Bharathayathra

സര്‍വശുഭകാരിണിയാം വാഗ്‌ദേവത

നഗരവല്‍ക്കരിക്കപ്പെടാന്‍ സ്വയം മടിച്ചുനില്‍ക്കുകയാണെന്നു തോന്നിപ്പോകുന്ന കൊച്ചു ക്ഷേത്രനഗരമാണു കൊല്ലൂര്‍. കര്‍ണാകടയുടെ തെക്കേയറ്റത്ത്, സസ്യശ്യാമളമായ പ്രകൃതിയുടെ മടിത്തട്ടില്‍, ശാന്തമായൊഴുകുന്ന കൊച്ചുനദിയുടെ തീരത്തുള്ള വാഗ്‌ദേവതാക്ഷേത്രം ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഹരിതാഭമായ ഏറെ ഏടുകള്‍ സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കുമായി കാത്തുസൂക്ഷിക്കുന്നു. തീര്‍ഥാടകര്‍ക്കു മാത്രമല്ല, അറിവിനെയും കലകളെയും ആദരിക്കുന്നവര്‍ക്കൊക്കെ ഇഷ്ടകേന്ദ്രമാണ് ആദിശക്തി കുടികൊള്ളുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും നര്‍ത്തകരുമൊക്കെ വാഗ്‌ദേവതയെ വണങ്ങാനെത്തുന്നു; നവരാത്രിമഹോല്‍സവവും രഥയാത്രയും സരസ്വതീമണ്ഡപവുമൊക്കെയായി എത്രയോ സവിശേഷതകള്‍ അവരെ വരവേല്‍ക്കുകയും ചെയ്യുന്നു.
ഉഡുപ്പി കൊല്ലൂരിലാണ് ഐതിഹ്യപ്പെരുമയുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്‌കന്ദപുരാണത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. പൗരാണികകാലം മുതല്‍ നിലവിലുള്ള ആരാധനാലയം. മലയാളികളുേടതുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. വാഗ്‌ദേവതയാണ് മുഖ്യപ്രതിഷ്ഠ. വിദ്യാദേവിക്കു മുന്നില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നതു ശ്രേഷ്ഠമായി കരുതിപ്പോരുന്നു. ജാതിമതഭേദ്യമന്യേ, സംഗീതമുള്‍പ്പെടെയുള്ള കലാരംഗങ്ങളില്‍ പ്രശസ്തരായവര്‍ മുടങ്ങാതെ മൂകാംബികാക്ഷേത്രത്തില്‍ തൊഴാനെത്തും. ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിദ്യയുടെയും കലകളുടെയും ദേവിയാണു വാഗ്‌ദേവത. മൂകാംബികാസന്നിധിയില്‍ കലകളുടെ അരങ്ങേറ്റം കുറിക്കുന്നതു മഹത്തരമായി കരുതപ്പെടുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള സരസ്വതീമണ്ഡപം കലകളുടെ അവതരണത്തിനുള്ള സ്വതന്ത്രവേദിയാണ്. ദേവീചൈതന്യത്തോടൊപ്പം നൃത്ത, നാട്യ, സംഗീതാദി കലകളും ക്ഷേത്രത്തെ എന്നും സജീവമാക്കുന്നു. നിത്യേന, ആബാലവൃദ്ധം ജനങ്ങള്‍ ദേവിയുടെ പാദാരവിന്ദങ്ങളില്‍ തങ്ങളുടെ കലാവൈഭവം ഭക്ത്യാദരപൂര്‍വം സമര്‍പ്പിക്കുന്നു.
പരശുരാമന്‍ സ്ഥാപിച്ച ഏഴു മുക്തിക്ഷേത്രങ്ങളിലൊന്നാണ് മൂകാംബികയിലേത്. മൂല മൂകാംബികാക്ഷേത്രം സ്ഥിതിചെയ്യുന്നതാകട്ടെ, കുടജാദ്രിയിലാണ്. ശങ്കരാചാര്യരാണ് ഇവിടെനിന്ന് ആവാഹനം നടത്തി താഴെ പ്രതിഷ്ഠ നിര്‍വഹിച്ചതെന്നും വിശ്വാസമുണ്ട്. ശങ്കരാചാര്യര്‍ തന്നെയാണു പൂജാക്രമത്തിനു രൂപം നല്‍കിയതെന്നും കരുതപ്പെടുന്നു. 51 ശക്തിപീഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണു സിദ്ധിപീഠമായ മൂകാംബിക. സതിയുടെ നാവു വീണ സ്ഥലമാണിതെന്നും കരുതപ്പെടുന്നു. കോലമഹര്‍ഷിയുടെ തപോഭൂമിയായിരുന്നു കൊല്ലൂര്‍. മൂകാസുരനു മോക്ഷം ലഭിച്ച സ്ഥലമായതിനാല്‍ മൂകാംബിക എന്ന പേരുകൂടി ലഭിച്ചു.  
ക്ഷേത്രോല്‍പത്തിയെക്കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുമുണ്ട്. അകിടില്‍നിന്ന് ഒരു ലിംഗത്തിലേക്കു പാല്‍ ചുരത്തുന്ന പശുവിനെ കോലമഹര്‍ഷി കാണാനിടയായത്രെ. തുടര്‍ന്ന്, അദ്ദേഹം ആ ലിംഗത്തെ ആരാധിക്കാന്‍ തുടങ്ങി. പശുവിന്റെ കുളമ്പു ദൃശ്യമാകുന്ന ഈ ലിംഗത്തിനു ദൈവികശക്തിയുണ്ടെന്നു വിശ്വസിക്കപ്പെട്ടു. മധ്യത്തില്‍ സ്വര്‍ണരേഖയുള്ള സ്വയംഭൂലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠയെന്നാണു കരുതിപ്പോരുന്നത്. ലിംഗത്തിന്റെ വലതുഭാഗത്ത് സരസ്വതി, ദുര്‍ഗ, ലക്ഷ്മി എന്നീ ദേവികളും ഇടതുഭാഗത്ത് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളുമുണ്ടെന്നും സങ്കല്‍പമുണ്ട്. ലിംഗത്തിനു പിറകിലായുള്ള ചതുര്‍ബാഹുവായ ദേവീവിഗ്രഹം ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ചതാണത്രെ. പഞ്ചലോഹത്തില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ മാറില്‍ വിലയേറിയ അമൂല്യരത്‌നം ചാര്‍ത്തിയിട്ടുണ്ട്.
ക്ഷേത്രത്തെക്കുറിച്ചു പ്രചാരമുള്ള ഐതിഹ്യമിതാണ്: തന്നെ ഒരു ജീവജാലത്തിനും വധിക്കാന്‍ സാധിക്കരുതെന്ന വരംതേടി കാമാസുരന്‍ പരമശിവനെ തപസ്സു ചെയ്തു. ശിവന്‍ പ്രസാദിച്ചപ്പോള്‍, ആരാലും കൊല്ലപ്പെടില്ലെന്ന വരം കാമാസുരനു ലഭിക്കാതിരിക്കാന്‍ പാര്‍വതീദേവി ഇടപെട്ടു. വരം ചോദിക്കുന്നതിനുമുമ്പേ അസുരന്റെ സംസാരശേഷി പാര്‍വതി ഇല്ലാതാക്കി. ഇതോടെ കാമൂസുരനു മൂകാസുരന്‍ എന്ന പേരുണ്ടായി.
തന്റെ മോഹങ്ങള്‍ തകര്‍ക്കപ്പെടുകയും സംസാരശേഷി ഇല്ലാതാക്കപ്പെടുകയും ചെയ്തതില്‍ ക്ഷുഭിതനായ മൂകാസുരന്‍ കോലമഹര്‍ഷിക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്നു പാര്‍വതീദേവി മൂകാസുരനെ വധിക്കുകയും മൂകാംബികയില്‍ വാഗ്‌ദേവതയായി കുടികൊള്ളുകയും ചെയ്തു.
മൂകാംബികക്ഷേത്രപരിസരത്തുകൂടി ഒഴുകുന്ന സൗപര്‍ണികാനദി പുണ്യനദിയായാണു കരുതപ്പെടുന്നത്. നീരൊഴുക്കുള്ള സൗപര്‍ണികയില്‍ കുളിച്ചാല്‍ സര്‍വരോഗങ്ങളും ശമിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നദിക്കു സൗപര്‍ണിക എന്ന പേരു ലഭിച്ചതിനു പിന്നിലും രസകരമായ കഥയുണ്ട്. സുപര്‍ണനെന്ന ഗരുഡന്‍ അമ്മയുടെ സങ്കടമോക്ഷത്തിനായി നദീതീരത്തു തപസ്സു ചെയ്തുവത്രെ. സംപ്രീതയായി ദേവി മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നദിക്കു തന്റെ പേരു വേണമെന്ന് അഭ്യര്‍ഥിച്ചതോടെയാണു പേരു മാറിയതെന്നാണു വിശ്വസിച്ചുപോരുന്നത്.
.

Back to Top