Bharathayathra

വ്യത്യസ്തതകള്‍കൊണ്ട് ആകര്‍ഷകമാകുന്ന കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ അകലെ പുതുക്കോട്ടയ്ക്കു സമീപമാണ് എത്രയോ പേരെ ആധ്യാത്മികതയുടെ നിറവിലേക്കുയര്‍ത്തിയ നിത്യാനന്ദാശ്രമം. സവിശേഷമായ പല സിദ്ധികളുമുണ്ടായിരുന്ന അവധൂതനായിരുന്ന നിത്യാനന്ദ സ്വാമിയാണു സ്ഥാപകന്‍. 1931ലാണ് വ്യത്യസ്തതയാര്‍ന്ന ആശ്രമം നിര്‍മിക്കപ്പെട്ടത്. ഗതകാലപ്രൗഢിയുടെ കഥകളേറെയുള്ള ഈ കേന്ദ്രം വര്‍ത്തമാനകാലത്തും ആത്മാന്വേഷികളുടെ മനസ്സില്‍ പ്രതീക്ഷയുടെ വെളിച്ചം നിറയ്ക്കുന്നു.
പ്രത്യേക രീതിയില്‍ നിര്‍മിച്ചിട്ടുള്ള കവാടം തന്നെ ആരെയും ആശ്രമത്തിലേക്ക് ആകര്‍ഷിക്കുന്നു. വാതിലിനു തൊട്ടുമുന്നിലായി ധ്വജസ്തംഭമുണ്ട്. ഒരു വശത്തായി കാലുകള്‍ മടക്കി ഇരിക്കുന്ന നിത്യാനന്ദ സ്വാമികളുടെ വെങ്കലപ്രതിമ കാണാം. അകത്തേക്കു കടക്കാനുള്ള ഏകവാതില്‍ നയിക്കുക ഇരുളടഞ്ഞ വഴികളിലേക്കും തുടര്‍ന്ന് 44 ഗുഹകൡലേക്കുമാണ്. ആത്മാന്വേഷികള്‍ക്കു തപസ്സിരിക്കാനുള്ള ഇടങ്ങളാണിവ. കൂറ്റന്‍ ചെങ്കല്‍പ്പാറ അടര്‍ത്തിയാണ് ഗുഹകള്‍ ഉണ്ടാക്കിയെടുത്തത്. സര്‍ക്കാരിന്റെ സ്ഥലത്താണു ഗുഹ നിര്‍മിച്ചിരിക്കുന്നതെന്ന വാര്‍ത്ത പ്രചരിച്ചതോടെ ബ്രിട്ടീഷുകാരനായ അന്നത്തെ കലക്ടര്‍ പരിശോധിക്കാനെത്തിയെന്നും നിത്യാനന്ദ സ്വാമിയുടെ അസാധാരണമായ കഴിവുകള്‍ കണ്ട് നടപടിയൊന്നുമെടുക്കാതെ തിരികെ പോയെന്നും കഥയുണ്ട്. ഗുഹയുടെ ചുമരുകള്‍ വെള്ള നിറത്തിലും സിമന്റിട്ട നിലം ചുവപ്പു നിറത്തിലുമുള്ളതാണ്. വൃത്തിയായി സൂക്ഷിക്കുന്ന ഗുഹകള്‍ പലതിലും മുന്‍കാലങ്ങളില്‍ കഴിഞ്ഞിരുന്നത് ആശ്രമത്തിലെ അന്തേവാസികള്‍ തന്നെ.
ഗുഹകള്‍ പിന്നിട്ടാല്‍ എത്തിച്ചേരുക നിത്യാനന്ദ സ്വാമിയും ജയാനന്ദ സ്വാമിയും കഴിഞ്ഞിരുന്ന മുറിയിലാണ്. ഇവിടെയുള്ള ചെറുകട്ടിലില്‍ ഇരുന്നാണ് ഇരുവരും ധ്യാനിച്ചിരുന്നത്. പ്രത്യേക തരം തുണികള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി സ്വാമിമാര്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കള്‍ ഇവിടെ കാണാം. ചുമരില്‍ രണ്ടു സ്വാമിമാരുടെയും വലിയ ഫോട്ടോകളുമുണ്ട്.
ഈ മുറിയോടു ചേര്‍ന്ന് ജയാനന്ദ ബാബയുടെ പേരില്‍ 1988ല്‍ നിര്‍മിക്കപ്പെട്ട ഒരു ചെറിയ അമ്പലമുണ്ട്. ഒരു ഭക്തനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഇതിനാവശ്യമായ കല്ലുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മുംബൈയില്‍നിന്നു കൊണ്ടുവരികയായിരുന്നു. കറുത്ത പാറയുടെ മുകളില്‍ ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ച അമ്പലം ഇതിനു തൊട്ടടുത്തായുണ്ട്. ഇവിടെ നിന്നു നോക്കുമ്പോഴാണ് ഏത്ര വലിയ പാറയാണിതെന്നും എത്ര പണിപ്പെട്ടാവും അവ തുരന്നു ഗുഹകളുണ്ടാക്കിയതെന്നും തിരിച്ചറിയാന്‍ സാധിക്കുക.
ഗുഹകള്‍ക്കു മുകളിലായി നിത്യാനന്ദ ബാലമന്ദിരമെന്ന ക്ഷേത്രമുണ്ട്. അതിനു തൊട്ടുമുന്നിലായി പാറയില്‍ നിത്യാനന്ദ സ്വാമികളുടെ കാലുകള്‍ മാര്‍ബിളില്‍ കൊത്തിവെച്ചിരിക്കുന്നു. സാധാരണ കാലുകള്‍ കൊത്തിയെടുക്കാറുള്ള രീതിയിലല്ല ഇവിടെ ചെയ്തിരിക്കുന്നതെന്നതും കൗതുകകരമാണ്.

നിത്യാനന്ദസ്വാമി
ഭാരതത്തിന്റെ ആധ്യാത്മിക-സാംസ്‌കാരികപാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി നേരിട്ട ഒരു കാലമായിരുന്നു കഴിഞ്ഞ നൂറ്റാണ്ട്. എന്നാല്‍ അക്കാലത്തുതന്നെ ഈ മണ്ണില്‍ ഒട്ടനവധി മഹാമനീഷികള്‍ ഉണ്ടായിരുന്നുവെന്നും ഭാവിയില്‍ ധര്‍മോദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ ഊര്‍ജം പകര്‍ന്നുനല്‍കി കടന്നുപോയിട്ടുണ്ടെന്നും കാണാം. അക്കൂട്ടത്തില്‍ തന്റെ സാന്നിധ്യംകൊണ്ട് ഈ ഭാരതഭൂമിയെ മാത്രമല്ല, ലോകത്തെയാകമാനം സ്വാധീനിച്ച മഹാത്മാവായിരുന്നു നിത്യാനന്ദ സ്വാമി. അദ്ദേഹം പിറന്നതാകട്ടെ, കേരളത്തിലാണ്.
നിത്യാനന്ദസ്വാമിയുടെ ജനനസ്ഥലത്തെക്കുറിച്ചു രണ്ടു പക്ഷമുണ്ട്. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്തു കിടക്കുന്നതുകണ്ട അനാഥശിശുവിനെ ഒരു സ്ത്രീ വാത്സല്യപൂര്‍വം എടുക്കുകയും രാമന്‍ എന്നു പേരു വിളിച്ചു വളര്‍ത്തുകയും ചെയ്തുവെന്നതാണ് ഒരു പക്ഷം. മറ്റൊരു പക്ഷം കോഴിക്കോട്ട് വടകരയ്ക്കടുത്ത് നടുക്കുതാഴെ അംശത്തില്‍ പുത്തൂര്‍ദേശത്താണ് സ്വാമികള്‍ ജനിച്ചത് എന്നാണ്. രണ്ടായാലും കോഴിക്കോട് ജില്ലയാണെന്നതില്‍ സംശയമില്ല.
കുഞ്ഞിന് മൂന്നുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ചാത്തുനായര്‍ മരണപ്പെട്ടുവെന്നും പിന്നീട് ഈശ്വരയ്യര്‍ എന്ന ഉദാരമതിയായ വക്കീലിന്റെ വീട്ടില്‍ വേലചെയ്തുകൊണ്ട് അമ്മ കുഞ്ഞിനെ സംരക്ഷിച്ചു എന്നുമാണ് പറയപ്പെടുന്നത്. കുഞ്ഞിന് ആറു വയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. പിന്നീട് ഈശ്വരയ്യരുടെ സംരക്ഷണത്തിലാണ് കുഞ്ഞു വളര്‍ന്നത്. ആ കുട്ടിയില്‍ തെളിഞ്ഞുകണ്ട ചില അസാധാരണത്വങ്ങള്‍ ഈശ്വരയ്യരുടെ ശ്രദ്ധയില്‍പ്പെട്ടു. ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടിയില്‍ക്കണ്ട ഈശ്വരപ്രേമം, ഭൂതദയ, സത്യനിഷ്ഠ എന്നിവ ആകര്‍ഷകമായിരുന്നു. ഈശ്വരയ്യര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ രാമന്‍കുട്ടി അതുകേട്ട് ആനന്ദിച്ചിരിക്കുക പതിവായിരുന്നു.
ഈശ്വരയ്യരുടെ വീട്ടില്‍ സസന്തോഷം കഴിഞ്ഞുവന്ന രാമന്‍കുട്ടിയെയുംകൊണ്ട് ഒരിക്കല്‍ ഈശ്വരയ്യര്‍ ഒരു തീര്‍ഥയാത്രയ്ക്കു പോകുകയും പല സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം അക്ഷയവതി എന്ന സ്ഥലത്തെത്തിച്ചേരുകയും ചെയ്തു. അവിടെ കഴിയാനായിരുന്നു പിഞ്ചുബാലന്റെ തീരുമാനം. ഈശ്വരയ്യര്‍ക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. പക്ഷേ, തനിയെ മടങ്ങുകയെന്നതല്ലാതെ അദ്ദേഹത്തിനു മുന്നില്‍ മറ്റു വഴികളൊന്നുമില്ലായിരുന്നു.
തനിയെ യാത്ര തുടര്‍ന്ന രാമന്‍കുട്ടി, ഹിമാലയത്തിലെത്തി ധ്യാനനിഷ്ഠനായിക്കഴിഞ്ഞു. പിന്നീട് ഘോരവനത്തിലൂടെ ബര്‍മയിലേക്കും സിങ്കപ്പൂരിലേക്കും അവിടെനിന്ന് കപ്പല്‍മാര്‍ഗം സിലോണിലേക്കും തിരിച്ചു.
പതിനാറാമത്തെ വയസ്സില്‍ വീണ്ടും ഈശ്വരയ്യരുടെ അടുത്തു തിരിച്ചെത്തി. രാമന്‍കുട്ടിയെ കണ്ടപ്പോള്‍ അദ്ദേഹം വളരെ സന്തുഷ്ടനായി, നീ ആനന്ദന്‍, നിത്യാനന്ദന്‍, നീ എനിക്കു വെളിച്ചം നല്കി, എന്നു പറഞ്ഞു. അന്നു മുതല്‍ രാമന്‍കുട്ടി നിത്യാനന്ദനായി. അപ്പോഴേയ്ക്കും രോഗഗ്രസ്തനായിരുന്ന ഈശ്വരയ്യരെ നിത്യാനന്ദന്‍ അതീവശ്രദ്ധയോടെ ശുശ്രൂഷിച്ചു. ആനന്ദപരവശനായി നിത്യാനന്ദന്റെ മടിയില്‍ തല ചായ്ച്ചുകൊണ്ട് അദ്ദേഹം കണ്ണുകളടച്ചു. അതിനുശേഷം തികഞ്ഞ അവധൂതവൃത്തിയില്‍ പല പുണ്യസ്ഥലങ്ങളിലും പരിവ്രജനം ചെയ്തുകൊണ്ട് നിത്യാനന്ദന്‍ കഴിഞ്ഞു. ഇക്കാലത്ത് എത്രയോ അമാനുഷികമായ ദിവ്യസംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി.
നിത്യാനന്ദസ്വാമി ഗ്രന്ഥരചനയിലോ പ്രഭാഷണങ്ങളിലോ ഏര്‍പ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെതായി ഒരു ഗ്രന്ഥം സത്യാന്വേഷികള്‍ക്കു കണ്ടെത്താന്‍ സാധിച്ചു. 20 വയസ്സു പ്രായമുള്ള സമയത്ത് മംഗലാപുരത്ത് അവധൂതവൃത്തിയില്‍ കഴിയവേ നിത്യാനന്ദ സ്വാമി പലപ്പോഴും ഭാവസമാധിയില്‍ ലയിക്കുമായിരുന്നു. ആ സമയത്ത് അദ്ദേഹത്തില്‍നിന്ന് അനായാസമായി ബഹിര്‍ഗമിച്ച അധ്യാത്മതത്ത്വങ്ങളെ പരമഭക്തയായിരുന്ന തുളസിയമ്മ എന്ന സ്ത്രീ തനിക്കാവുംവിധം എഴുതിയെടുക്കുമായിരുന്നു. പിന്നീവ് ഇത് നിത്യാനന്ദ സ്വാമിയുടെ അനുവാദത്തോടുകൂടി പ്രസിദ്ധീകരിക്കുകയായിരുന്നു.
''ഭേദബുദ്ധി ഉപേക്ഷിച്ച് എല്ലാറ്റിലും ഒരേയൊരു പരമാത്മാവിനെ ദര്‍ശിക്കണമെന്നും ഈശ്വരന്‍ എല്ലാത്തിലും അന്തര്യാമിയായി വിലസുന്നുണ്ടെ''ന്നും നിത്യാനന്ദ സ്വാമി ഉപദേശിച്ചു. രാജയോഗസാധനയിലൂടെ ആത്മധ്യാനനിരതനായി കൈവല്യപദം പൂകുക എന്നതായിരുന്നു നല്‍കിയിരുന്ന ഉപദേശം. മംഗലാപുരത്തുനിന്നാണ് നിത്യാനന്ദ സ്വാമി കാഞ്ഞങ്ങാട്ടെത്തിയത്. അദ്ദേഹത്തിന്റെ അനന്യമായ യോഗശക്തിയാല്‍ പല ലീലകള്‍ക്കും നിത്യാനന്ദാശ്രമം വേദിയായി.
.

Back to Top