Ulsavam

ആചാരവൈവിധ്യത്തോടെ മണ്ണാറശ്ശാല ആയില്യം ഉല്‍സവം

ഹരിപ്പാട്: വിവിധ പ്രദേശങ്ങളില്‍നിന്നു കൂട്ടമായെത്തിയ ഭക്തര്‍ സാക്ഷിയായ ആയില്യം എഴുന്നള്ളത്തോടെ മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രോല്‍സവത്തിനു പരിസമാപ്തിയായി. തെക്കന്‍ കേരളത്തിലെ പ്രമുഖ ഉല്‍സവങ്ങളിലൊന്നായ ആയില്യം ഉല്‍സവത്തിലെ അവസാന ചടങ്ങായ ആയില്യം എഴുന്നള്ളത്തിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു തുടക്കമായത്.
പൂജ കഴിഞ്ഞ് വലിയമ്മ ഉമാദേവി അന്തര്‍ജനവും സംഘവും ഉച്ചയ്ക്ക് ഒരുമണിയോടെ തീര്‍ഥക്കുളത്തിലേക്കു പുറപ്പെട്ടു. കുളത്തില്‍ മുങ്ങിനിവര്‍ന്ന് ഈറന്‍ കസവുവസ്ത്രം ധരിച്ച്, ഓലക്കുട ചൂടി അമ്മ ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ വാദ്യം മുഴങ്ങി. തുടര്‍ന്ന് അമ്മയും സംഘവും നാഗദൈവങ്ങളുമായി പുറത്തേക്ക് എഴുന്നള്ളി.
വലിയമ്മ നാഗരാജാവിന്റെ വിഗ്രഹവും ചെറിയമ്മയായ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയുടെയും പരമേശ്വരന്‍ നമ്പൂതിരി നാഗചാമുണ്ഡിയുടെയും വാസുദേവന്‍ നമ്പൂതിരി നാഗയക്ഷിയുടെയും വിഗ്രഹങ്ങളുമായാണ് എഴുന്നള്ളത്ത് നടത്തിയത്. വാദ്യത്തോടൊപ്പം മുത്തുക്കുടയും വെഞ്ചാമരവും ആലവട്ടവും എന്തിയവര്‍ അകമ്പടി സേവിച്ചു.
എഴുന്നള്ളത്ത് ഇല്ലത്തെത്തുന്നതോടെ നൂറും പാലും നിവേദിക്കല്‍ ചടങ്ങു നടന്നു. ഈ ചടങ്ങ് രാത്രി വൈകിയാണു പൂര്‍ത്തിയായത്. ഗുരുതിയോടെയാണ് ഉല്‍സനം സമാപിച്ചത്. ഇന്നു ശുദ്ധിക്രിയകള്‍ക്കുശേഷമാണു നിത്യപൂജകള്‍ പുനരാരംഭിക്കുക.
.

Back to Top