Ulsavam

തീരാക്കൗതുകമായി മാവിലായിക്കാവ് അടിയുല്‍സവവും തിക്കലും

മേടമാസത്തിലാണ് ഉല്‍സവങ്ങളില്‍ പുതുമയായ കണ്ണൂരിലെ മാവിലാക്കാവ് അടിയുല്‍സവം. വിഷുക്കണി കണ്ട ഉടന്‍ കാവിലെ ദൈവത്താര്‍ പുറപ്പെടും. കണികണ്ടു മുടിവയ്ക്കുകയെന്നതാണു ചൊല്ല്. അണ്ടലൂര്‍ക്കാവ്, മുണ്ടലൂര്‍ക്കാവ്, പടുവിലാക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളില്‍ മാവിലാക്കാവിലെ ദൈവത്താറുടെ സഹോദരങ്ങളുണ്ടെന്നാണു വിശ്വാസം. സഹോദരങ്ങളെല്ലാം കൂടെ നായാട്ടിനു പോയെന്നും വഴിയില്‍ വച്ചു ദാഹം തോന്നിയ സഹോദരന്‍ കീഴ്ജാതിക്കാരന്റെ കിണറ്റില്‍ നിന്നു വെള്ളമെടുത്തുകുടിച്ചത്രെ. ഇക്കാര്യം വീട്ടില്‍ പോയി പറയുമെന്നു മാവിലാക്കാവ് ദൈവത്താര്‍ പറഞ്ഞെന്നും പ്രകോപിതനായ സഹോദരന്‍ നാക്കു ചവിട്ടിപ്പറിച്ചുവെന്നുമാണു കഥ. ഇക്കാരണത്താല്‍ തന്നെ മാവിലാക്കാവ് ദൈവത്താര്‍ സംസാരിക്കില്ല.
ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം മുഴുവന്‍. രണ്ടിനു കാടാച്ചിറയ്ക്കടുത്തു കച്ചേരിക്കാവിലാണ് അടി. മൂന്നിനു മൂന്നുപെരിയ ആറാട്ടുചിറയില്‍ തിക്കല്‍. നാലിനു മൂന്നാം പാലത്ത് അടിക്കണ്ടത്തിലാണ് അടി. മൂത്തവരും ഇളവയവരും എന്നു വേര്‍തിരിക്കപ്പെടുന്ന നായര്‍ കുടുംബാംഗങ്ങളിലെ ഏഴു വീതം പേര്‍ ഇരു വിഭാഗത്തും മറ്റുള്ളവരുടെ തോളിലേറി നിന്നാണ് ഏറ്റുമുട്ടുക. അവില്‍ക്കൂട് മേലോട്ട് എറിയുകയും അതു കൈക്കലാക്കുന്ന പക്ഷം അടി തുടങ്ങുകയും ചെയ്യുകയെന്നതാണു രീതി. അവിലിനു വേണ്ടിയാണ് അടി നടന്നതെന്ന വിശ്വാസത്തിലാണിത്.
ഇരുപക്ഷക്കാരെയും തോളിലേറ്റാന്‍ അധികാരപ്പെട്ടവരാകും തോളില്‍ എടുക്കുക. നിരവധി യുവാക്കള്‍ സഹായികളായി ഒപ്പമുണ്ടാകും. കൂടുതല്‍ ഉയരത്തില്‍ നിര്‍ത്തി അടിക്കാന്‍ അവസരമൊരുക്കുകയന്നതാണ് എടുക്കുന്നവരുടെ ഉത്തരവാദിത്തം. അടിക്കാര്‍ക്ക് അടിയില്‍ ദേഹത്തുണ്ടാകുന്ന പരുക്ക് കാവിലെ മഞ്ഞക്കുറി പുരട്ടിയാല്‍ ഭേദമാകുമെന്നാണു വിശ്വാസം. അഞ്ചാം തീയതി കാവില്‍ ദൈവത്താറുടെ വില്ലാട്ടവും മഞ്ഞക്കുറിയെറിയലും നടക്കും. ആറിനു പുലര്‍ച്ചെ നടക്കുന്ന ആറാട്ടോടെ ഉല്‍സവം സമാപിക്കും. കൗതുകക്കാഴ്ചയായ അടിയുല്‍സവം ക്യാമറകള്‍ക്കും മാധ്യമങ്ങള്‍ക്കും രുചിയേറിയ വിഭവങ്ങളിലൊന്നാണ്. മാധ്യമങ്ങളും അടിയുല്‍സവത്തെ വര്‍ണിക്കുന്നതു തീരാക്കൗതുകമായാണ്.
.

Back to Top