Sanathanam

ഭാരതത്തിന്റെ ഏറ്റവും മഹത്തായ സംഭാവന സനാതനധര്‍മം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ഭാരതം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന സനാതനധര്‍മമാണെന്നും ധര്‍മത്തിന്റെ ചെറിയ അംശം മാത്രമാണു മതമെന്നും സ്വാമി ചിദാനന്ദ പുരി. ആചാരരാഹിത്യമാണു സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. ധര്‍മത്തില്‍ ആചാരവും അറിവും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധര്‍മ പരിഷത്തിന്റെ വാര്‍ഷികപരിപാടികളുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ചിദാനന്ദ പുരി സ്വാമി. പട്ടയില്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
പ്രപഞ്ചത്തെ ചേര്‍ത്തുകോര്‍ത്തുനിര്‍ത്തുന്നതെന്താണോ അതാണു ധര്‍മം. ധര്‍മം കൊടുക്കുക എന്ന പ്രയോഗം ശരിയല്ല. ഒരിക്കലും കൊടുക്കരുതാത്തതാണു ധര്‍മം. സദാ ധരിക്കേണ്ടതാണു ധര്‍മം. എന്നെക്കൊണ്ടു ലോകത്തിന് ഒരു കോട്ടവും സംഭവിക്കരുതേ എന്ന് ഓരോരുത്തരും കരുതണമെന്നു സനാതനധര്‍മം ഓരോരുത്തരോടും ആവശ്യപ്പെടുന്നു. ഇതാണു ലോകത്തിനു ഭാരതം നല്‍കിയ ഏറ്റവും വലിയ സംഭാവന.
ധര്‍മം എന്താണെന്ന് അറിഞ്ഞ് ആചരിക്കണം. അറിയാതെ ആചരിക്കുമ്പോഴാണ് അനാചാരവും ദുരാചാരവും ഉണ്ടാകുന്നത്. ധര്‍മത്തില്‍ ശാസ്ത്രവും ആചരണവും പ്രധാനമാണ്. ശാസ്ത്രങ്ങളില്‍നിന്നാണ് അറിവു ലഭിക്കുക. ശാസ്ത്രം അനുശാസിക്കുംവിധമായിരിക്കണം ആചരണം.
ആചാരരാഹിത്യമാണു സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. കുടുംബവ്യവസ്ഥ തകിടംമറിഞ്ഞു. ഈ വീഴ്ചയാണ് ഇപ്പോള്‍ മുതലെടുക്കപ്പെടുന്നത്. ലൗ ജിഹാദിനും മറ്റും കുട്ടികള്‍ ഇരയായിത്തീരുന്നു. ലോകകാര്യങ്ങളൊക്കെ അറിയാം, പക്ഷേ, സ്വന്തം അസ്തിത്വത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണ് ഇപ്പോഴത്തെ കുട്ടികളുടെ സ്ഥിതി. ഈ ദുര്‍ഗതിക്ക് ഉത്തരാവാദികള്‍ കുട്ടികളല്ല, മാതാപിതാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതാപിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ വളര്‍ത്തുന്നുണ്ടോ? കൂട്ടികള്‍ കാമത്തിന്റെ ഉപോല്‍പന്നങ്ങളാകരുത്; ധര്‍മത്തിന്റെ ഉല്‍പന്നങ്ങളാകണം. ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളത് കുട്ടിയെ ഉണ്ടാക്കാനാണ്; അല്ലാതെ ഉണ്ടാകാനല്ല. ഇപ്പോള്‍ കുട്ടികള്‍ ഉണ്ടാകുകയാണു ചെയ്യുന്നത്.
ഭാഷാപ്രാവീണ്യം പിന്നോട്ടും സാങ്കേതികജ്ഞാനം മുന്നോട്ടും എന്നതാണു വര്‍ത്തമാനകാല രീതി. ഇതു വലിയ വിപത്താണ്. സാങ്കേതികവിദ്യക്ക് ഉപകരണങ്ങള്‍ സൃഷ്ടിക്കാനേ സാധിക്കൂ; കരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. കരണങ്ങള്‍ ആചാരത്തിലൂടെ മാത്രമേ നേടിയെടുക്കാനാവൂ.
ലോകത്തില്‍ നിലനില്‍ക്കുന്ന ഏക പ്രാചീന സംസ്‌കൃതി ഭാരതസംസ്‌കൃതിയാണ്. അതിനെക്കൂടി തകര്‍ത്താലേ ദൗത്യം പൂര്‍ത്തിയാകൂ എന്നാണു മതങ്ങളുടെ ചിന്ത. കോഴിക്കോട്ടു മാത്രം നാലു ലക്ഷം ഹിന്ദുക്കളെ കൊലപ്പെടുത്തുകയും 60,000 ക്രിസ്ത്യാനികളെ ഒറ്റയ്ക്കു കൊന്നൊടുക്കുകയും ചെയ്ത ടിപ്പുവിനെ സ്വാതന്ത്ര്യസമര നായകനായി അവതരിപ്പിക്കപ്പെന്നതുള്‍പ്പെടെ അനഭിലഷണീയമായ പലതും സംഭവിക്കുന്നു.  
നൂറ്റാണ്ടുകളായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും ഭാരതം ഇപ്പോഴും ലോകം മുഴുവന്‍ പ്രസരിച്ചുകൊണ്ടിരിക്കുകയാണെന്നതു സന്തോഷം പകരുന്നു. യോഗ, നൃത്തം, കലകള്‍ തുടങ്ങിയവയിലൂടെ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഭാരതത്തോടു ലോകത്തിന് ഇപ്പോള്‍ വലിയ പ്രിയമാണുള്ളത്. അമേരിക്കയില്‍ പലരും ക്രിസ്തീയജീവിതം ഉപേക്ഷിച്ചു ഭാരതീയ ജീവിതരീതി പിന്തുടരുന്നു. വീടുകളില്‍ ഹോമവും ശവസംസ്‌കാരത്തിനായി വൈദ്യുതിശ്മശാനവും ഗോപരിപാലനവുമൊക്കെ അമേരിക്കയില്‍ അതിവേഗം പ്രചാരം നേടിവരികയാണ്.
മതങ്ങള്‍ രക്തപ്പുഴ ഒഴുക്കുന്നതു ലോകം കാണുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങള്‍ ലക്ഷ്യത്തിലെത്താതെ തകര്‍ന്നടിയുന്നതും കാണുന്നുണ്ട്. ഈ ഘട്ടത്തില്‍ സനാതനധര്‍മവിശ്വാസികളുടെ ചുമതല ഇരട്ടിക്കുകയാണ്. ധര്‍മത്തെ അറിഞ്ഞറിയിക്കുക എന്ന ചുമതല നിറവേറ്റാനുള്ള ശ്രമം കുടുംബങ്ങളില്‍നിന്നാണ് ആരംഭിക്കേണ്ടത്. ഒരു നേരമെങ്കിലും കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും ജപിക്കാനും ശ്രമിക്കണം. ശാസ്ത്രങ്ങള്‍ പഠിക്കാനും ശ്രമമുണ്ടാവണമെന്നു സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
ഹരിദാസ് പണിക്കര്‍ പ്രസംഗിച്ചു. കെ.ടി.ജനാര്‍ദനന്‍ സ്വാഗതവും എന്‍.പി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
.

Back to Top