Ulsavam

സ്ത്രീത്വം കവര്‍ന്ന അസുരനെ ജയിച്ച ദീപാവലി

രാവണനെ തോല്‍പ്പിച്ച് സീതയുമായി രാമലക്ഷ്മണന്മാര്‍ അയോധ്യയിലെത്തിയതിന്റെ ഓര്‍മ്മപുതുക്കലേ്രത ദീപാവലി. ചെരാതുകള്‍നിറയെ ദീപംതെളിയിച്ച്, മധുരംവിളമ്പി, ആഹ്‌ളാദത്തിമിര്‍പ്പോടെ പ്രജകള്‍ അയോധ്യാപതിയെ സ്വീകരിച്ചതിന്റെ സ്മരണയാണ് ഇന്നും പിന്‍മുറക്കാര്‍ പുതുമ മങ്ങാതെ കാത്തുപോരുന്നത്.
ഉത്തരേന്ത്യയില്‍ അഞ്ചുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ തുടക്കം. അന്ന് ധന്‍തേരാസ് എന്ന ധന്വന്തരി ത്രയോദശി. രണ്ടാംനാള്‍  നാരകചതുര്‍ത്ഥി. എല്ലാ വര്‍ണ ഘോഷങ്ങളോടുംകൂടി ദീപാവലി ആഘോഷിക്കുന്നത് മൂന്നാമത്തെ ദിവസമാണ്. അന്നാണ് ലക്ഷ്മീപൂജ. അതിനടുത്ത നാള്‍ ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് ഉത്സവസമാപനത്തിനു ഭ്രാതൃിപൂജ.
ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസംകൂടിയാണു ധന്‍തേരാസ്. ധന്‍തേരാസിന് ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. സ്വര്‍ണം മാത്രമല്ല വേണ്ടത്ര വീട്ടുപകരണങ്ങളും വാങ്ങുന്ന സുദിനം. നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചത് ആഘോഷിക്കുന്ന ദിവസമാണു നാരകചതുര്‍ത്ഥി്. ദീപാവലിനാളിലാകട്ടെ പ്രധാനം സര്‍വൈശ്വര്യങ്ങള്‍ക്കുമായുള്ള ലക്ഷ്മീപൂജയാണ്. ഒപ്പം വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരമൊരുക്കല്‍, പടക്കം, പൂത്തിരി,..... ആഘോഷമേളം!
ഇന്ദ്രന്റെ കോപം മഹാമാരിയായി പെയ്തപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനപര്‍വ്വതമുയര്‍ത്തി മനുഷ്യര്‍ക്ക് അഭയംനല്‍കിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് തൊട്ടടുത്ത നാളിലുള്ള ഗോവര്‍ധനപൂജയെന്നാണു വിശ്വാസം. അവസാന ദിവസം വീട്ടിലെ പെണ്‍കുട്ടികളുടെ ആയുരാരോഗ്യസൗഖ്യത്തിനായി സഹോദരന്മാര്‍ നടത്തുന്ന ഭ്രാതൃിപൂജയുണ്ടാകും. അതോടെ ദീപാവലി ആഘോഷത്തിനു കൊടിയിറങ്ങും.
അയല്‍സംസ്ഥാനങ്ങളോടു ചേര്‍ന്നുള്ള ജില്ലകളിലൊഴികെ കേരളത്തില്‍ ദീപാവലി വലിയ ആഘോഷമല്ലെങ്കിലും മധുരംവിളമ്പല്‍ മലയാളിക്കുമുണ്ട്.
ഭാരതത്തില്‍ മാത്രമല്ല, ഭാരതീയസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ദീപാവലി കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ഭാരതീയരേക്കാള്‍ ആവേശത്തോടെയാണു നേപ്പാളി ജനത ദീപാവലിയെ വരവേല്‍ക്കുന്നത്. തിഹാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആഘോഷം അവിടെ ദേശീയോത്സവത്തിനു സമം. മലേഷ്യ, സിംഗപ്പൂര്‍,സിംഗപ്പൂര്‍ തുടങ്ങി പല രാജ്യങ്ങളിലും ദീപാവലിക്കു പെരുമയുണ്ട്. ദേശീയ അവധിദിനമാണ് ഈ രാഷ്ട്രങ്ങളിലൊക്കെ ദീപാവലി നാള്‍. ന്യൂസിലാന്റില്‍ ഔദ്യോഗിക അനുമതികളോടെയാണ് ദീപാവലി മേളം നടക്കുക. ഇന്തോ ഫിജിയന്‍ കമ്യൂണിറ്റിയുടെ ആഘോഷങ്ങളില്‍ തദ്ദേശീയരും പങ്കാളികളാകുമെന്ന സവിശേഷതയുമുണ്ട്.
.

Back to Top