Sanathanam

കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ആധ്യാത്മിക അന്തര്യോഗത്തിനു തിരിതെളിഞ്ഞു

കൊളത്തൂര്‍: അടര്‍ക്കളത്തില്‍ തളര്‍ന്നിരിക്കുന്ന അര്‍ജുനന്‍ ധീരനാണ്, ദുര്‍ബലനല്ലെന്ന് ഓര്‍ക്കണമെന്നും ദൗര്‍ബല്യം ആവേശിച്ചതാണു ധീരനായ യോദ്ധാവിനെ തളര്‍ത്തിയതെന്നു തിരിച്ചറിയണമെന്നും നിലമ്പൂര്‍ പാലേമേട് ശ്രീരാമകൃഷ്ണാശ്രമത്തിലെ ആത്മസ്വരൂപാനന്ദ സ്വാമി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ 24-ാമത് വാര്‍ഷിക അന്തര്യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ജുനന്‍ മോശക്കാരനല്ലെന്നു ഭഗവദ്ഗീതയില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതും അങ്ങനെത്തന്നെയാണ്. ദുഃഖിതരോടും ആലംബഹീനരോടും തോന്നേണ്ട വികാരമാണു കൃപ. അസ്ഥാനത്തു കൃപ ജനിച്ചുവെന്ന പ്രശ്‌നമാണ് അര്‍ജുനന്‍ നേരിട്ടത്.
18 അധ്യായങ്ങളിലൂടെയും ഗീതയില്‍ വിശദമാക്കുന്നത് ആത്മാവിന്റെ അനശ്വരതയെക്കുറിച്ചാണ്. ഓരോ വ്യക്തിയും ശരീരമല്ല, ആത്മാവാണെന്നു തിരിച്ചറിയാന്‍ സാധിക്കണം. ശരീരമാണു വ്യക്തി എന്നു ചിന്തിക്കത്തക്കവിധം ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ട നിലയിലാണു സമൂഹം. ആചാര്യന്മാര്‍ ഈ തെറ്റിദ്ധാരണ നീക്കാന്‍ ഡീഹിപ്‌നോട്ടൈസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആത്മാവാണു താന്‍ എന്ന ബോധമുണ്ടാവാന്‍ ആധ്യാത്മിക അന്തര്യോഗങ്ങളും സത്സംഗങ്ങളും ഏറെ സഹായകമാകുമെന്നും ആത്മസ്വരൂപാനന്ദ സ്വാമി പറഞ്ഞു.
കൊളത്തൂര്‍ അദ്വൈാതശ്രമത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന അന്തര്യോഗങ്ങളില്‍ 24ാമത്തേതാണ് ഇതെന്നും ആശ്രമം സ്ഥാപിതമായതു മുതല്‍ മുടക്കമില്ലാതെ ഓരോ വര്‍ഷവും അന്തര്യോഗം നടന്നുവരാറുണ്ടെന്നും സ്വാമി ചിദാനന്ദപുരി സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടക്കകാലം മുതല്‍ അന്തര്യോഗത്തിനു പ്രമുഖ ആചാര്യന്മാരും ആശ്രമത്തിന്റെ ചുറ്റുപാടുമുള്ള നാട്ടുകാരും നല്‍കിവരുന്ന പിന്തുണ അദ്ദേഹം അനുസ്മരിച്ചു. എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമം നടത്തി.
ഭഗവദ് ഗീതയുടെ 18ാം അധ്യായമാണ് ഇത്തവണത്തെ അന്തര്യോഗത്തില്‍ പഠനവിധേയമാക്കുക. ഇന്നു രാവിലെ 10.15നു ഗീത 18ാം അധ്യായത്തിലെ ആദ്യ ആറു ശ്ലോകങ്ങളെ അധികരിച്ചു വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീര്‍ഥപാദ സ്വാമിയും ഉച്ചകഴിഞ്ഞ് 2.45നു ഗീതയുടെ പ്രായോഗികത എന്ന വിഷയത്തെക്കുറിച്ചു തൃശൂര്‍ മായന്നൂര്‍ പ്രജ്ഞാനത്തിലെ പ്രശാന്താനന്ത സരസ്വതി സ്വാമിയും പ്രഭാഷണം നടത്തും.
നാളെ രാവിലെ 10.15നു ഗീത 18ാം അധ്യായത്തിലെ ഏഴു മുതല്‍ 12 വരെ ശ്ലോകങ്ങളെ അധികരിച്ചു പാലക്കാട് കോങ്ങാട് ചെറായ സ്വാമി ദയാനന്ദതപോവനത്തിലെ സ്വാമി സദാനന്ദ സരസ്വതി സ്വാമിയും ഉച്ചകഴിഞ്ഞ് 2.45നു ഗീത പഠിക്കുന്നതെന്തിന് എന്ന വിഷയത്തില്‍ കോഴിക്കോട് അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി വിവേകാമൃത ചൈതന്യയും പ്രഭാഷണം നടത്തും.
.

Back to Top