Sanathanam

പമ്പയില്‍ വസ്ത്രമുപേക്ഷിക്കുന്നതു ഗണ്യമായി കുറഞ്ഞു

എറണാകുളം: അയ്യപ്പഭക്തര്‍ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതു ഗണ്യമായി കുറഞ്ഞുവെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബോധവല്‍ക്കരണത്തിലൂടെയും തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയും നദിയില്‍ വസ്ത്രമൊഴുക്കുന്നത് 70 ശതമാനത്തോളം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതായി ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ ഇടപെടലാണ് പമ്പാശുചീകരണത്തിനു സഹായകമായതെന്നും 30 പൊലീസുകാരെ സ്ഥിരമായി നിയമിച്ചാല്‍ ശബരിമലയിലെയും പരിസരങ്ങളിലെയും മാലിന്യപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഭക്തരെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെയാണ് ഉടുവസ്ത്രം വെള്ളത്തിലൊഴുക്കുന്നതു ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത്. ബോധവല്‍ക്കരണവും ഏറെ സഹായകമായി. മലിനീകരണം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മലകയറുന്ന വഴിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അവയിലേക്കു ഭക്തരുടെ ശ്രദ്ധ പതിയുന്നതു കുറവാണ്. അയ്യപ്പഭക്തരുമായെത്തുന്ന വാഹനങ്ങളില്‍ അവര്‍ ഏതു സംസ്ഥാനക്കാരാണെന്നു തിരിച്ചറിഞ്ഞ് അതതു ഭാഷയിലുള്ള ലഘുലേഖകള്‍ നല്‍കുന്നതു ഫലപ്രദമായിരിക്കുമെന്നു ബോര്‍ഡ് ചൂണ്ടിക്കാട്ടി. 
റിപ്പോര്‍ട്ട് അംഗീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും അനു ശിവരാമകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പൊലീസ് മുഖേന ഭക്തര്‍ക്കു ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പൊലീസുകാരെ നിയമിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.  
ശബരിമലയിലേക്കു പമ്പയില്‍നിന്ന് എടുക്കുന്ന വെള്ളത്തില്‍ അനുവദനീയമായതിലുമേറെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ എന്തു നടപടി കൈക്കൊള്ളുന്നുണ്ടെന്നറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ശബരിമല ഉന്നതാധികാര സമിതിയോടും ആവശ്യപ്പെട്ടു.
 
.

Back to Top