Rishipatham

പാണിനി മഹര്‍ഷി: അനശ്വരമായ അക്ഷരവൈഭവം

വൈജ്ഞാനിക സമ്പത്തിനു മാനവരാശി ഏറ്റവും കടപ്പെട്ടിരിക്കുന്ന മഹാത്മാക്കളില്‍ എന്തുകൊണ്ടും മുന്‍പന്തിയിലാണു പാണിനി മഹര്‍ഷിയുടെ സ്ഥാനം. ദേവഭാഷയായ സംസ്‌കൃതത്തിന് വ്യാകരണപരമായ ശാസ്ത്രീയഘടന ആവിഷ്‌കരിക്കുക എന്ന ദൗത്യം നിര്‍വഹിക്കുകവഴി ഏതൊരു അറിവും ആര്‍ജിക്കുന്നതിന് ആവശ്യമായ ബുദ്ധിപരമായ അച്ചടക്കം നേടിയെടുക്കാനുള്ള പദ്ധതി കൂടിയാണ് പാണിനി മഹര്‍ഷി പകര്‍ന്നുനല്‍കിയത്. ഏതു വിഷയവും പഠനവിധേയമാക്കാന്‍ ഏറ്റവും ലളിതവും ഘട്ടംഘട്ടവുമായ രീതികളിലേക്ക് പാണിനി മഹര്‍ഷി തന്റെ വ്യാകരണശാസ്ത്രത്തിലൂടെ നമ്മെ നയിക്കുന്നു. മാനവപ്രതിഭയുടെ അത്യുദ്ഭുതകരമായ ഔന്നത്യമാണ് പാണിനീയ വ്യാകരണത്തില്‍ ദര്‍ശിക്കാനാവുക.
മനുഷ്യന് അഭ്യുദയ-നിഃശ്രേയസങ്ങളെ (ഭൗതികവും ആത്മീയതവുമായ അഭിവൃദ്ധി) പ്രദാനം ചെയ്യുന്നവയാണു വേദങ്ങള്‍. വേദജ്ഞാനമാകട്ടെ വേദാംഗങ്ങളുടെ ജ്ഞാനത്തിലൂടെയാണു സിദ്ധിക്കുന്നത്. ശിക്ഷ, കല്‍പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ വേദാംഗങ്ങളില്‍ വേദമുഖമായാണു വ്യാകരണത്തെ മാനിക്കുന്നത്. പാണിനി മഹര്‍ഷിക്കു മുമ്പും അനേകം വ്യാകരണശാസ്ത്രജ്ഞന്മാര്‍ ഉണ്ടായിരുന്നതായി വോപദേവന്‍ തന്റെ പ്രശസ്ത ഗ്രന്ഥമായ കവികല്‍പദ്രുമത്തില്‍ വ്യക്തമാക്കുന്നുണ്ട്. പല പൂര്‍വികാചാര്യന്മാരുടെയും പേരുകള്‍ ശാസ്ത്രവിവരണത്തിനിടെ പാണിനി മഹര്‍ഷിയും പരാമര്‍ശിക്കുന്നുണ്ട്. വ്യാകരണശാസ്ത്രത്തിന്റെ വിവിധ ശാഖകള്‍ പാണിനിക്കു മുമ്പേ തന്നെ ഭാരതത്തില്‍ വേരൂന്നിയിരുന്നു എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ ഇന്ന് സംസ്‌കൃത വ്യാകരണ ശാസ്ത്രം എന്നു പറഞ്ഞാല്‍ പാണിനീയ വ്യാകരണമാണ്. പാണിനീയം പ്രചാരത്തില്‍ വന്നതോടെ മറ്റുള്ള വ്യാകരണ ശാസ്ത്രങ്ങള്‍ പിന്തുടരപ്പെടാതെ പോയെന്നുവേണം കരുതാന്‍.

യേനാക്ഷരസമാമ്‌നായം അധിഗമ്യ മഹേശ്വരാത്
കൃത്‌സ്‌നം വ്യാകരണം പ്രോക്തം തസ്‌മൈ പാണിനയേ നമഃ


എന്ന വന്ദനശ്ലോകത്തില്‍ മഹേശ്വരപ്രസാദത്താലാണ് പാണിനിമഹര്‍ഷിക്ക് അനവദ്യമായ ശബ്ദശാസ്ത്രജ്ഞാനം ലഭിച്ചതെന്നു വ്യക്തമാക്കിയിരിക്കുന്നു. മഹേശ്വരനായ ഭഗവാന്‍ തന്നെ ഭജിച്ച മഹര്‍ഷിക്കു മുമ്പില്‍ നടരാജമൂര്‍ത്തിയുടെ ഭാവത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ കയ്യിലുള്ള ഢക്ക 14 പ്രാവശ്യം മുഴക്കിയെന്നും ആ ശബ്ദത്തില്‍ അക്ഷരസമാമ്‌നായത്തെ മുഴുവന്‍ മഹര്‍ഷി ദര്‍ശിച്ചു എന്നുമാണ് ഐതിഹ്യം.
സിന്ധുനദീതീരത്ത് ഇന്നത്തെ പാക്കിസ്ഥാനില്‍ റാവല്‍പിണ്ടിക്കും പെഷവാറിനും ഇടയിലായി അറ്റോക്ക് ജില്ലയിലെ ശാലാതുല പട്ടണത്തിലാണു പാണിനി മഹര്‍ഷി ജനിച്ചത്. അച്ഛന്റെ പേര് പാണിന എന്നും അമ്മയുടെ പേര് ദാക്ഷി എന്നും ആയിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ ഏതു കാലഘട്ടത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന് കൃത്യമായി കണക്കാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ബി.സി. 4, 5, 6, 7 നൂറ്റാണ്ടുകളിലെപ്പൊഴോ ആണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന അനുമാനത്തിലെത്താനേ ചരിത്രകാരന്മാര്‍ക്കു സാധിക്കുന്നുള്ളൂ.  
പാണിനി മഹര്‍ഷി ജീവിച്ചിരുന്ന കാലമേതെന്നു കണ്ടെത്താന്‍ അദ്ദേഹത്തിന്റെ തന്നെ കൃതികളിലെ പരമാര്‍ശങ്ങള്‍ ഉപയോഗപ്പെടുത്തി അന്വേഷണം തുടരുകയാണു ചരിത്രകുതുകികള്‍. പാണിനിയുടെ രചനകളില്‍ ബ്രഹ്മചാരിണിമാരെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇതു ബുദ്ധമതവ്യവസ്ഥയെക്കുറിച്ചായിരിക്കാമെന്നും അതുകൊണ്ടുതന്നെ പാണിനി മഹര്‍ഷി ജീവിച്ചിരുന്നതു ശ്രീബുദ്ധനു ശേഷമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, മറുവാദമുയരുന്നത് ബുദ്ധമതത്തിനു മുന്‍പു തന്നെ ജൈനസമ്പ്രദായം ഉണ്ടായിരുന്നുവെന്നും പാണിനി മഹര്‍ഷി സൂചിപ്പിച്ചതു ജൈനമതത്തിലെ ബ്രഹ്മചര്യത്തെക്കുറിച്ചായിരിക്കാമെന്നതുമാണ്. ഈ ആശയക്കുഴപ്പം ശക്തമായതു പാണിനിയുടെ കാലം നിര്‍ണയിക്കുന്നതിനു പിന്നെയും തടസ്സമായി.
ഉച്ചാരണശാസ്ത്ര(phonetics)ത്തിലും സ്വരവിജ്ഞാന(phonology)ത്തിലും ശബ്ദരൂപജ്ഞാനത്തിലുമെല്ലാം സമഗ്രത നിറഞ്ഞ ശാസ്ത്രീയസിദ്ധാന്തങ്ങള്‍ക്കു രൂപം നല്‍കിയത് പാണിനി മഹര്‍ഷിയാണ്. ഗവേഷകബുദ്ധിയോടെ രചിച്ച അഷ്ടാധ്യായിയാണ് പാണിനി മഹര്‍ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാകരണഗ്രന്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ എട്ട് അധ്യായങ്ങളാണ് ഇതിലുള്ളത്. ഓരോ അധ്യായത്തിലും നാലു പാദങ്ങളും ഓരോ പാദത്തിലും അനേകം സൂത്രങ്ങളും അടങ്ങിയിരിക്കുന്നു. ആകെ 3988 സൂത്രങ്ങളാണ് അഷ്ടാധ്യായിയില്‍ ഉള്ളത്.
അല്‍പാക്ഷരങ്ങളില്‍ നിബന്ധിക്കപ്പെട്ട ഈ സൂത്രങ്ങളില്‍ ക്രിയാപദങ്ങളോ അര്‍ഥനിര്‍ണയത്തിനാവശ്യമായ ഘടകപദങ്ങളോ ഒന്നുമില്ല. അര്‍ഥപൂരണത്തിനാവശ്യമായ ശബ്ദുങ്ങള്‍ മുന്‍ സൂത്രങ്ങളില്‍നിന്നു യഥോചിതം അനുവര്‍ത്തിക്കണമെന്നാണു നിയമം. അല്‍പാക്ഷരങ്ങളില്‍ സൂത്രങ്ങളെ നിബന്ധിക്കുന്നതിനുവേണ്ടി മഹര്‍ഷി ഒരു സാങ്കേതികഭാഷ (Meta Language) തന്നെ ആവിഷ്‌കരിച്ചു. ആ സാങ്കേതിത ഭാഷയില്‍ ഒരിടത്തും പിഴവു വരാത്ത വിധത്തില്‍, ഗണിതശാസ്ത്രക്രിയകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അവകാശപ്പെടാവുന്ന കൃത്യതയോടെ, നാലായിരിത്തോളം സൂത്രങ്ങളില്‍ ശബ്ദശാസ്ത്രം മുഴുവന്‍ ഒതുക്കിയതിലൂടെ അസാധാരണമായ ബുദ്ധിവൈഭവം തന്നെയാണു വെളിപ്പെടുന്നത്. ഭാഷയെ സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, നാമങ്ങള്‍, ക്രിയകള്‍ എന്നിങ്ങനെ ആയിരത്തി എഴുന്നൂറോളം അടിസഥാനഘടകങ്ങളായി തിരിച്ചു വര്‍ഗീകരിച്ചിട്ടുണ്ട്.  
സൂത്രങ്ങള്‍ക്ക് അനുബന്ധമായി ധാതുപാഠം, ഗണപാഠം, ലിംഗാനുശാസനം എന്നിവയും പാണിനി മഹര്‍ഷിയാല്‍ രചിക്കപ്പെട്ടിട്ടുണ്ട്. പാണിനീയ ശിക്ഷാശാസ്ത്രവും ലഭ്യമാണ്. അതേസമയം, പാണിനി മഹര്‍ഷിയുടേതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഉണാദിസൂത്രങ്ങളുടെ കര്‍ത്താവാരെന്നതു സംബന്ധിച്ചു കൃത്യമായി നിര്‍ണയിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
ആധുനിക കാലത്തും ശാസ്ത്രപഠനത്തിന് ഏറ്റവും ഉതകുന്ന ഭാഷയായി സംസ്‌കൃതം തുടരുന്നതിനുകാരണം പാണിനി മഹര്‍ഷി സംസ്‌കൃതവ്യാകരണത്തിനു നല്‍കിയ ഉറച്ച അസ്ഥിവാരമാണ്. ഭാഷയ്ക്കു പാണിനി നിര്‍മിച്ചുനല്‍കിയ ശാസ്ത്രീയ അടിസ്ഥാനം ഒരര്‍ഥത്തില്‍ ശാസ്ത്രത്തിനും ഗണിതത്തിനും കൃത്യതയാര്‍ന്ന അടിത്തറ ആവശ്യമാണെന്ന ചിന്ത പണ്ഡിതമനസ്സുകളില്‍ ഉണര്‍ത്തി. അറിവിനായി മനുഷ്യന്‍ പാണിനിയുടെ പാത പിന്തുടരുന്നതെങ്ങനെയെന്നു വ്യക്തമാക്കിത്തരുന്നതിനുള്ള ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് സംസ്‌കൃതവ്യാകരണവും യൂക്‌ളിഡിന്റെ ജ്യാമിതീയ ശാസ്ത്രവുമായുള്ള താരതമ്യമാണ്.
സംസ്‌കൃതവ്യാകരണത്തിന്റെ യുക്തിഭദ്രമായ ഘടന ഭാരതത്തില്‍ ഗണിതം, ബീജഗണിതാടിസ്ഥാനത്തില്‍ വികസിക്കുന്നതിനു വഴിതെളിച്ചുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബീജഗണിതാടിസ്ഥാനത്തിലുള്ള വിചിന്തനപദ്ധതി, അക്കങ്ങളെ വാക്കുകള്‍ കൊണ്ടു രേഖപ്പെടുത്തുന്ന ഭാരതീയ രീതി- ഇതെല്ലാം ഭാഷയുടെ ഘടനയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കംപ്യൂട്ടര്‍ ഭാഷയ്ക്ക് ഉപയുക്തമായ ഭാഷാസിദ്ധാന്തങ്ങളുടെ തുടക്കം പാണിനിയില്‍നിന്നാണെന്ന അനുമാനം പ്രസക്തമാണ്.
1959ലാണ് ജോണ്‍ ബാക്കസ്, ബാക്കസ് നോര്‍മല്‍ ഫോം കണ്ടുപിടിച്ചത്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് പാണിനി മഹര്‍ഷി പരിചയപ്പെടുത്തിയ കാര്യങ്ങളുടെ ആവര്‍ത്തനമാണു ബാക്കസ് നോര്‍മല്‍ ഫോം എന്നു കാണാം. പാണിനി മഹര്‍ഷി ഉപയോഗപ്പെടുത്തിയ ചിഹ്നങ്ങളും അടയാളങ്ങളും ബാക്കസ് ഉപയോഗപ്പെടുത്തി. പാണിനി മഹര്‍ഷിയുടെ ആശയങ്ങള്‍ ബാക്കസിനു സമാനം പ്രയോഗസാധ്യതയുള്ളതായിരുന്നു. ആധുനികകാലത്തെ കംപ്യൂട്ടര്‍ സയന്‍സ് സിദ്ധാന്തങ്ങള്‍ക്കു പിന്നിലുള്ള ആശയങ്ങള്‍ ഭാരതീയരുടെ ചിന്തകളില്‍ 2500 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വികസിച്ചിരുന്നുവെന്നാണു സൂചന.
പാണിനിയുടെ സംഭാവനകളെക്കുറിച്ചും നിഗമനങ്ങളെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കു വ്യത്യസ്തമായ വിലയിരുത്തലുകളാണുള്ളത്. 1876ല്‍ ബി.ഇന്ദ്രാജി മുന്നോട്ടുവെച്ച സിദ്ധാന്തപ്രകാരം അക്ഷരങ്ങളോ ഉച്ചാരണശബ്ദങ്ങളോ അടിസ്ഥാനപ്പെടുത്തിയാണ് ബ്രാഹ്മി ഭാഷയില്‍ അക്കങ്ങള്‍ രൂപപ്പെടുത്തിയത്. മറ്റെല്ലാ ചരിത്രകാരന്‍മാരും വിശ്വസിക്കുന്ന കാലഘട്ടത്തിനുംമുമ്പാണ് പാണിനി മഹര്‍ഷിയുടെ കാലഘട്ടമെന്നാണ് ഇന്ദ്രാജി കണക്കാക്കിയിട്ടുള്ളത്. ബി.സി. എട്ടാം ശതകത്തിലാണ് പാണിനി ജീവിച്ചതെന്ന് ഇന്ദ്രാജി വ്യക്തമാക്കുന്നു. അക്കങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അക്ഷരമാലയിലെ അക്ഷരങ്ങള്‍ ആദ്യമായി ഉപയോഗപ്പെടുത്തിയതു പാണിനി മഹര്‍ഷിയാണെന്നും ഇന്ദ്രാജി ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മി അക്കങ്ങള്‍ രൂപപ്പെട്ടത് അക്ഷരങ്ങളില്‍നിന്നാണെന്ന ഈ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ഒട്ടേറെ തെളിവുകള്‍ ലഭ്യമാണ്.
.

Back to Top