Rishipatham

വ്യാസോച്ഛിഷ്ടം ജഗത്സര്‍വം (അഥവാ, വ്യാസമഹര്‍ഷി പറഞ്ഞുതരാത്തതായി ഒന്നുമില്ല!)

ഭാരതത്തിലെ ഗുരുപരമ്പര ഈശ്വരനില്‍നിന്ന് ആരംഭിക്കുന്നതായാണു സങ്കല്‍പം. ആ ഗുരുപരമ്പരയില്‍ പ്രഥമസ്ഥാനീയരായ ആചാര്യന്മാരുടെ കൂട്ടത്തിലാണ് വ്യാസമഹര്‍ഷിയുടെ സ്ഥാനം. ''വ്യാസോച്ഛിഷ്ടം ജഗത്സര്‍വം'' എന്നാണ് പറയാറ്. വ്യാസമഹര്‍ഷിയുടെ ഉച്ഛിഷ്ടമാണ് ഈ ജഗത്തുമുഴുവനും എന്നര്‍ഥം. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ഥങ്ങളെ സംബന്ധിച്ച് വ്യാസമഹര്‍ഷി പറഞ്ഞുവെയ്ക്കാത്തതായി ഒന്നുമില്ല എന്നതുകൊണ്ടാണ് അപ്രകാരം പറയുന്നത്.
ബ്രഹ്മാവിന്റെ മാനസപുത്രനായ വസിഷ്ഠമഹര്‍ഷിയുടെ മൂന്നാം തലമുറയിലാണു വ്യാസമഹര്‍ഷി ജനിച്ചത്. വസിഷ്ഠപുത്രന്‍ ശക്തി, ശക്തിയുടെ പുത്രന്‍ പരാശരന്‍, പരാശരപുത്രന്‍ വ്യാസന്‍. ഇതാണ് ക്രമം.
''നാരായണം പദ്മഭുവം വസിഷ്ഠം
ശക്തിം ച തത്പുത്രപരാശരം ച,
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദയോഗീന്ദ്രമഥാസ്യ ശിഷ്യം,
ശ്രീശങ്കരാചാര്യമഥാസ്യപദ്മ-
പാദം ച ഹസ്താമലകം ച ശിഷ്യം,
തം ത്രോടകം വാര്‍ത്തികകാരമന്യാന്‍
അസ്മദ് ഗുരൂന്‍ സന്തമാനതോസ്മി.'' എന്ന ഗുരുപരമ്പരാധ്യാനശ്ലോകത്തില്‍നിന്ന് ഇതു വ്യക്തമാവുന്നുണ്ട്. പരാശരമഹര്‍ഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയില്‍  ജനിച്ച സന്താനമാണ് വേദവ്യാസന്‍. സത്യവതിതന്നെ തനിക്ക് ഇങ്ങനെയൊരു മകന്‍ ഉണ്ടായ ചരിത്രം മഹാഭാരതത്തിന്റെ ആദിപര്‍വത്തില്‍ വെളിപ്പെടുത്തുന്നു. (സംഭവപര്‍വം (ഉപപര്‍വം) അധ്യായം 104). ഒരു മുക്കുവരാജാവിന്റെ വളര്‍ത്തുമകളായ സത്യവതി യമുനാനദിക്കരയിലാണ് വസിച്ചിരുന്നത്. പിതാവിന്റെ വഞ്ചിയില്‍ ആളുകളെ നദി കടത്തിക്കൊടുക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു സത്യവതി. ഒരു ദിവസം പരമര്‍ഷിയായ പരാശരന്‍ നദി കടക്കാനായി വന്നെത്തി. വഞ്ചി തുഴഞ്ഞുകൊണ്ടിരുന്ന സത്യവതിയുടെ സൗന്ദര്യത്തില്‍ മഹര്‍ഷി ആകൃഷ്ടനായിത്തീര്‍ന്നു. ലോകത്തെ മുഴുവന്‍ മായകൊണ്ട് മറച്ച് വഞ്ചിയില്‍വെച്ചുതന്നെ അദ്ദേഹം സത്യവതിയെ പ്രാപിക്കുകയും സത്യവതി തന്റെ ഗര്‍ഭത്തെ ത്യജിച്ചാലുടനെ വീണ്ടും കന്യകയായി ഭവിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. മത്സ്യഗന്ധിയായിരുന്ന സത്യവതിക്ക് ഒരിക്കലും മങ്ങാത്ത സുഗന്ധം വരമായി നല്കി. ഗര്‍ഭാധാനത്തിനു ശേഷം ഒട്ടും വൈകാതെത്തന്നെ ഗര്‍ഭം പൂര്‍ണവളര്‍ച്ചയെത്തുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. ദ്വീപിനു തുല്യം ചുറ്റും ജലത്താല്‍ ആവൃതമായ വഞ്ചിയില്‍വെച്ചുണ്ടായതിനാല്‍ ദ്വൈപായനന്‍ എന്ന പേരു വന്നു. ശരീരത്തിന് കൃഷ്ണവര്‍ണം (കറുപ്പുനിറം) ആയതിനാല്‍ കൃഷ്ണന്‍ എന്നും പേര്‍ ലഭിച്ചു. പിന്നീട് വേദങ്ങളെ വ്യസിച്ചതിനാല്‍ വ്യാസന്‍ എന്നും ലോകത്തില്‍ വിഖ്യാതനായിത്തീര്‍ന്നു. ജന്മനാ തന്നെ പരമജ്ഞാനിയായിരുന്ന വ്യാസന്‍ ജനിച്ച ഉടനെ പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും അച്ഛനോടൊന്നിച്ച് യാത്രയാവുകയും ചെയ്തു. ഏതു നിമിഷവും തന്നെ സ്മരിക്കുന്ന മാത്രയില്‍ അടുത്തെത്താമെന്ന് അമ്മയ്ക്കു വാക്കു കൊടുത്താണ് യാത്രയായത്. ഈ വ്യാസമഹര്‍ഷിയെയാണ് പിന്നീട് ശന്തനുരാജാവില്‍ തനിക്കു ജനിച്ച പുത്രനായ വിചിത്രവീര്യന്റെ ഭാര്യമാരില്‍ സന്താനോത്പാദനം ചെയ്യാനായി സത്യവതി സ്മരിച്ചു വരുത്തുന്നത്. അങ്ങനെ ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍ എന്നീ മക്കള്‍ക്ക് പിതാവായും വ്യാസന്‍ ഭവിച്ചു.
ഇന്നും സനാതനധര്‍മസന്ദേശങ്ങള്‍ ലോകത്തില്‍ നിലനില്ക്കുന്നത് വ്യാസമഹര്‍ഷി ഈ ധര്‍മത്തിനു നല്കിയ സംഭാവനകളെക്കൊണ്ടാണെന്നതില്‍ സംശയമില്ല. അടിസ്ഥാനശാസ്ത്രമായ വേദത്തിന്റെ പിന്തുടര്‍ച്ചയെ ഉറപ്പു വരുത്താനായി അദ്ദേഹം വേദത്തെ ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിങ്ങനെ നാലായി വിഭജിച്ച്, അവയെ തന്റെ ശിഷ്യന്മാര്‍ക്കുപദേശിച്ചു. ഋഗ്വേദത്തെ പൈലനും യജുര്‍വേദത്തെ വൈശമ്പായനനും സാമവേദത്തെ ജൈമിനിക്കും അഥര്‍വവേദത്തെ സുമന്തുവിനും ഉപദേശിച്ചു. അധ്യയനത്തിലൂടെയും അധ്യാപനത്തിലൂടെയും അവ പ്രചരിപ്പിക്കാനായി നിര്‍ദേശിക്കുകയും ചെയ്തു. അവരിലൂടെ വേദം തലമുറകളായി പ്രചരിച്ചുവന്നു. ഇതു കൂടാതെ വേദത്തിലെ ആശയങ്ങളെ സാധാരണക്കാര്‍ക്കിടയില്‍ ബോധിപ്പിക്കുന്നതിനു വേണ്ടി പഞ്ചമവേദമെന്നറിയപ്പെടുന്ന മഹാഭാരതമെന്ന ഇതിഹാസവും 18 പുരാണങ്ങളും രചിച്ചു. ഇവയില്‍ ധര്‍മാര്‍ഥകാമമോക്ഷങ്ങളാകുന്ന ചതുര്‍വിധപുരുഷാര്‍ഥങ്ങള്‍, ജീവചരിത്രത്തിന്റെയും കഥകളുടെയും സഹായത്തോടെ വിസ്തൃതമായി വര്‍ണിച്ചു. മഹാഭാരതത്തെക്കുറിച്ച് വ്യാസമഹര്‍ഷിതന്നെ ഇപ്രകാരമാണ് പറയുന്നത് -
''ധര്‍മേ ഹ്യര്‍ഥേ ച കാമേ ച, മോക്ഷേ ച ഭരതര്‍ഷഭ,
യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന തത് ക്വചിത്.'' (അല്ലയോ ഭരതകുലശ്രേഷ്ഠാ, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ യാതൊന്നാണോ ഇതിലുള്ളത് അതുതന്നെയേ മറ്റെല്ലായിടത്തും ഉള്ളൂ, ഇതിലില്ലാത്തത് മറ്റെവിടെയും ഇല്ല). അത്രയും സമ്പൂര്‍ണമാണ് മഹാഭാരതം എന്നര്‍ഥം.
ഇതിനും പുറമേ ഉപനിഷത്തുക്കളുടെ താത്പര്യത്തെ യുക്തിപൂര്‍വം സ്ഥാപിക്കാനായി അവയുടെ വിചാരഗ്രന്ഥമായ ബ്രഹ്മസൂത്രവും രചിച്ചു. ഇപ്രകാരം വേദവ്യാസന്‍ ശ്രുതി-സ്മൃതി-ന്യായപ്രസ്ഥാനങ്ങളിലൂടെ സനാതനധര്‍മത്തിന്റെ പ്രചാരവും നൈരന്തര്യവും ഉറപ്പു വരുത്തി.
ലോകാനുഗ്രഹത്തിനായി ഈശ്വരന്‍തന്നെ വ്യാസമഹര്‍ഷിയുടെ രൂപത്തില്‍ ധര്‍മോദ്ധാരണത്തിനുവേണ്ടി അവതരിച്ചത് ആഷാഢമാസത്തിലെ പൂര്‍ണിമനാളിലാണ്. ആ ദിവസം നാം സമ്പൂര്‍ണഗുരുപരമ്പരയ്ക്കും ആദരാഞ്ജലികളര്‍പ്പിക്കുന്ന ഗുരുപൂര്‍ണിമയായി ആചരിച്ചുവരുന്നു. ഇതില്‍നിന്നുതന്നെ വ്യാസമഹര്‍ഷിക്ക് നാം കല്പിക്കുന്ന പ്രാധാന്യം വ്യക്തമാണല്ലോ.
''വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ,
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ'' (വിഷ്ണുരൂപനായ വ്യാസനും വ്യാസരൂപനായ വിഷ്ണുവിനും നമസ്‌കാരം; ബ്രഹ്മസ്വരൂപനായ വസിഷ്ഠകുലോദ്ഭവന് നമസ്‌കാരം) എന്ന ശ്ലോകത്തില്‍ വ്യാസനെ സാക്ഷാദ് വിഷ്ണുവായിത്തന്നെയാണ് മാനിക്കുന്നത്. ഭഗവദ്ഗീതയില്‍ ''മുനീനാമപ്യഹം വ്യാസഃ'' (മുനിമാരുടെ കൂട്ടത്തില്‍ ഞാന്‍ വ്യാസനാകുന്നു) എന്ന് ശ്രീകൃഷ്ണനും അരുളുന്നു.
.

Back to Top