Sanathanam

ഭാരതീയ സംസ്‌കൃതിയുടെ ആഗോള പ്രസക്തി വര്‍ധിക്കുന്നു: ഡോ.ജി.ഗോപകുമാര്‍

കോഴിക്കോട്: ഭൗതികതയില്‍ മാത്രം ഊന്നി മനുഷ്യന്‍ ജീവിക്കുന്നത് മനഷ്യത്വത്തെ ഇല്ലാതാക്കുമെന്നും സമ്പത്തും അവസരങ്ങളും തേടി മല്‍സരിക്കുന്നതു വന്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും കേരള കേന്ദ്രസര്‍വകലാശാല, കാസര്‍ഗോഡ് വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍. സനാതനധര്‍മ്മ പരിഷത്തിന്റെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി സനാതനധര്‍മം എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.വി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.
ഭൗതികവളര്‍ച്ചയില്‍ മാത്രം മനുഷ്യന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ധനസമാഹരണത്തിനും അവസരങ്ങള്‍ നേടിയെടുക്കാനുമായി വ്യക്തികേന്ദ്രീകൃതമായുള്ള കിടമല്‍സരം വര്‍ധിക്കുമെന്നു ഡോ. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ഇതു സ്വഭാവശുദ്ധിയില്ലാതാക്കുകയും അതുവഴി വന്‍ തിരിച്ചടികള്‍ക്കു കാരണമായിത്തീരുകയും ചെയ്യും. ഇപ്പോള്‍ ലോകം നേരിടുന്ന പ്രതിസസന്ധിക്കു കാരണം ഭൗതികതയോടുള്ള അമിതമായ പ്രതിപത്തിയാണ്.
മനുഷ്യരാശി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടു വെല്ലുവിളികളായ ആഗോള തീവ്രവാദത്തിനും കമ്പോളവല്‍ക്കരണത്തിനു വഴിവെച്ചത് അതിഭൗതിക ചിന്തകളാണ്. ഈ സാഹചര്യത്തില്‍, ആത്മീയതയില്‍ അധിഷ്ഠിതമായ ഭാരതീയ സംസ്‌കൃതിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. ഭാരതത്തിന്റെ അടിത്തറയായ സനാതനധര്‍മം ലക്ഷ്യം പോലെ തന്നെ പ്രധാനമാണു മാര്‍ഗവുമെന്നാണ് ഉദ്‌ഘോഷിക്കുന്നത്. തെറ്റായ മാര്‍ഗം അവലംബിച്ചതിന്റെ തിരിച്ചടിയാണ് അടുത്തിടെ യു.എസ്.എ. ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ക്ക് ഉണ്ടായത്. മാര്‍ഗം ശരിയല്ലെങ്കില്‍ ആത്മീയത നഷ്ടമാകും. സഹിഷ്ണുതയാണു ഹിന്ദുമതത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്ത് അതിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.
സനാതനധര്‍മത്തിന്റെ വില ലോകം തിരിച്ചറിഞ്ഞു തുടങ്ങിയെന്നാണു യോഗയ്ക്കും ആയുര്‍വേദത്തിനുമൊക്കെ ലഭിക്കുന്ന ആഗോള അംഗീകാരത്തില്‍നിന്നു വ്യക്തമാകുന്നത്. യോഗയും ആയുര്‍വേദവും ശാസ്ത്രീയകലകളുമൊക്കെ ഭാരതത്തില്‍ രൂപപ്പെട്ടത് ഭക്തിയില്‍നിന്നാണെന്നും ഡോ. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ് സനാതനധര്‍മം നകിയിരിക്കുന്നതെന്നു പ്രമുഖ ഗ്രന്ഥകാരനും ആര്‍.എസ്.എസ്. മുന്‍ ദേശീയ ബൗദ്ധിക പ്രമുഖുമായ ആര്‍.ഹരി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. വേദവും ഉപനിഷത്തുക്കളും ഇതു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പുരുഷനില്‍നിന്നു പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണു സ്ത്രീയെന്നാണു പാശ്ചാത്യസങ്കല്‍പം. സ്ത്രീക്ക് ആത്മാവില്ലെന്നായിരുന്നു 18-ാം നൂറ്റാണ്ടു വരെ പാശ്ചാത്യ കാഴ്ചപ്പാട്. 1930ലാണു പാശ്ചാത്യലോകത്ത് ആദ്യമായി സ്ത്രീക്കു വോട്ടവകാശം ലഭിച്ചത്. സനാതനധര്‍മം സഹിഷ്ണുതയല്ല, മറ്റു വീക്ഷണങ്ങളോടു സമാദരവാണു പുലര്‍ത്തുന്നത്. തനിക്ക് ഇഷ്ടമില്ലെങ്കിലും സഹിക്കാന്‍ തയ്യാറാണെന്ന ചിന്തയാണു സഹിഷ്ണുതയ്ക്ക് അടിസ്ഥാനം. എന്നാല്‍ മറ്റു ദര്‍ശനങ്ങളോടു തുല്യ ആദരവു പ്രകടിപ്പിക്കുന്നതാണു ഭാരതീയ രീതി. പ്രപഞ്ചവീക്ഷണം ഏകാത്മമാണ്. അതു മാനവരാശിയെ വിശ്വാസികളെന്നും അവിശ്വാസികളെന്നും വിഭജിക്കുന്നില്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് അതു വ്യക്തമാക്കുന്നുവെന്നും ആര്‍.ഹരി വ്യക്തമാക്കി.
നല്ല കുടുംബങ്ങളില്‍നിന്നു മാത്രമേ നല്ല സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂ എ്ന്നതിനാല്‍ സംതൃപ്തികരമായ കുടുംബജീവിതം ഉറപ്പാക്കണമെന്നു സ്വാമി ചിദാനന്ദ പുരി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.ജിജേന്ദ്രന്‍ സ്വാഗതവും സനാതനധര്‍മ പരിഷത്ത് ജോയിന്റ് കവീനര്‍ എം.എന്‍.സുന്ദര്‍രാജ് നന്ദിയും പറഞ്ഞു.
.

Back to Top