Sanathanam

ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലന്റെ മകന് ഗംഗാതീരത്തു ശേഷക്രിയ

ഹരിദ്വാര്‍: ലോകശ്രദ്ധ നേടിയ ഒരു ശേഷക്രിയയ്ക്കു ഗംഗാതീരം സാക്ഷിയായി. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ മകന്‍ സെയ്ജിന്റെ ആത്മാവിനു നിത്യശാന്തിക്കായി ഗംഗയുടെ തീരത്തു നടന്ന ശ്രാദ്ധതര്‍പ്പണമാണു ശ്രദ്ധേയമായത്.
അമിതമായ മരുന്നുപയോഗത്തെ തുടര്‍ന്ന് 2012ലാണ് സ്റ്റാലന്റെ മകന്‍ സേയ്ജ് മരിച്ചത്. അച്ഛനെപ്പോലെ നടനും നിര്‍മ്മാതാവുമായിരുന്നു 36 കാരനായ സെയ്ജ്. അമേരിക്കയിലെ പ്രമുഖ പത്രങ്ങളിലെല്ലാം ആഴ്ചകളോളം സെയ്ജിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. മകന്റെ  വേര്‍പാടില്‍ നിന്ന് ഇതുവരെ മോചിതനാകാത്ത സ്റ്റാലന്‍ മകനെ കാണുക പതിവായിരുന്നത്രെ. അവനോട് സംസാരിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന് ഉത്തരം തേടിനടന്ന സ്റ്റാലന്‍ ഒടുവില്‍ പ്രശസ്ത ജ്യോതിഷി പ്രതീക് മിശ്രാപുരിക്കു മുമ്പിലെത്തുകയായിരുന്നു. ഋഷികേശ് സ്വദേശിയായ പ്രതീക് മിശ്രാപുരി ലോസ് എഞ്ചല്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സ്റ്റാലന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മരിച്ചുപോയ മകനെ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും  അവന്റെ ആത്മാവിനോട് തനിക്ക്  സംസാരിക്കാനാകുമോ എന്നും ആരാഞ്ഞ സ്റ്റാലനോട് അത് ആത്മാവിന് വേദനാജനകമായിരിക്കുമെന്നായിരുന്നു മിശ്രാപുരിയുടെ മറുപടി. പകരം ഹരിദ്വാറിലെത്തി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു കര്‍മങ്ങള്‍ ചെയ്തത്.
കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇന്ത്യയിലേക്ക് വരാനൊരുങ്ങിയ സ്റ്റാലന്‍ പക്ഷേ, പാപ്പരാസികളെ ഭയന്ന് ഒടുവില്‍ യാത്ര ഉപേക്ഷിച്ചു. പകരം അദ്ദേഹത്തിന്റെ സഹോദരന്‍ മൈക്കിളും ഭാര്യയും രണ്ടു ബന്ധുക്കളുമാണ് ഹരിദ്വാറിലെത്തിയത്. രക്തബന്ധത്തില്‍പ്പെട്ടവരായിരിക്കണം കര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന മിശ്രാപുരിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പഞ്ചാംഗമനുസരിച്ച് നാളും സമയവും കുറിച്ചു കൊടുത്തതും ശ്രാദ്ധത്തിനുള്ള സംവിധാനങ്ങള്‍ ചെയ്തതുമെല്ലാം മിശ്രാപുരിയായിരുന്നു. സെയ്ജിനു ശ്രാദ്ധ്രമൂട്ടിയ ശേഷം നാലുവര്‍ഷം മുമ്പ് മരിച്ച തന്റെ സഹോദരി ടോണി ആനിനും മൈക്കിള്‍ തര്‍പ്പണം നടത്തി.
.

Back to Top