Sanathanam

ജീവിതവിജയത്തിനു ഭഗവദ്ഗീത; ഗീതാസന്ദേശവുമായി ഗീതാദിനസമ്മേളനം

കൊളത്തൂര്‍: സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാനം ആശ്രമങ്ങളും അമ്പലങ്ങളുമല്ല, വീടുകളാണെന്നു സ്വാമി ചിദാനന്ദപുരി. ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും നാടിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ക്കുകയാണെന്നും ഒരു കൈത്തിരിവെട്ടമെത്തിച്ചു സമൂഹത്തിന്റെ ഇരുട്ടകറ്റേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഗീതാദിനസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.  കൊളത്തൂരിനെ ഗീതാഗ്രാമമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു സമ്മേളനം സംഘടിപ്പിച്ചത്.
ഭാരതീയ ദേശീയതയുടെയും സാംസ്‌കാരികപൈതൃകത്തിന്റെയും ശക്തികേന്ദ്രമാണു ഭഗവദ്ഗീത. ദേശീയപ്രസ്ഥാനങ്ങളില്‍ ഗീത എന്നും പ്രചോദനമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലെ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ മഹാത്മാഗാന്ധി ഗീതയാണ് ഉപയോഗപ്പെടുത്തിയത്. ഗീതയ്ക്കു വ്യാഖ്യാനം രചിച്ചശേഷമാണു ലോകമാന്യ ബാലഗംഗാധര തിലകന്‍ രാഷ്ട്രത്തെ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിനു തുടക്കമിട്ടത്. സ്വാമി വിവേകാനന്ദനും അരവിന്ദ്‌ഘോഷും ഭഗവദ്ഗീതയുടെ പ്രഭയെ അറിഞ്ഞറിയിച്ചവരാണ്.
ഗീതാസന്ദേശം ഓരോ വീടുകളിലുമെത്തിക്കുക വഴി ഗ്രാമങ്ങളുടെ നന്മയെ തിരികെ കൊണ്ടുവരാന്‍ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തു പുന്നാട് ഇതിനുദാഹരണമാണ്. പുന്നാടിനെ ഗീതാഗ്രാമമാക്കാന്‍ യത്‌നിച്ച അശ്വനികുമാര്‍ കൊലക്കത്തിയിരയായെങ്കിലും ആ യജ്ഞവുമായി നാട്ടുകാര്‍ മുന്നോട്ടുപോയി. ക്രമേണം അതൊരു സമ്പൂര്‍ണ ഗീതാഗ്രാമമായിത്തീര്‍ന്നു. മദ്യപാനമില്ലാത്ത, തൊഴിലില്ലായ്മയില്ലാത്ത, തരിശുഭൂമിയില്ലാത്ത പ്രദേശമാണിപ്പോള്‍ പുന്നാട്. ഭഗവദ്ഗീത പഠിക്കുകയും പാരായണം ചെയ്യുകയും വഴിയുണ്ടാകുന്ന നേട്ടം മറ്റൊരാള്‍ക്കു പറഞ്ഞുകൊടുക്കാവുന്ന ഒന്നല്ലെന്നും ഓരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണെന്നും സ്വാമിജി പറഞ്ഞു.
അമ്മമാരിലേക്കു ഗീതാസന്ദേശമെത്തിക്കാന്‍ സാധിച്ചാല്‍ നമ്മുടെ സംസ്‌കാരം നിലനിര്‍ത്തപ്പെടും. ഓരോ വീടിന്റെയും വിളക്ക് അമ്മമാരാണ്. ഉത്തമാചാരം വീടുകളില്‍ ചെയ്താല്‍ അടുത്ത തലമുറ കണ്ടുശീലിക്കും. അതിനുള്ള ഏറ്റവും വലിയ ഉപാധിയാണു ഗീത. ശ്രീകൃഷ്ണന്‍ ഇതികര്‍ത്തവ്യതാമൂഢനായ അര്‍ജുനനു സല്‍കുന്ന സന്ദേശം ആര്‍ക്കും ജീവിതത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടു പകരുന്ന ഒന്നാണെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാമുള്ള പരിഹാരം ഭഗവദ്ഗീതയിലുണ്ടെന്നു പട്ടയില്‍ പ്രഭാകരന്‍ ഗീതാഗ്രാമസന്ദേശത്തില്‍ വ്യക്തമാക്കി. വിചാരശീലരായ സജ്ജനങ്ങളാണു ഗീത ഉള്‍ക്കൊള്ളുക. മറ്റുള്ളവര്‍ക്കു സന്തോഷം പകരുകയാണു ഓരോ വ്യക്തിക്കും സന്തോഷവാനായിരിക്കാനുള്ള വഴി. മറ്റുള്ളവര്‍ക്കു സന്തോഷം പകരാന്‍ സാധിക്കണമെങ്കില്‍ സ്വയം സന്തോഷമുണ്ടാകണം. ഇതിനു കര്‍മം നിസ്വാര്‍ഥമാകണമെന്നു ഗീത ഉപദേശിക്കുന്നു. നാം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കണമെന്ന മോഹം ത്യജിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യജന്മത്തിന്റെ പരമാവധി സാധ്യതകളിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന ഗ്രന്ഥമാണു ഭഗവദ്ഗീതയെന്നു സ്വാമിനി ശിവാനന്ദ പുരി ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോയാല്‍ വിജയമുണ്ടാകുമെന്ന പ്രായോഗിക ജീവിതവീക്ഷണമാണു ഗീത പകരുന്നത്. ഇതിനെക്കാള്‍ പ്രായോഗികമായ ജീവിതദര്‍ശനമില്ല. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ള പ്രവണതയുണ്ടാകുമ്പോള്‍ ധര്‍മമാര്‍ഗമെന്ന നേര്‍വഴിയിലേക്കു ഗീതയാകുന്ന അമ്മ നയിക്കുമെന്നും സ്വാമിനി ശിവാനന്ദ പുരി പറഞ്ഞു.
ശോകമോഹങ്ങളെ ഇല്ലാതാക്കാനും മികച്ച കുടുംബവും കരുത്തുള്ള സമൂഹവും സ്‌നേഹവും ആദരവുമുള്ള ലോകവും സൃഷ്ടിക്കാന്‍ ഗീതാപഠനത്തിലൂടെ സാധിക്കുമെന്നു സ്വാമി സത്യാനന്ദ പുരി വ്യക്തമാക്കി.
പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ രചിച്ച 'ഗീതാഗ്രാമം ഭാഗവതഗ്രന്ഥ ശീലുകള്‍ വിരിയും പ്രഭാതം....' എന്നു തുടങ്ങുന്ന ഗീതാഗ്രാമഗാനം ഗായകസംഘം ആലപിച്ചു.
ബ്രഹ്മചാരി വേദ ചൈതന്യ,  ബ്രഹ്മചാരിണി വിവേക ചൈതന്യ, ചെറുങ്കുനി സോമന്‍ മാസ്റ്റര്‍, സുഭദ്ര.പി., ഗിരീഷ് കാളിയത്ത് എന്നിവര്‍ ഗീതാഗ്രാമപ്രവര്‍ത്തന അവലോകനം നടത്തി. പ്രാദേശികസമിതി പ്രതിനിധികള്‍ ഭഗവദ് ഗീത 17ാമത് അധ്യാത്തെ അടിസ്ഥാനപ്പെടുത്തി പ്രസംഗിച്ചു. ഗീതാഗ്രാമപ്രവര്‍ത്തനത്തോടനുബന്ധിച്ചു നടത്തിയ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. എം.കെ.രജീന്ദ്രനാഥ് സ്വാഗതവും പൗര്‍ണമി ഭാസ്‌കരന്‍ നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു സമൂഹഗീതാപാരായണം നടന്നു.
.

Back to Top