Bharathayathra

ഇതു ഗോകര്‍ണം: മലകളുടെ മടിത്തട്ടില്‍, അലകടല്‍ തഴുകുന്ന ക്ഷേത്രനഗരം

സമുദ്രവും മലകളും അതിരിടുന്ന ഗോകര്‍ണം എന്ന കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊച്ചുനഗരം സവിശേഷതകളുടെ സംഗമഭൂമിയാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടമുള്ള വിശുദ്ധനഗരം തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയുംകൂടി സംഗമഭൂമിയാണ്. തീര്‍ഥാടനത്തിനെത്തുന്നവരില്‍ വിനോദസഞ്ചാരചിന്തകളും വിനോദസഞ്ചാരികളില്‍ ആത്മീയതയും ഗോകര്‍ണം ഉണര്‍ത്തുന്നു. ഏതു മനസ്സിനെയും തൊട്ടുലയ്ക്കുന്ന പ്രകൃതിഭംഗി ഈ വിശുദ്ധനഗരത്തെ ഒരു സൂന്ദരഭൂമികയാക്കിത്തീര്‍ക്കുന്നു.
പരമ്പരാഗതമായി ഏഴു പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു ഗോകര്‍ണം. സമുദ്രതീരത്തു ശതശൃംഗപര്‍വതത്തിനു നടുവിലുള്ള ചെറിയ നഗരത്തെ ഇത്ര പ്രാധാന്യമുള്ളതാക്കിത്തീര്‍ക്കുന്നതു ശിവന്റെ ആത്മതത്ത്വലിംഗമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മഹാബലേശ്വരക്ഷേത്രമാണ്.  
ഗോകര്‍ണം എന്ന സ്ഥലപ്പേരുണ്ടായതിനെക്കുറിച്ചു തന്നെ ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. പാതാളത്തില്‍ തപസ്സു ചെയ്തുകൊണ്ടിരുന്ന രുദ്രന്‍ പശുരൂപത്തില്‍ നിലകൊണ്ട ഭൂമിയുടെ ചെവിയിലൂടെ പ്രകടനായതിനാല്‍ ഗോകര്‍ണന്‍ എന്നും അതു സംഭവിച്ച സ്ഥലത്തിനു ഗോകര്‍ണം എന്നും പേരു വന്നുവെന്നാണ് ഒരു കഥ.
മറ്റൊരു കഥയിതാണ്: ഒരിക്കല്‍ ശിവന്‍ മാനിന്റെ വേഷത്തില്‍ കൈലാസത്തില്‍നിന്ന് അപ്രത്യക്ഷനായി. ദേവന്മാര്‍ ആ മാനിനെ പിടികൂടി. വിഷ്ണുവും ബ്രഹ്മാവും ഇന്ദ്രനും കൊമ്പില്‍ പിടിച്ചു. അപ്പോള്‍ മാന്‍ അപ്രത്യക്ഷനായി. എന്നാല്‍ ഈ ദേവന്‍മാരുടെ കൈകളില്‍ കൊമ്പിന്റെ മൂന്നു കഷണങ്ങള്‍ ശേഷിച്ചു. വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും കൈകളില്‍ ഉണ്ടായിരുന്ന കൊമ്പിന്റെ മൂലഭാഗവും മധ്യഭാഗവും ഗോലാ ഗോകര്‍ണനാഥത്തും ശൃംഗേശ്വരത്തും സ്ഥാപിക്കപ്പെട്ടു. ഇന്ദ്രന്റെ കയ്യില്‍ കൊമ്പിന്റെ അഗ്രഭാഗമാണുണ്ടായിരുന്നത്. ഇന്ദ്രന്‍ അതു സ്വര്‍ഗത്തില്‍ സ്ഥാപിച്ചു. രാവണപുത്രനായിരുന്ന മേഘനാദന്‍ ഇന്ദ്രനെ പരാജയപ്പെടുത്തിയ സമയത്തു രാവണന്‍ സ്വര്‍ഗത്തില്‍നിന്ന് ആ ലിംഗമൂര്‍ത്തിയെ ലങ്കയിലേക്കു കൊണ്ടുപോകാനൊരുങ്ങി.
രാവണന്‍ ഗോകര്‍ണക്ഷേത്രത്തിലെത്തിയപ്പോള്‍ സമയം സന്ധ്യയായിരുന്നു. രാവണന് അപ്പോള്‍ കലശലായ മൂത്രശങ്കയുണ്ടായി. രാവണന്റെ കയ്യിലകപ്പെട്ടതില്‍ ദേവതയ്ക്കു വ്യാകുലതയുണ്ടായി എന്നും ദേവതയുടെ മായ നിമിത്തമാണു രാവണനു മൂത്രശങ്കയുണ്ടായതെന്നും കരുതിപ്പോരുന്നു. ലിംഗം ഭൂമിയില്‍വെച്ചാല്‍ അവിടെ ഉറച്ചുപോകുമെന്നു ശിവന്‍ പറഞ്ഞിരുന്നതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ രാവണന്‍ വലഞ്ഞു. ആ സമയത്ത്, ദേവതയുടെ പ്രാര്‍ഥനയാല്‍ ബ്രഹ്മചാരിയുടെ വേഷത്തില്‍ ഗണേശന്‍  അവിടെയെത്തി. രാവണന്‍ ശിവലിംഗം ബ്രഹ്മചാരിയുടെ കയ്യില്‍ ഏല്‍പിച്ച് മൂത്രം ഒഴിക്കാന്‍ പോയി. എന്നാല്‍ എത്ര ഒഴിച്ചിട്ടും രാവണനു മൂത്രം തീര്‍ന്നില്ല. കാത്തിരുന്നു മടുത്ത ഗണേശന്‍ രാവണനെ മൂന്നു പ്രാവശ്യം വിളിച്ചു. എന്നിട്ടും വരാതിരുന്നപ്പോള്‍ ലിംഗം നിലത്തുവെച്ചു. അല്‍പം കഴിഞ്ഞു തിരിച്ചെത്തിയ രാവണന്‍ നിലത്തുനിന്നു ശിവലിംഗം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇളക്കാനായില്ല. ദേഷ്യംവന്നു രാവണന്‍ ഗണേശന്റെ തലയ്ക്ക് അടി കൊടുത്തു നിരാശനായി ലങ്കയിലേക്കു മടങ്ങി. രാവണന്റെ അടികൊണ്ട ഗണേശന്‍ 14 അടി മുന്നോട്ടുപോയി അവിടെ നിന്നു. ഉടന്‍ പ്രത്യക്ഷപ്പെട്ട ശിവന്‍ ''നിന്റെ ദര്‍ശനം കൂടാതെ ആരാണോ എന്നെ ദര്‍ശിക്കുന്നത് അവര്‍ക്ക് അതിന്റെ പുണ്യം ലഭിക്കില്ലെ''ന്നു വരം കൊടുത്തു.
രാവണന്‍ പിടിച്ചുവലിച്ചപ്പോള്‍ ലിംഗത്തിന്റെ ഒരു ഭാഗം പശുവിന്റെ ചെവിയുടെ ആകൃതിയില്‍ നീണ്ടുപോയത്രെ. അങ്ങനെ ഗോകര്‍ണം എന്ന പേരുണ്ടായി എന്നും വിശ്വസിച്ചുവരുന്നു.
ഈ കഥയുടെ ആദ്യഭാഗം വേറൊരു രീതിയില്‍ കൂടി പ്രചരിക്കുന്നുണ്ട്. അതു പ്രകാരം, രാവണമാതാവ് കൈകസി മണ്ണുകൊണ്ടുള്ള ശിവലിംഗത്തിലാണു പൂജ നടത്തിയിരുന്നത്. സമുദ്രതീരത്തു പൂജ ചെയ്യുമ്പോള്‍ ശിവലിംഗം തിരയടിച്ചു സമുദ്രത്തില്‍ ഒഴുകിപ്പോയി. മാതാവ് സങ്കടപ്പെടുന്നതു കണ്ടു രാവണന്‍ കൈലാസത്തില്‍ പോയി തപസ്സു ചെയ്ത് ശിവനില്‍നിന്ന് ആത്മതത്ത്വലിംഗം നേടിയത്രെ.
ദര്‍ശനത്തിനെത്തുന്നവര്‍ ക്ഷേത്രത്തില്‍ കലശം മാത്രമാണ് കാണുക. അതിനുള്ളില്‍ ആത്മതത്ത്വലിംഗത്തിന്റെ ശിരസ്സു മാത്രം കാണാം. അതിലാണു പൂജ നടത്തുന്നത്. 20 വര്‍ഷം കൂടുമ്പോള്‍ അഷ്ടബന്ധകലശമഹോല്‍സവം നടക്കും. അപ്പോള്‍ മാത്രമാണു ലിംഗം ശരിക്കു കാണാന്‍ സാധിക്കുക. മാന്‍കൊമ്പിനു തുല്യമാണ് ഈ മൂര്‍ത്തി.
ഇതിനടുത്തുതന്നെ കാലകാലേശ്വരനെന്ന ലിംഗമൂര്‍ത്തിയുണ്ട്. ക്ഷേത്രത്തിന്റെ അഗ്നികോണില്‍ കോടിതീര്‍ഥവും കോടിതീര്‍ഥത്തിനു തെക്ക് അഗസ്ത്യമുനിയുടെ ആശ്രമവുമുണ്ട്. അരികെയുള്ള താമ്രാചലം എന്ന പര്‍വതത്തില്‍നിന്നു താമ്രപര്‍ണീനദി ഉദ്ഭവിക്കുന്നു.
ഗോകര്‍ണം ഗ്രാമത്തില്‍ ശ്രീവെങ്കടേശ്വരഭഗവാന്റെ ക്ഷേത്രമുണ്ട്. ഗ്രാമരക്ഷകനായാണു ശ്രീവെങ്കടേശ്വരഭഗവാനെന്നാണു കരുതിപ്പോരുന്നത്. അനേകം തീര്‍ഥങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ ഏറ്റവും പ്രധാനം രാമതീര്‍ഥമാണ്.
വിദേശവിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ തേടിയെത്തുന്ന പ്രമുഖ കേന്ദ്രമായി ഗോകര്‍ണം മാറി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളും നഗരകേന്ദ്രീകൃതവിനോദസഞ്ചാരത്തിന് അനിവാര്യമായ മറ്റു സംവിധാനങ്ങളും ഇവിടെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു.
.

Back to Top