Sanathanam

ചെങ്ങോട്ടുകാവിലെ അവധൂത സ്വാമി സമാധിയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ 34 വര്‍ഷമായി കഴിയുന്ന അവധൂത സ്വാമി സമാധിയായി. കൃത്യമായ പേരും സ്ഥലവും അറിയാത്ത സ്വാമിക്ക് നാടിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു ശിഷ്യരുണ്ട്. അന്യസംസ്ഥാനക്കാരനെന്ന് കരുതുന്ന സ്വാമി 33 വര്‍ഷം മുമ്പാണ് ഇവിടെയെത്തിയത്.
ചെങ്ങോട്ടുകാവ് പഴയ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് ദേശീയപാതയ്ക്കും റെയില്‍വേ ട്രേക്കിനും സമീപത്തുള്ള അടച്ചിട്ട കടയിലാണു ഏറെക്കാലമായി കഴിഞ്ഞുവന്നിരുന്നത്. ഒരേ ഇരിപ്പിരിക്കുന്ന അവധൂത സ്വാമി വല്ലപ്പോഴും മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിച്ചിരുന്നതും വല്ലപ്പോഴും മാത്രമായിരുന്നു. തെളിഞ്ഞ മുഖവും പ്രഭ നിറഞ്ഞ കണ്ണുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. വിവിധ നാടുകളില്‍നിന്നായി എത്രയോ പേര്‍ സ്വാമിയെ നമസ്‌കരിച്ച് അനുഗ്രഹം തേടാന്‍ എത്താറുണ്ട്. ഭക്തരുടെ ഒരു സംഘം എപ്പോഴും അടുത്തിരിക്കാറുമുണ്ടായിരുന്നു. എത്രയോ ശിഷ്യര്‍ക്കു പലപ്പോഴും അദ്ദേഹം ആശ്വാസമരുളിയിട്ടുണ്ട്. ഒട്ടേറെ സന്യാസിവര്യന്മാരും ആധ്യാത്മിക ആചാര്യന്മാരും അവധൂത സ്വാമിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി സ്വാമി ഭക്ഷണം ഉപേക്ഷിച്ച് സമാധിക്കുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് അടുത്ത ഭക്തന്മാര്‍ പറയുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പലരും സ്വാമിയുടെ ഭൗതിക ശരീരം കാണാനെത്തിയിരുന്നു. സമാധിയായതോടെ റോഡരികിലും റെയില്‍വേ ട്രാക്കിലും സമാധിസ്ഥലമായ കടവരാന്തയിലും ദീപം ജ്വലിപ്പിച്ചു നാമജപങ്ങളുമായി ഭക്തരുടെ വലിയ സംഘം അന്ത്യാഞ്ജലിയര്‍പ്പിക്കുകയാണ്. സ്വാമി ഇരുന്ന കെട്ടിടത്തിന്റെ ഉടമ വിട്ടുനല്‍കിയ സ്ഥലത്തായിരിക്കും നാളെ ഭൗതിക ശരീരം അടക്കം ചെയ്യുക.
.

Back to Top