തിരുപ്പതിയില്‍ ദളിതര്‍ക്കു പൂജാപരിശീലനം; സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു നിയമനം നല്‍കും
October 23 2015
തിരുപ്പതി: പരമ്പരാഗത കീഴ്വഴക്കങ്ങള് പരിഷ്കരിച്ചും ജാതീയമായ വേര്‍തിരിവ് ഒഴിവാക്കിയും ക്ഷേത്രപൂജാവിധികളില് തിരുപ്പതി ദേവസ്വം അബ്രാഹ്മണര്‍ക്കും പൂജാപരിശീലനം നല്കുന്നു. തിരുപ്പതി ദേവസ്വവുമായി സഹകരിച്ചു ഗവണ്മെന്റ് ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും തിരുപ്പതി ദേവസ്വം പരിശീലിപ്പിക്കുന്ന പൂജാരികളെ അത്തരം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും ആന്ധ്ര ദേവസ്വം, സാമൂഹികക്ഷേമമ മന്ത്രി പി.മാണിക്യലാ റാവു പറഞ്ഞു. ദളിതര്‍ക്കായി പ്രത്യേക പൂജാപരിശീലന കോഴ്സ് ആരംഭിക്കും. തുടക്കത്തില്‍ ആന്ധ്രയിലെ ചിറ്റൂര്‍, ഗോദാവരി ജില്ലകളില്‍ നിന്നുള്ള 200 പേര്‍ക്കാണു പരിശീലനം നല്‍കുക. ദളിത് പിന്നോക്കവിഭാഗക്കാര്ക്കായി വേദകര്‍മ്മങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്താനാണ് ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായ തിരുപ്പതിയുടെ ഭരണസമിതി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുമുമ്പ് ഗോത്രവര്‍ഗ പൂജാരികള്‍ക്കായി ഒട്ടേറെ ഹ്രസ്വകാല കോഴ്സുകള്‍ നടത്തിയിരുന്നെങ്കിലും ഒരു സമഗ്ര പരിശീലനം ഇതാദ്യമാണ്. ''സമൂഹത്തിലെ താഴേക്കിടയിലുള്ള യുവാക്കള്‍ക്കു ക്ഷേത്ര പൂജാവിധികളില്‍ പരിശീലനം നല്‍കും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ തിരുപ്പതി ദേവസ്വവുമായി സഹകരിച്ച് ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ സാമൂഹ്യക്ഷേമ വകുപ്പ് അമ്പലങ്ങള്‍ പണിയും. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കളെയാകും ഈ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി നിയോഗിക്കുക.'' ആന്ധ്ര ദേവസ്വം സാമൂഹ്യക്ഷേമമന്ത്രി പി. മാണിക്യലാ റാവു പറഞ്ഞു. ദളിത് ആവാസമേഖലകളില്‍ ഹിന്ദുധര്‍മ്മം പ്രചരിപ്പിക്കുന്നതിനായി ദേവതകള്‍ക്ക് പ്രസാദം സമര്‍പ്പിക്കുന്ന 'ദളിത ഗോവിന്ദം' പദ്ധതിയില്‍ യുവാക്കള്‍ക്ക് മുമ്പ് പരിശീലനം നല്‍കിയിരുന്നു. 'ഒരാഴ്ച നീണ്ട പരിശീലനമായിരുന്നു അത്. ഒന്നോ രണ്ടോ പൂജാകര്‍മ്മങ്ങളും പ്രസാദം നല്‍കലും മാത്രമാണ് പഠിപ്പിച്ചിരുന്നത്. തുടര്‍പരിശീലനം പിന്നീട് ഉണ്ടായില്ല. ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്നതു സമഗ്രപരിശീലന പദ്ധതിയാണ്.'' സാമൂഹ്യക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ശ്രീ വെങ്കടേശ്്വര യൂണിവേഴ്സിറ്റിയിലാണ് ടി.ടി.ഡി.യുടെ സര്റ്റിഫിക്കറ്റ് കോഴ്സ് നടത്തുക. 'ക്ഷേത്രാചാരങ്ങളുടെ തത്വസംഹിത മൂന്നു തരത്തിലാണുള്ളത്. ഇതില്‍ ശ്രേഷ്ഠകര്‍മ്മങ്ങള്‍ ചെയ്യുന്നത് പരമ്പരാഗത പുരോഹിതന്മാരാണ്. മറ്റു രണ്ടെണ്ണം സാധാരണക്കാര്‍ക്കും അനുഷ്ഠിക്കാം.'' - ടി.ടി.ഡി. വക്താക്കള്‍ പറയുന്നു. ചിറ്റൂരില്‍ നിന്നും ഗോദാവരിയില്‍ നിന്നും നൂറുവീതം യുവാക്കളെ തെരഞ്ഞെടുത്ത് സ്മാര്‍ത്ത വിധികളാണ് കോഴ്സില്‍ പരിശീലിപ്പിക്കുക. വിവാഹമുഹൂര്‍ത്തം കുറിക്കുന്നത് ഉള്‍പ്പെടെയുള്ള കടുംബാചാര കര്‍മ്മങ്ങളാണ് സ്മാര്‍ത്ത വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേദപരമ്പരയുടെ പൊതുവിശ്വാസപ്രമാണങ്ങള്‍, ക്ഷേത്രസമ്പ്രദായങ്ങളുടെ പരിണാമം, വിഗ്രഹാരാധനയിലും പൂജാകര്മ്മങ്ങങ്ങളിലും തള്ളാവുന്നതും കൊള്ളാവുന്നതുമായ കാര്യങ്ങള്‍, ഉത്സവനടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിലാവും കോഴ്സ് കേന്ദ്രീകരിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് യോഗചെയ്ത് മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ട ശേഷമായിരിക്കും പഠിതാക്കള്‍ക്കുള്ള ക്ളാസുകള്‍ നിത്യവും നടക്കുക.
.