Bharathayathra

''ധര്‍മസന്ദേശം'' പകരുന്ന ധര്‍മസ്ഥല

കാണാത്ത ഭാരതം- 3
 
വൈരുദ്ധ്യങ്ങളുടെ സംഗമഭൂമിയാണു ധര്‍മസ്ഥല. ഉള്ളവനും ഇല്ലാത്തവനും സഹവസിക്കുകയെന്ന പൊതുഭാരതീയ സമൂഹഘടനയ്ക്കപ്പുറം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകയാണു പുരാണകാലം മുതല്‍ ഈ ക്ഷേത്രനഗരം. പവിത്രനദിയായ നേത്രാവതിയുടെ തീരത്തുള്ള ഈ പുണ്യസ്ഥലത്തു മതവിശ്വാസികള്‍ക്കൊപ്പം യുക്തിവാദികള്‍ക്കും ഇടമുണ്ട്. തീര്‍ഥാടനത്തിനു കീര്‍ത്തികേട്ട ധര്‍മസ്ഥല ആധുനിക കാലത്തില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രവുംകൂടിയായി മാറി.
പേരുകേട്ട മഞ്ജുനാഥക്ഷേത്രം(ശിവക്ഷേത്രം) ജൈനമതവിശ്വാസികളായ ഹെഗ്‌ഡേ കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പലതാണ്. ശങ്കരാചാര്യരാണു പ്രതിഷ്ഠ നിര്‍വഹിച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്.
ദിവ്യശക്തിയുണ്ടായിരുന്ന അണ്ണപ്പ എന്ന വ്യക്തിയാണു ധര്‍മസ്ഥലയില്‍ ശിവലിംഗമെത്തിച്ചതെന്നു കരുതിപ്പോരുന്നു. നാട്ടുപ്രമാണിമാരായ ഹെഗ്‌ഡെ കുടുംബത്തിനു കീഴില്‍ തൊഴിലാളിയായിരുന്നു അണ്ണപ്പയെന്നും ഹെഗ്‌ഡെ കുടുംബത്തലവന്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണു ശിവലിംഗമെത്തിച്ചതെന്നുമാണ് ഐതിഹ്യം. മംഗലാപുരത്തിനടുത്ത് കദ്രിയിലെ ശിവലിംഗമായിരുന്നു അതെന്നും ശിവലിംഗം ധര്‍മസ്ഥലയിലെത്തിച്ചതോടെ അണ്ണപ്പ അപ്രത്യക്ഷനായെന്നുമാണു കഥ. അണ്ണപ്പയെയും അതോടെ ജനങ്ങള്‍ ആരാധിച്ചുതുടങ്ങി.  
1635ല്‍ ഉടുപ്പിയിലെത്തിയ ശ്രീവാദിരാജ് സ്വാമി, മഞ്ജുനാഥനെ ഉപാസിച്ചത്രെ. തുടര്‍ന്നു ക്ഷേത്രത്തിലെ ചിട്ടകളും രീതികളും മാധ്വാചാര്യ സമ്പ്രദായത്തിലേക്കു മാറിയെന്നാണു കരുതിപ്പോരുന്നത്. ശ്രീവാദിരാജ് സ്വാമിയാണ് ഈ സ്ഥലത്തിനു ധര്‍മസ്ഥലയെന്നു പേരുനല്‍കിയതെന്നാണു കരുതിപ്പോരുന്നത്.
കാര്‍ത്തികത്തില്‍ ബഹുളദശമി മുതല്‍ അമാവാസി വരെ (നവംബര്‍, ഡിസംബര്‍) ഇവിടെ ലക്ഷദീപ മഹോല്‍സവം നടക്കും. മേടസംക്രമം മുതല്‍ ഒന്‍പതു ദിവസം നീളുന്ന രഥയാത്രയ്ക്കു ഭക്തരുടേതുള്‍പ്പെടെ വന്‍ ജനപ്രാതിനിധ്യമുണ്ടാകും.
ഹിന്ദുമതത്തിനൊപ്പം ജൈനമതത്തിനും സ്ഥാനമുണ്ട് ധര്‍മസ്ഥലയില്‍. ചോളന്‍മാരുടെ കാലശേഷം ദക്ഷിണേന്ത്യയില്‍ ജൈനമതത്തിനു പ്രചാരം ലഭിച്ചപ്പോഴാണ് ധര്‍മസ്ഥലയിലും ജൈനരെത്തിയത്. 14 മീറ്റര്‍ ഉയരമുള്ള ഗോമടേശ്വരപ്രതിമ ഇവിടത്തെ പ്രധാന ആകര്‍ഷണീയതകളിലൊന്നാണ്. 1973ലാണ് മഞ്ജുനാഥ ക്ഷേത്രത്തിനു സമീപം വന്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. മഞ്ജുനാഥനൊപ്പം ജൈന തീര്‍ഥങ്കരനെയും പൂജിക്കുന്നുവെന്നതു ധര്‍മസ്ഥലയെ മതസഹിഷ്ണുതയുടെ ഉത്തമ മാതൃകയാക്കിത്തീര്‍ക്കുന്നു.
മഞ്ജുനാഥക്ഷേത്രത്തില്‍ ആദ്യം കാണാനാകുക പൂര്‍ണാദേവിയുടെ വിഗ്രഹമാണ്. ഭിക്ഷ യാചിച്ചുവന്ന പരമശിവനു പാര്‍വതി ഭക്ഷണം നല്‍കിയത് ഇവിടെ വെച്ചാണൊണു വിശ്വാസം. അതിനാല്‍ത്തന്നെ, അന്നദാനത്തിന് ഇവിടെ വളരെയധികം പ്രാധാന്യം നല്കിവരുന്നു. ചുരുങ്ങിയത് പതിനായിരത്തോളം പേര്‍ ദിവസവും ദര്‍ശനം നടത്തുന്ന ധര്‍മസ്ഥലയില്‍ ഒരു മുടക്കവും ഇല്ലാതെ സന്ദര്‍ശകര്‍ക്കു മുഴുവനും ഭവ്യതയോടെ ഭക്ഷണം നല്കിവരുന്നത് ഇവിടുത്തെ ഏറ്റവും മഹനീയമായ കാഴ്ചയാണ്. ആധുനികസജ്ജീകരണങ്ങളോടൊത്ത പാചകശാല ഏറെക്കുറേ ദിവസം മുഴുവന്‍ പ്രവര്‍ത്തനനിരതമാണ്. ഇതുകൂടാതെയും ധര്‍മസ്ഥല എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ പല സേവനങ്ങളും ഇവിടെ നടന്നുവരുന്നു. ഒരിക്കലെങ്കിലും ഇവിടെയെത്തുന്നവര്‍ക്ക് അദ്ഭുതാദരങ്ങളോടെ മാത്രമേ ഈ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണാന്‍ കഴിയൂ.
.

Back to Top