം, വേദാന്തം, പ്രണവം, ഭജഗോവിന്ദം - വ്യാഖ്യാനം, ജീവിതരഥയാത്ര, വൈദികശാന്തിമന്ത്രങ്ങള്‍ - വ്യാഖ്യാനം, പ്രശ്‌നോത്തരി (5 ഭാഗങ്ങള്‍), സ്‌തോത്രാമൃതം, ശ്രീമദ് ഭഗവദ്ഗീത (മൂലം), ശ്രീമദ് ഭഗവദ്ഗീത ശ്ലോകാര്‍ഥസഹിതം, ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം വ്യാഖ്യാനസഹിതം (9 ഭാഗങ്ങള്‍), ആധ്യാത്മികസാധന, ഗീതാധ്യാനം, ക്ഷേത്രം, പ്രവൃത്തിയും നിവൃത്തിയും, ജ്ഞാനയോഗം, കര്‍മ്മയോഗം, മഹാവാക്യങ്ങള്‍, ഉപദേശപഞ്ചരത്‌നം- വ്യാഖ്യാനം, ഏകശ്ലോകീപ്രകരണം, മായാപഞ്ചകം- വ്യാഖ്യാനം, സ്വരൂപാനുസന്ധാനാഷ്ടകം- വ്യാഖ്യാനം, അദ്വൈതപഞ്ചരത്‌നം- വ്യാഖ്യാനം, മനീഷാപഞ്ചകം- വ്യാഖ്യാനം, ഗുരൂപസത്തി, ശ്രീമദ് ഭഗവദ് ഗീത വ്യാഖ്യാനം 1, 2 ഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ തുടങ്ങിയ പുസ്തകങ്ങളാണു ലഭ്യമാവുക.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരണമാരംഭിച്ച അദ്വൈതാശ്രമം സത്സംഗം മാസികയുെട സ്റ്റാളും പ്രഭാഷണനഗരിയില്‍ ഉണ്ടായിരിക്കും. വരിക്കാരായി ചേരാനും അതുവഴി ഇതുവരെ പുറത്തിറങ്ങിയ കോപ്പികള്‍ സ്വന്തമാക്കാനും സാധിക്കും. ഖണ്ഡശ്ശ രൂപത്തില്‍ സ്വാമി ചിദാനന്ദ പുരി എഴുതുന്ന ദക്ഷിണാമൂര്‍ത്തി സ്‌തോത്രം വ്യാഖ്യാനം, പാണിനീയപ്രവേശിക, സ്വാമിനി ശിവാനന്ദ പുരി എഴുതുന്ന പഞ്ചദശീവ്യാഖ്യാനം, നീതിശതകം വ്യാഖ്യാനം തുടങ്ങിയ പംക്തികള്‍ മാസികയെ വേറിട്ടതാക്കുന്നു. സ്വാമി ചിദാനന്ദ പുരി എഴുതുന്ന സംശയനിവാരണം, പ്രമുഖ ആചാര്യന്മാരെ പരിചയപ്പെടുത്തുന്ന മഹച്ചരിതം, ജീവിതക്രമം ചിട്ടപ്പെടുത്താന്‍ സഹായകമാകുന്ന സുദര്‍ശനം തുടങ്ങിയവയും 'സത്സംഗ'ത്തില്‍ വായിക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാസികയില്‍ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള ഗൗരവമേറിയ ലേഖനങ്ങളും വായിക്കാം.
.

Back to Top