Sanathanam

''ഭാരത്തില്‍ ആര്‍ക്കും സനാതനധര്‍മത്തെ ഉള്‍ക്കൊള്ളാതെ ജീവിക്കാനാവില്ല''

കോഴിക്കോട്: ശങ്കരാചാര്യര്‍ മുതല്‍ക്കുള്ള ആചാര്യന്മാരാണു ഭാരതീയര്‍ക്ക് ആത്മധൈര്യം പകരുന്നതെന്നും അതിനു മുന്നില്‍ എല്ലാവരും തലകുനിക്കുമെന്നും എം.ജി. സര്‍വകലാശാല സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ പ്രഫ. ഡോ. ടി.എസ്.ഗിരീഷ് കുമാര്‍. ശങ്കരാചാര്യരുടെ നാട്ടുകാരാണെന്നതാണു മലയാളിക്കുള്ള ഏറ്റവും വലിയ മേല്‍വിലാസമെന്നും സനാതനധര്‍മ പരിഷത്ത് വാര്‍ഷികപരിപാടികളുടെ ഭാഗമായി മതവും മതപരിവര്‍ത്തനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവേ അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലഗോകുലം സംസ്ഥാനസമിതി അംഗം ടി.പി. രാജന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഏതു മതവിശ്വാസികളാണെങ്കിലും സനാതനധര്‍മത്തെ ഒഴിവാക്കി ജീവിക്കാന്‍ സാധിക്കില്ലെന്നു ഡോ. ഗിരീഷ് കുമാര്‍ വ്യക്തമാക്കി. വേദം, സംസ്‌കൃതി, ധര്‍മം എതാണു ഭാരതീയ രീതി. ഏകത്വവിശ്വാസമാണു സനാതനധര്‍മത്തിന്റെ അടിത്തറ. അതേസമയം, അബ്രഹാമിക് മതക്കാരാകട്ടെ ഏകദൈവവിശ്വാസികളാണ്. ഞാന്‍ ശരിയെന്നും ഞാന്‍ മാത്രം ശരിയെന്നും വിശ്വസിക്കുതിനപ്പുറം നീ തെറ്റ് എന്നുകൂടി ഈ മതങ്ങള്‍ കരുതുന്നു. ഇവിടെയാണ് ഇന്നത്തെ പ്രശ്‌നങ്ങളെല്ലാം തുടങ്ങുന്നതും.
സ്വന്തം മതത്തില്‍ പെട്ടവര്‍ മാത്രമുള്ള ലോകത്തെക്കുറിച്ചു ചിലര്‍ ചിന്തിക്കുമ്പോള്‍ ശ്രേഷ്ഠവും വിശുദ്ധവുമായ ചിന്തകള്‍ കടന്നുവരട്ടെ എന്നതാണു ഭാരതീയ നിലപാട്. അത്രയ്ക്ക് ആത്മവിശ്വാസം സനാതനധര്‍മത്തിനുണ്ട്. ഈ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള ചങ്കൂറ്റം നമുക്കുണ്ടാവണം. പ്രതിരോധിക്കാന്‍ ശ്രമിക്കുകയല്ല, ആശയപരമായ കടന്നാക്രമണം നടത്തുകയാണു വേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്നു നാരായണഗുരു വിമര്‍ശിക്കപ്പെട്ടപ്പോള്‍ കുമാരാനാശാന്‍ വസ്തുതകള്‍ നിരത്തി എതിര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. സാഹചര്യം തിരിച്ചറിഞ്ഞ നാരായണഗുരു, താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് അവകാശപ്പെട്ടതോടെ എതിര്‍പ്പുയര്‍ത്തിയവര്‍ പ്രതിരോധമുയര്‍ത്തേണ്ട ഗതികേടിലായി.
ബുദ്ധമതത്തിലേക്ക് മതംമാറണമെന്ന് ആഹ്വാനം ചെയ്ത മിതവാദി സി. കൃഷ്ണന് ആശാന്‍ നല്‍കിയ മറുപടിയാണു പ്രശസ്തമായ മതപരിവര്‍ത്തനരസവാദം. കൂടുതലായും കവിതകള്‍ രചിച്ച കുമാരനാശാന്‍ അതിശക്തമായ ഭാഷയിലാണ് ഇതു രചിച്ചതെന്നും ഡോ.ഗിരീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ലൗജിഹാദാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് സ്വാമി ചിദാനന്ദപുരി ആരോിപിച്ചു. യൂറോപ്പിലാണ് ലൗജിഹാദ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആസൂത്രിതവും അപകടകരവുമായി പദ്ധതിയാണിത്. മതങ്ങളുടെ കൂടെപ്പിറപ്പാണ് മതപരിവര്‍ത്തനം. ക്രിസ്തുമതത്തിന്റെയും ഇസ്ലാമിക മതത്തിന്റെയും വികാസ ദശകങ്ങളില്‍ ഇത് കാണാം. ഓരോ കാലഘട്ടത്തില്‍ ഓരോ പുതിയ പദ്ധതികളുമായി കൂട്ട പരിവര്‍ത്തനത്തിനു ശ്രമിക്കുകയാണ്. മതങ്ങള്‍ ആരംഭിച്ചത് വ്യക്തികളാണ്. ഇതിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുക എന്നതാണ് രീതി. എന്നാല്‍ പൗരസ്ത്യ ദര്‍ശനങ്ങള്‍ ഇതിനെ അംഗീകരിക്കുന്നില്ലെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി.
കെ.ശങ്കരനുണ്ണി പ്രസംഗിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും ബാബുരാജ് ശര്‍മ്മ നന്ദിയും പറഞ്ഞു.
.

Back to Top