Sanathanam

ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു ഹിന്ദുസംസ്‌കാരത്തിന് പോറലേല്‍പിക്കാനാവില്ല: മോഹന്‍ ഭാഗവത്

നാഗ്പൂര്‍: നിര്‍ഭാഗ്യകരമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു ഹിന്ദു സംസ്‌കാരത്തിനു പോറലേല്‍പിക്കാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ലോകത്തിനു മുന്നില്‍ ഭാരതത്തിന് ഇതുവരെയില്ലാതിരുന്നത്ര മെച്ചപ്പെട്ട പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. ഭാരതത്തിനു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിമാനകരമായ ഇടം  നേടിക്കൊടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചുവെന്നും രാജ്യത്തു പ്രതീക്ഷയും ആത്മവിശ്വാസവും വര്‍ധിച്ചുവെന്നും ആര്‍.എസ്.എസ്. ആസ്ഥാനത്തു നടത്തിയ വിജയദശമി പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ഭാഗ്യകരമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചെന്നു വരാം. അവ ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കപ്പെടുകയാണ്. എന്നാല്‍, ഇതൊന്നും ഹിന്ദുസംസ്‌കാരത്തെ മോശമായി ബാധിക്കില്ല.
പുരാതനകാലം മുതല്‍ വൈവിധ്യത്തെ ആദരിക്കുകയും നാനാത്വത്തില്‍നിന്ന് ഏകത്വം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യന്നതാണു യഥാര്‍ഥ ഹിന്ദുത്വം. നമ്മുടെ രാജ്യം ഒത്തൊരുമയോടെ നിന്നിട്ടുണ്ട്; തല്‍സ്ഥിതി തുടരുകയും ചെയ്യും. കഴിഞ്ഞ 90 വര്‍ഷമായി ഹിന്ദുത്വത്തിന്റെ പേരില്‍ രാഷ്ട്രത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു സംഘം ചെയ്തുവരുന്നത്.
ലോകം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലൊക്കെ നാം സഹാഹസ്തവുമായി രംഗപ്രവേശം ചെയ്യും. നേപ്പാളിലും മാലിദ്വീപിലും ദുരന്തമുണ്ടായപ്പോള്‍ നല്‍കിയ സഹായത്തെക്കുറിച്ചു സൂചിപ്പിച്ച മോഹന്‍ ഭാഗവത് മറ്റു രാഷ്ട്രങ്ങളുമായി ഭാരതം നല്ല ബന്ധം കാത്തുസൂക്ഷിച്ചുവരികയാണെന്നും ദേശീയതയ്ക്കു പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനമാണു നടത്തിവരുന്നതെന്നും ചൂണ്ടിക്കാട്ടി.
.

Back to Top