Sanathanam

കോഴിക്കോട്ട് ഹിന്ദുസംഗമം ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെ

കോഴിക്കോട്: ആധ്യാത്മിക, സാംസ്‌കാരിക സാമുദായിക സംഘടനകളുടെ പൊതുവേദിയായ സനാതനധര്‍മ പരിഷത്ത് 2009ല്‍ തുടക്കമിട്ട ആധ്യാത്മിക- സാംസ്‌കാരിക- സാമൂദായിക- കൂട്ടായ്മ ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെ വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ നടക്കും. സെമിനാറുകളും പൊതുസമ്മേളനങ്ങളും ഭാരതീയ പൈതൃക പ്രദര്‍ശനവും ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഉണ്ടായിരിക്കുക. പ്രമുഖ ഹൈന്ദവ ആചാര്യന്മാരും അക്കാദമിക്, സാമൂഹ്യ, സാംസ്‌കാരി രംഗങ്ങളിലെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളാണു വേദി.
ഡിസംബര്‍ ഒന്നിനു വൈകിട്ട്  ഉദ്ഘാടന സഭയോടെയാണു സമ്മേളനത്തിനു തുടക്കമാവുക. ആധ്യത്മിക ആചാര്യന്മാര്‍ വിളക്കുകൊളുത്തിയാണ് സംഗമം ഉദ്ഘാടനം ചെയ്യുക. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി ചിദാനന്ദ പുരി ആമുഖപ്രഭാഷണം നടത്തും. വിശ്വരൂപാനന്ദ സരസ്വതി സ്വാമി (ദയാനന്ദാശ്രമം, ചാത്തമംഗലം), ബ്രഹ്മാനന്ദ സ്വാമി (ശ്രീരാമാനന്ദാശ്രമം), പ്രവ്രാജികാ മാതൃകപ്രാണ മാതാ (ശ്രീശാരദാമഠം), അധ്യാത്മാനന്ദ സരസ്വതി സ്വാമി (സംബോധ് ഫൗണ്ടേഷന്‍), വിനിശ്ചലാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയി മഠം), ബ്രഹ്മചാരി മുകുന്ദ ചൈതന്യ (ചിന്മയ മിഷന്‍) എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് പരിഷത്തിന്റെ ഈ വര്‍ഷത്തെ ധര്‍മജ്യോതി പുരസ്‌കാരം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ക്കു സമ്മാനിക്കും. ഉദ്ഘാടന സമ്മേളനത്തിനൊപ്പം ആരംഭിക്കുന്ന പ്രദര്‍ശനം ഏഴിനു വൈകിട്ടു വരെ തുടരും. വേദം, ആയുര്‍വേദം, ക്ഷേത്രചരിത്രം, സംസ്‌കൃതം, കലകള്‍, ശാസ്ത്രം, യോഗ തുടങ്ങിയ മേഖലകളെ സംബന്ധിച്ചുള്ളതായിരിക്കും പ്രദര്‍ശനം. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായത്തോടെയാണു പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്.
ഓരോ ദിവസവും പാരമ്പര്യകലകളുടെയും ആയോധനകലകളുടെയും അവതരണം ഉണ്ടായിരിക്കും. ആധുനികസംവിധാനങ്ങളോടെ സജ്ജമാക്കിയ ഹാളില്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും യോഗ, കളരിപ്പയറ്റ് തുടങ്ങിയവയുടെ ഡെമോണ്‍സ്‌ട്രേഷനും നടക്കും. ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ക്ഷേത്രചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരവും പ്രദര്‍ശനത്തിലുണ്ടായിരിക്കും. പ്രദര്‍ശനത്തെക്കുറിച്ചു കാണികള്‍ക്കുള്ള സംശയങ്ങള്‍ക്ക് അതതു മേഖലകളിലെ വിദഗ്ധര്‍ ഏഴിനു വൈകിട്ടു നടക്കുന്ന ചടങ്ങില്‍ മറുപടി നല്‍കും.  
ഡിസംബര്‍ ഏഴിനു മാധ്യമങ്ങളെ കേന്ദ്രീകരിച്ചുള്ള സംവാദം നടക്കും. സ്വാമി ചിദാനന്ദ പുരി, പ്രഫ.കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, ഡോ.എന്‍.ആര്‍.മധു എന്നിവരാണു പങ്കെടുക്കുക. വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തോടെ സംഗമം സമാപിക്കും.
സനാതനധര്‍മ പരിഷത്ത് ചെയര്‍മാന്‍ സ്വാമി ചിദാനന്ദ പുരി, ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ടി.വി.സുധാകരന്‍, കെ.രവിശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.

Back to Top