ശങ്കരാചാര്യരെ അദ്ഭുതപ്പെടുത്തിയ ശൃംഗേരി
September 7 2016
തുംഗഭദ്രാനദിയുടെ തീരത്തുള്ള ചെറുപട്ടണം. വിഭാണ്ഡക മുനിയുടെയും മകന് ഋഷ്യശൃംഗന്റെയും ആശ്രമം നിലനിന്നിരുന്ന സ്ഥലമായിരുന്ന ഋഷ്യശൃംഗഗിരി ലോപിച്ചാണു ശൃംഗേരി എന്ന സ്ഥലപ്പേരുണ്ടായതെന്നാണു വിശദീകരിക്കപ്പെടുന്നത്. ശങ്കരാചാര്യ സ്വാമികള്‍ ഭാരതത്തിന്റെ നാലു കോണുകളിലായി സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേത് ദക്ഷിണാമ്നായമെന്നറിയപ്പെടുന്ന ശൃംഗേരി ശാരദാപീഠമാണ്. മഠം ആരംഭിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ ഒരു കഥയുണ്ട്. തുംഗഭദ്രാ നദീതീരത്തിലൂടെ നടന്നുനീങ്ങവേ, മുട്ടയിടാനൊരുങ്ങുന്ന തവളയ്ക്കു ഫണം വിടര്‍ത്തി തണലൊരുക്കുന്ന മൂര്‍ഖന്‍ പാമ്പിനെ ശങ്കരാചാര്യര്‍ കണ്ടത്രെ. ഇരയായിത്തീരേണ്ട തവളയ്ക്കു രക്ഷകനായി പാമ്പ് മാറിയ അത്യപൂര്‍വകാഴ്ച അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. 12 വര്‍ഷം ശങ്കരാചാര്യര്‍ ശൃംഗേരിയില്‍ കഴിഞ്ഞത്രെ. യജുര്‍വേദ പ്രചാരണച്ചുമതലയാണു ശാരദാപീഠത്തിനു ശങ്കരാചാര്യര്‍ നല്‍കിയത്. ജഗദ്ഗുരു ശങ്കരാചാര്യ പദവിയാണു മഠത്തിന്റെ കാലാകാലങ്ങളിലുള്ള അധിപനുണ്ടായിരിക്കുക. ശാരദാപീഠത്തിന്റെ മതില്ക്കെട്ടിനകത്തുള്ള ശാരദാദേവിയുടെയും വിദ്യാതീര്ഥമഹേശ്വരന്റെയും ക്ഷേത്രങ്ങള്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ചതാണെന്നു പറയപ്പെടുന്നു. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും മൂര്ത്തിയാണീ ക്ഷേത്രത്തിലെ ദേവി. ലളിതമായ ശ്രീകോവിലാണു ക്ഷേത്രത്തിനു തുടക്കകാലത്തുണ്ടായിരുന്നത്. 14ാം നൂറ്റാണ്ടില്‍ വിദ്യാരണ്യമുനി ചന്ദനംകൊണ്ടുള്ള വിഗ്രഹം മാറ്റി സ്വര്‍ണവും കല്ലും കൊണ്ടുള്ള വിഗ്രഹം സ്ഥാപിക്കുകയായിരുന്നത്രെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ തടിയില്‍തീര്‍ത്ത കെട്ടിടമാണു ക്ഷേത്രത്തിനുണ്ടായിരുന്നത്. എന്നാല്‍, അഗ്നിബാധയില്‍ ഇതിനു കേടുപാടു സംഭവിച്ചതോടെ ദക്ഷിണേന്ത്യന്‍ ക്ഷേത്രനിര്മാണസങ്കല്പമനുസരിച്ചു കെട്ടിടം പുതുക്കിപ്പണിയുകയായിരുന്നു. ശ്രീശാരദയുടെ ഭവ്യമൂര്ത്തി പരിപാലിക്കപ്പെടുന്ന ശാരദാക്ഷേത്രത്തെ ശാന്തമായ പവിത്രാന്തരീക്ഷം സവിശേഷതയാര്ന്നതാക്കിത്തീര്ക്കുന്നു. വിദ്യാശങ്കര മുനിയുടെ ഓര്‍മയ്ക്കായി 1357-58 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാണു വിദ്യാശങ്കരക്ഷേത്രമെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിജയനഗര സാമ്രാജ്യ സ്ഥാപകായ ഹരിഹരന്റെയും ബുക്കന്റെയും ആസ്ഥാനഗുരുവായിരുന്നു വിദ്യാരണ്യമുനി. ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ശില്പങ്ങള് ക്ഷേത്രത്തില്‍ കാണാം. മധ്യകാലഘട്ടത്തില്‍ ക്ഷേത്രനിര്‍മാണത്തില്‍ നിപുണന്മാരായിരുന്ന ദക്ഷിണേന്ത്യയിലെ ശില്പികള്ക്കു ജ്യോതിശ്ശാസ്ത്രത്തിലുള്ള അവഗാഹം വ്യക്തമാക്കുന്നതാണു ക്ഷേത്രഹാളിന്റെ തൂണുകള്‍. 12 രാശിചക്രങ്ങളെ 12 തൂണുകളില്‍ ചിത്രീകരിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വിദ്യാഗണപതി ഒരു ഭാഗത്തും ദുര്‍ഗാദേവി മറുഭാഗത്തുമുള്ള ഗര്‍ഭഗൃഹവും മറ്റു മൂന്നു ഭാഗങ്ങളിലായി ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളുമാണുള്ളത്. മേല്‍ക്കൂരയില്‍ താമരയ്ക്കൊപ്പം കിളികളെ കൊത്തിവെച്ചതു കൗതുകകരമായ കാഴ്ചയാണ്. നഗരത്തിനടുത്തുള്ള മലയാണ് മറ്റൊരു ആകര്‍ഷണീയത. മലകയറുന്നതിനു പടികളുണ്ട്. മലയ്ക്കുമുകളിലാണു വിഭാണ്ഡകേശ്വരമെന്ന ശിവക്ഷേത്രം. വിഭാണ്ഡകമുനിയുടെ ആശ്രമം ഇവിടെയായിരുന്നുവത്രെ. ശൃംഗേരിയില്‍നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പര്‍വതമാണു ശൃംഗഗിരി. ശൃംഗി ഋഷിയുടെ ജന്മസ്ഥാനമാണിത്. തുംഗഭദ്ര, നേത്രാവതി, വാരാഹി എന്നീ നദികള്‍ ഉദ്ഭവിക്കുന്നത് ഈ പര്‍വതത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമായാണ്. ഇവയുടെ ഉദ്ഭവസ്ഥാനങ്ങള്‍ പവിത്ര തീര്ഥസ്ഥലങ്ങളായാണു കരുതപ്പെടുന്നത്.
.