Sanathanam

സനാതനധര്‍മ ആചാര്യന്മാരെ സമൂഹം ഏറ്റെടുക്കുന്നു: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: കേരളം ഭ്രാന്താലയമാകാതിരിക്കണമെങ്കില്‍ സനാതനധര്‍മ ആചാര്യന്മാരുടെ പാത പിന്തുടരകയേ വഴിയുള്ളൂ എന്ന തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടായിവരികയാണെന്നു സ്വാമി ചിദാനന്ദ പുരി. സനാതനധര്‍മ സന്ദേശം പ്രചരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയമാണിതെന്നും സനാതനധര്‍മ പരിഷത്ത് ഉദ്ഘാടനസഭയില്‍ നടത്തിയ ആമുഖ്രപസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലങ്ങോളമിങ്ങോളം കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന ശീര്‍ഷകത്തോടെ ഒരു യുവജനസംഘടന നടത്തുന്ന യാത്രയുടെ പ്രചാരണത്തിനു സനാതനധര്‍മ ആചാര്യന്മാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വര്‍ണചിത്രങ്ങള്‍ ഒട്ടേറെ കാണാം. ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും തൈക്കാട് അയ്യാ സ്വാമിയുടെയുമൊക്കെ ചിത്രങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നു. ഇത്തരം മഹാത്മാക്കളുടെ മഹത്വം പതുക്കെപ്പതുക്കെയാണെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. സനാതനധര്‍മ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ട സമയാണിതെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി. പി.വി.ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ധര്‍മജ്യോതി പുരസ്‌കാരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കു സ്വാമി ചിദാനന്ദ പുരി സമ്മാനിച്ചു.
വഴിതെറ്റുന്ന ഹൈന്ദവജനതയെ നേര്‍വഴിയില്‍ നയിക്കാന്‍ ഈശ്വരന്‍ ഒരുക്കിയ നാടകമായി അടുത്തിടെ കേരളത്തില്‍ നടന്ന ബീഫ് ഫെസ്റ്റിനെ കാണാന്‍ സാധിക്കണമെന്നും ഇതൊരു അവസരമായി കണ്ട് ഉപയോഗപ്പെടുത്തണമെന്നും ശശികല ടീച്ചര്‍ മറുപടിപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഗോമാംസം കഴിക്കുന്നത് ഉപേക്ഷിക്കുകയും മാതൃകാ ഗോശാലകള്‍ നിര്‍മിക്കുകയും ഗോപുജയും ഗോപരിപാലനവും നടത്തുകയും വഴി വിമര്‍ശകര്‍ക്കു മറുപടി നല്‍കാന്‍ സാധിക്കണം. രാവണനില്ലെങ്കില്‍ രാമനില്ലെന്നതുപോലെ, കംസനില്ലെങ്കില്‍ കൃഷ്ണനില്ലെന്നതുപോലെ, പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചതാണു ഹൈന്ദവസമൂഹത്തിന്റെ ചരിത്രം. നവോത്ഥാനത്തിന്റെ ആചാര്യന്മാര്‍ ക്ഷേത്രം നിര്‍മിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കാണിച്ചതിന്റെ എത്രയോ ഇരട്ടി ആവേശമാണു ക്ഷേത്രങ്ങള്‍ തച്ചുടയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആഹ്വാനത്തെ നേരിടുന്നതില്‍ ഹൈന്ദവജനത കാണിച്ചത്. ക്ഷേത്രങ്ങള്‍ക്കെതിരെ ചിലര്‍ നിലപാടെടുത്തപ്പോള്‍ എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടായിവരുന്ന സാഹചര്യമുണ്ടായി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷ പ്രീണന രീതികള്‍ കൂടുതല്‍ തരംതാണുവെന്നു ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി. ന്യനപക്ഷത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കാന്‍ അവര്‍ക്കു ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയെന്ന മുന്‍കാല രീതികളില്‍നിന്നു വ്യത്യസ്തമായി ഭൂരിപക്ഷ സമുദായത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയാലേ ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുകയുള്ളൂ എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
.

Back to Top