Sanathanam

പാശ്ചാത്യമാതൃകയില്‍ ഭൗതികതയില്‍ ഒതുങ്ങുന്നതല്ല ഭാരതീയ വികസനസങ്കല്‍പം: ഡോ.മോഹന്‍ദാസ്

കോഴിക്കോട്: പാശ്ചാത്യമാതൃകയില്‍ കേവലം ഭൗതികതയില്‍ ഒതുങ്ങുന്നതല്ല, ഭാരതത്തിന്റെ വികസനസങ്കല്‍പമെന്നു ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ്. ഭാരതീയ വികസനസങ്കല്‍പം പാശ്ചാത്യമാതൃകയെക്കാള്‍ സമഗ്രതയാര്‍ന്നതും ദീര്‍ഘദൃഷ്ടിയോടു കൂടിയുള്ളതുമാണെന്നും സനാതനധര്‍മ പരിഷത്ത് വാര്‍ഷിക പരിപാടികളുടെ ഭാഗമായുള്ള വികസനത്തിന്റെ ഭാരതീയമാതൃക എന്ന സെമിനാറില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ടി.വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു.
ഭൗതിക വികസനത്തിനപ്പുറം നാലു ഘകടങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണു ഭാരതീയ കാഴ്ചപ്പാടനുസരിച്ചുള്ള വികസസനമെന്ന് ഡോ.മോഹന്‍ദാസ് പറഞ്ഞു. ബൗദ്ധിക, ആധ്യാത്മിക, വൈകാരിക, സാമൂഹ്യ-സാംസ്‌കാരിക വികസനംകൂടി ഭാരതീയ വികസനചിന്തകളില്‍ ഉള്‍പ്പെടുന്നു. ഭൗതികവികസനം സമ്പൂര്‍ണ വികസസനത്തിലേക്കുള്ള ഒരു പടി മാത്രമാണ്. സര്‍വതോന്മുഖമായ വികസനവും എല്ലാവര്‍ക്കും ശ്രേയസ് എന്ന ചിന്തയുമാണു ഭാവിലോകത്തക്കുറിച്ചു ഭാരതം വെച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക മാനേജ്‌മെന്റിന് 350 വര്‍ഷത്തെ ചരിത്രം മാത്രമേ ഉള്ളൂവെന്നും ഭാരതത്തിലെ സാമ്പത്തികശാസ്ത്രപഠനത്തിനു സംസ്‌കൃതിയോളം തന്നെ പഴക്കമുണ്ടെന്നും ഡോ.സി.വി.ജയമണി ചൂണ്ടിക്കാട്ടി. ഭാരതീയചിന്തയ്ക്കപ്പുറം കടക്കാന്‍ ആഡംസ്മിത്തിനോ കാറല്‍ മാര്‍ക്‌സിനോ സാധിച്ചിട്ടില്ല. വ്യാസന്‍ ചിന്തിച്ചതിനപ്പുറം ചിന്തിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ വ്യാസന്റെ വീക്ഷണം ഒരു ക്ലാസിലും പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംയമനത്തില്‍നിന്നുള്ള സംതൃപ്തിയാണു വികസനത്തിന്റെ ലക്ഷണമെന്നു ഡോ.ടി.വി.മുരളീവല്ലഭന്‍ പറഞ്ഞു. ലഭ്യമായ വിഭവങ്ങള്‍ നിയന്ത്രിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്ന രീതിയില്‍ ജീവിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമ്പൂര്‍ണ അര്‍ഥത്തില്‍ വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ എന്നു തിരിച്ചറിയണം. ഇപ്പോള്‍ ചിലര്‍ സംസ്‌കാരമെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുന്നതു പരിഷ്‌കാരത്തെയാണ്. സമൂഹത്തിലെ നന്മകളെ ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ടി.വിജയന്‍ സ്വാഗതവും വിപിന്‍ നന്ദിയും പറഞ്ഞു.
ഉച്ചകഴിഞ്ഞ് ടി.സി.ഷാജി ഗുരുക്കളും സംഘവും കളരിപ്പയറ്റ് അവതരിപ്പിച്ചു. തുടര്‍ന്നു താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയുടെ കച്ചേരി നടന്നു. വൈകിട്ടു നടന്ന പൊതുസഭയില്‍ എസ്.എന്‍.ഡി.പി. യോഗം ധര്‍മപ്രചാരക ആശ പ്രദീപ് പഭാഷണം നടത്തി. പ്രവ്രാജിക മാതൃക പ്രാണ മാതാ അധ്യക്ഷയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
.

Back to Top