ആദികാവ്യത്തില്‍ ജീവിതസത്യത്തിനു കാവ്യരൂപം പകര്‍ന്ന വാല്മീകി മുനി
January 4 2016
ഗുരുപഥം
സ്വാമിനി ശിവാനന്ദ പുരി
കൂജന്തം രാമ രാമേതി
മധുരം മധുരാക്ഷരം,
ആരുഹ്യ കവിതാശാഖാം
വന്ദേ വാല്മീകികോകിലം.
(കവിതാശാഖയില്‍ കയറിയിരുന്ന് രാമ രാമ എന്നു മധുരമായി കൂജനംചെയ്യുന്ന വാല്മീകിയാകുന്ന കോകിലത്തെ ഞാന്‍ വന്ദിക്കുന്നു)- കവികുലതിലകനായ ആദികവിയെ വന്ദിക്കുന്ന മധുര ശ്ലോകമാണിത്.
ശ്രീരാമചരിതത്തെ അനശ്വരമാക്കിയ വാല്മീകി മഹര്‍ഷിയുടെ ജീവിതത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതു ചരിത്രത്തിന്റെ വലിയ പരിമിതികളിലൊന്ന്. ചരിത്രാതീത കാലത്തെയെന്നപോലെ ആദികവിയെക്കുറിച്ചും അറിയാന്‍ ഐതിഹ്യങ്ങള്‍ മാത്രമാണ് അവലംബം.
പ്രചേതസ്സ് മഹര്‍ഷിയുടെ മകനായിരുന്നു എന്നും വരുണന്റെ പത്താമത്തെ മകനായിരുന്നു എന്നും രണ്ടു പക്ഷങ്ങള്‍ വാല്മീകിയെക്കുറിച്ച് ഉണ്ട്. രത്നാകരന് എന്നായിരുന്നു പേര്. ചെറുപ്പത്തില്‍ തെറ്റായ മാര്‍ഗത്തില്‍ ജീവിക്കുന്നവരുടെ പിടിയില്‍പ്പെട്ട് കൊള്ളക്കാരനായിത്തീര്ന്നു. വിവാഹംകഴിച്ച് കുട്ടികളുമായതോടെ കുടുംബത്തെ പോറ്റാന്‍ രത്നാകരന് കണ്ടുപിടിച്ച എളുപ്പവഴി യാത്രക്കാരെ കൊള്ളയടിക്കുക എന്നതായിരുന്നു. കൊള്ളയടിക്കാനുള്ള ഇരകളെ തേടിനടക്കവേ, ഒരു ദിവസം സപ്തര്‍ഷിമാരുടെ (നാരദമഹര്‍ഷിയുടെ എന്നും പക്ഷം) മുന്നില്‍ ചെന്നുപെട്ടു. എന്നാല്‍ അല്പനേരം മാത്രം നീണ്ട ആ സംഗമം അവനെ മാനസാന്തരപ്പെടുത്തി. തങ്ങളെ കൊള്ളയടിക്കാന്‍ ഒരുങ്ങിവന്നനോട് മഹര്‍ഷിമാര്‍ ശാന്തസ്വരത്തില്‍, താന്‍ ചെയ്യുന്ന ഈ കൊടുംപാപത്തിന്റെ പങ്ക് തന്റെ ഭാര്യയും മക്കളും പങ്കിട്ടെടുക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യമുയര്‍ത്തി. തുടര്‍ന്നു ഭാര്യയോടും മക്കളോടും ഇക്കാര്യം ചോദിച്ചു വരാന്‍ ആവശ്യപ്പെട്ടു. തിരിച്ചുവരുന്നതുവരെ തങ്ങള്‍ ഇവിടെത്തന്നെ കാണുമെന്നു ഋഷിമാര്‍ ഉറപ്പുനല്കിയതോടെ രത്നാകരന് വീട്ടിലേക്കോടി. നിങ്ങളെ സന്തുഷ്ടരാക്കാന്‍ ഞാന്‍ ചെയ്യുന്ന പാപങ്ങള്‍ പങ്കിടാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനു ഭാര്യയും മക്കളും നല്കിയ മറുപടി രത്നാകരനെ ആകുലനാക്കി. താന്താന് നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ എന്ന ചിന്തോദ്ദീപകമായ മറുപടിയാണ് ഭാര്യ നല്‍കിയത്.
മഹര്‍ഷിമാര്‍ ചൂണ്ടിക്കാട്ടിയ കാര്യവും ഭാര്യയില്‍നിന്നു ലഭിച്ച മറുപടിയും രത്നാകരനില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. അവന് ഓടി മഹര്‍ഷിമാരുടെ കാല്‍ക്കല്‍വീണ് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൃപ തോന്നിയ മഹര്‍ഷിമാര്‍ 'മരാ മരാ' എന്നു ജപിക്കാനുള്ള ഉപദേശമാണ് അവനു നല്‍കിയത്.
അവന് ജപം ആരംഭിച്ചു. അല്പസമയംകൊണ്ട് അതു 'രാമ, രാമ' എന്ന രാമമന്ത്രമായി. ആ രാമമന്ത്രജപത്തില് സ്വയംമറന്ന് രത്നാകരന് വര്‍ഷങ്ങളോളം ഇരുന്നു. മഹര്‍ഷിമാരുടെ വിളികേട്ടാണു പിന്നീടെപ്പഴോ കണ്ണുതുറന്നത്. അപ്പോഴേക്കും ഏകാഗ്രതയോടെയുള്ള നാമജപം രത്നാകരന്റെ വ്യക്തിത്വത്തെ സമൂലം മാറ്റിമറിച്ചിരുന്നു. വല്മീകം (ചിതല്‍പ്പുറ്റ്) വന്നു മൂടിയതുപോലും അറിയാത്ത വിധം ഏകാഗ്രമായ ധ്യാനത്തില്‍ മുഴുകിയിരുന്നതിനാല്‍ ഇനിമുതല്‍ വാല്മീകി എന്നറിയപ്പെടട്ടെ എന്ന് മഹര്‍ഷിമാര്‍ അവനെ അനുഗ്രഹിച്ചു. ഇപ്രകാരമാണ് വിശ്വാദരണീയനായ ആദികവി വാല്മീകിമഹര്ഷിയുടെ 'പിറവി'.
ലഭ്യമായ ലഘു ജീവചരിത്രത്തിനപ്പുറം ആദികവിയുടെ മഹത്വം തിരിച്ചറിയാന്‍ സഹായിക്കുന്നതു വാല്മീകിരാമായണം ആണെന്നതില്‍ തര്‍ക്കമില്ല. പുരുഷോത്തമനായ രാമന്റെയും ഭാരതീയസ്ത്രീത്വാദര്ശമായ പതിവ്രതാരത്നമായിരുന്ന സീതാദേവിയുടെയും ചരിത്രം പറയുന്നതിനൊപ്പം ഭാരതസംസ്കാരത്തെത്തന്നെയാണു രാമായണത്തിലൂടെ വാല്മീകി മഹര്‍ഷി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. രാമായണത്തെക്കാള്‍ ഭാരതീയ ജനമനസ്സുകളെ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. എക്കാലവും അതങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അത്ര മഹനീയമായ ഒരു ഗ്രന്ഥം ഏതു മഹാപുരുഷന്റെ തൂലികയില്നിന്നാണോ ഇതള്‍വിരിഞ്ഞത്, അദ്ദേഹത്തിന്റെ മഹത്വത്തെ വെളിപ്പെടുത്താന്‍ മറ്റെന്തു വേണം! തപോനിഷ്ഠനായിക്കഴിഞ്ഞിരുന്ന മഹര്‍ഷി ഏറ്റവും സഹൃദയനായ ഒരു കവിയുമായിരുന്നുവെന്ന് രാമായണശ്ലോകങ്ങള്‍ വെളിവാക്കുന്നു. ഓരോ ശ്ലോകത്തിലും കവിത്വം തുളുമ്പിനില്ക്കുന്നു. പ്രകൃതിയെക്കുറിച്ചായാലും സംഭവങ്ങളെക്കുറിച്ചായാലും വര്ണിക്കാനാരംഭിച്ചാല് മറ്റെല്ലാം മറന്നു വര്‍ണനയില്‍ മുഴുകുന്ന കവിയെയാണ് നാം കാണുക! മഹര്‍ഷിയുടെ ആധ്യാത്മികവ്യക്തിത്വം മാത്രമല്ല, ധാര്‍മികവും സാംസ്കാരികവുമായ വിജ്ഞാനത്തോടൊപ്പം ഭൂപ്രദേശവിജ്ഞാനവും ലൗകികവിഷയങ്ങളെക്കുറിച്ചുള്ള അറിവും എല്ലാം രാമായണം നമുക്കുമുന്നില്‍ കാണിച്ചുതരുന്നു. ഓരോ വര്‍ണനകളിലും മഹര്‍ഷി പുലര്‍ത്തുന്ന സൂക്ഷ്മത അതീവഹൃദ്യമാണെന്നതും ശ്രദ്ധേയം.
വാല്മീകിരാമായണത്തില് തന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള ഒരു സൂചനയും ആദികവി നല്‍കുന്നില്ല. രാമായണാരംഭം നാരദരും വാല്മീകിയുമായുള്ള സംഭാഷണത്തില്‍നിന്നാണല്ലോ. വാല്മീകിരാമായണപ്രകാരം മഹര്‍ഷി ആദ്യമായി സീതയെ കാണുന്നതു തന്റെ ശിഷ്യര്‍ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്. ശ്രീരാമന്റെ ആജ്ഞയനുസരിച്ച് ലക്ഷ്മണന് വാല്മീകിമഹര്ഷിയുടെ ആശ്രമത്തിനടുത്ത് ഉപേക്ഷിച്ചപ്പോള്‍ സീത ദീനരോദനം പുറപ്പെടുവിച്ചതു കേട്ടാണു വാല്മീകിശിഷ്യര് സഹായത്തിനെത്തിയത്. എന്നാല്‍ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ വനവാസത്തിനു പോകുന്ന രാമന് വാല്മീകിയെ കണ്ടുമുട്ടുന്നതും മഹര്‍ഷി രാമനോട് താന്‍ എങ്ങനെ മഹര്‍ഷിയായിത്തീര്‍ന്നു എന്നു വിവരിക്കുന്നതും വിശദീകരിക്കുന്നുണ്ട്. മൂലഗ്രന്ഥത്തില്‍ ഇല്ലാത്തതാണെങ്കിലും ഈ ഭാഗം ഹിന്ദുസംസ്കാരത്തിന്റെ ആന്തരികസത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സജ്ജനസംസര്‍ഗത്തിന്റെ മഹിമയും ഈശ്വരനാമത്തിന്റെ ശക്തിയും മാഹാത്മ്യവും എല്ലാം ഈ വരികളില്‍ തെളിഞ്ഞു കാണാം. ''ചിന്മയനായ നിന് നാമമഹിമയാല് ബ്രഹ്മമുനിയായ്ച്ചമഞ്ഞിതു ഞാനെടോ'' എന്നു മഹര്‍ഷിതന്നെ ശ്രീരാമനോടു പറയുന്നുണ്ട്.
ബ്രഹ്മാവിനാല്‍ പ്രചോദിതനായ വാല്മീകി മഹര്‍ഷി രാമചരിത രചന പൂര്‍ത്തിയാക്കി. തന്റെ അതുല്യമായ ആ കൃതിയെ പഠിപ്പിക്കാനായി ആദ്യംതന്നെ തെരഞ്ഞെടുത്ത ശിഷ്യന്മാര് മറ്റാരുമായിരുന്നില്ല; തന്റെ പര്‍ണശാലയില്‍ വളര്‍ന്നുവരുന്ന സീതാരാമപുത്രന്മാരായ ലവകുശന്മാര് തന്നെ. സീതാദേവിയുടെ പവിത്രത ശ്രീരാമനെയും ലോകത്തെയും മുഴുവന്‍ അറിയിക്കണമെന്നു നിശ്ചയിച്ച മഹര്‍ഷി, രാമന്റെ അശ്വമേധയാഗ സമയത്ത് രാമഗാഥ നഗരവീഥിയില്‍ മുഴുവനും പാടുന്നതിനായി കുട്ടികളെ നിയോഗിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തം. അങ്ങനെ വിവരം രാമന്റെ ചെവിയിലെത്തി. കുട്ടികളെ കൊട്ടാരത്തില്‍ വരുത്തി രാമന് സ്വയമേവ ആ കഥ ശ്രവിക്കുന്നു. സീത തന്റെ ചാരിത്ര്യം വീണ്ടും ലോകസമക്ഷം തെളിയിച്ചാല്‍ താന്‍ സ്വീകരിക്കാമെന്നുറയ്ക്കുന്ന രാമന്, വിവരം അറിയിച്ചതനുസരിച്ച് സീതാദേവി മഹര്ഷിയോടൊന്നിച്ച് രാമസഭയിലെത്തി. സീതാദേവിയുടെ പവിത്രതയെക്കുറിച്ച് സഭാവാസികളുടെയെല്ലാം മുന്നില്‍വെച്ച് പിതൃതുല്യമായ വാത്സല്യത്തോടെ ശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണു മഹര്‍ഷി രാജസഭയില്‍.
സത്യം വദ, ധര്‍മം ചര, മാതൃദേവോ ഭവ, പിതൃദേവോ ഭവ എന്നു തുടങ്ങിയ ആര്ഷമന്ത്രങ്ങളെ എങ്ങനെ നമ്മുടെ വ്യക്തിജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നും ഉദാത്തമായ ഭ്രാതൃസ്നേഹമെന്തെന്നും ത്യാഗമെന്തെന്നും ബോധിപ്പിക്കുന്നതില്‍ വിജയിച്ച കൃതിയാണു രാമായണം. ഭക്തി തുടങ്ങിയ മഹനീയമായ മൂല്യങ്ങളെ രാമന്, സീത, കൗസല്യ, സുമിത്ര, ഹനുമാന്, വിഭീഷണന് എന്നിങ്ങനെ ഒട്ടനവധി വ്യക്തിത്വങ്ങളിലൂടെ മനുഷ്യനെ ബോധിപ്പിച്ച ഗ്രന്ഥവുമാണിത്.
ശ്രീരാമഗതപ്രാണനായിരുന്ന ആ മഹര്ഷിശ്രേഷ്ഠന്റെതെന്ന് ഒരു വിഭാഗം പണ്ഡിതര്‍ വിശ്വസിക്കുന്ന മറ്റൊരു ഗ്രന്ഥവും ലഭ്യമാണ്. അതു വാസിഷ്ഠരാമായണമാണ്. ജ്ഞാനവാസിഷ്ഠം എന്നുകൂടി അറിയപ്പെടുന്ന ഈ ഗ്രന്ഥം അത്യുത്കൃഷ്ടമായ ഒരു വേദാന്തഗ്രന്ഥമാണ്. യാഗരക്ഷയ്ക്കായി ശ്രീരാമനെ വിട്ടയയ്ക്കാനപേക്ഷിച്ച് വിശ്വാമിത്ര മഹര്‍ഷി അയോധ്യയിലെത്തിയ സമയത്ത് ശ്രീരാമന് ചിന്താമഗ്നനായി വൈരാഗ്യഭാവത്തോടെ കഴിയുകയായിരുന്നുവെന്നും വസിഷ്ഠ മഹര്‍ഷി തത്ത്വോപദേശത്തിലൂടെ രാമന്റെ മൗഢ്യത്തെ മാറ്റി എന്നുമാണ് പറയപ്പെടുന്നത്. ആ തത്ത്വോപദേശമാണ് വാസിഷ്ഠരാമായണം. ആ ഉപദേശത്തെ ഗ്രന്ഥരൂപത്തിലാക്കിയത് വാല്മീകിമഹര്ഷിയാണെന്നു കരുതപ്പെടുന്നു.
.സ്വാമിനി ശിവാനന്ദ പുരി