Sanathanam

സത്യാന്വേഷണത്തിനു മക്കള്‍ക്കു സ്വാതന്ത്ര്യം നല്‍കാന്‍ അമ്മമാര്‍ ധൈര്യം കാട്ടണം: ഡോ.ലക്ഷ്മീകുമാരി

കൊടശ്ശേരി (മലപ്പുറം): സിലിക്കണ്‍ വാലിയിലല്ല, അവനവന്റെ മനസ്സിലാണ് യഥാര്‍ഥ ആനന്ദം കുടികൊള്ളുന്നതെന്ന് കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്രകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മീകുമാരി. പരമമായ സത്യം കണ്ടെത്താന്‍ ആധ്യാത്മികതയിലൂടെ മാത്രമേ സാധിക്കൂ എന്നും മക്കള്‍ക്കു സത്യാന്വേഷണത്തിന്റെ പാതയില്‍ ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനുള്ള ധൈര്യം ഹിന്ദു അമ്മമാര്‍ക്കുണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിമത്തിന്റെ ഘടകമായുള്ള ശ്രീശങ്കരസേവാശ്രമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആഗ്രഹങ്ങളെ വളര്‍ത്തുന്നതല്ല സത്യം; ചുരുക്കുന്നതാണ്. ദേഹം പോയാലും ദേഹി നശിക്കുന്നില്ലെന്ന ബോധ്യത്തോടെ പരമമായ സത്യത്തിലേക്ക് അടുത്ത തലമുറയെ അടുപ്പിക്കണം. ജപസാധനയിലൂടെയോ അദ്വൈതചിന്തയിലൂടെയോ പരമമായ സത്യത്തെ മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കണം. സത്യത്തിന്റെ പാത തിരിച്ചറിയുന്നവര്‍ ധര്‍മമെന്തെന്നു തിരിച്ചറിയും. യജ്ഞം ലോകത്തിനുള്ള ഭാരതത്തിന്റെ മഹത്തായ സംഭാവനയാണ്. തനിക്കു വേണ്ടിയല്ല, സമൂഹത്തിനായാണു യജ്ഞം ചെയ്യുന്നത്. ശാരീരികമായും വൈകാരികമായും ബൗദ്ധികമായുമുള്ള മൂന്നു വക്രതകള്‍ നീക്കുന്നതിലൂടെ മാത്രമേ സ്വാര്‍ഥചിന്ത വെടിയാന്‍ സാധിക്കൂ. എന്റെ, എനിക്ക്, ഞാന്‍ എന്നീ മൂന്നു ഭാവങ്ങള്‍ ഉപേക്ഷിക്കുകവഴി മാത്രമേ ആശ്രമങ്ങള്‍ വളര്‍ത്തിയെടുക്കാനാവൂ എന്നും ഡോ.ലക്ഷ്മീകുമാരി പറഞ്ഞു.
പുരാതനകാലം മുതല്‍ക്കേ ആത്മജ്ഞാനത്തിന്റെ അറിവില്‍ ആനന്ദമനുഭവിക്കുന്നവരുടെ നാടാണു ഭാരതം എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആത്മസ്വരൂപാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം, പാലേമാട്) ചൂണ്ടിക്കാട്ടി. അവബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. അതു തന്നെയാണ് ആത്മജ്ഞാനം. ആത്മജ്ഞാനത്തിലേക്കുള്ള പാതയാണ് സനാതനധര്‍മം. ഋഷിവര്യന്മാരാണ് ആ പാത നമുക്കു കാട്ടിത്തരുന്നത്. സനാതനധര്‍മപ്രചരണത്തിനായി രൂപംകൊണ്ട ഈശ്വരവിഭൂതിയാണു സ്വാമി ചിദാനന്ദ പുരിയെന്നു താന്‍ വിശ്വസിക്കുന്നു. ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശിഷ്യപരമ്പരകളിലൂടെയും സ്വാമി ചിദാനന്ദ പുരി ധര്‍മപ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാല പുറത്തിറക്കിയ സ്വാമി ചിദാനന്ദ പുരിയുടെ 'സനാതനധര്‍മപരിചയം' എന്ന ഗ്രന്ഥം എന്നും ഒരു സംശയനിവാരണ ഗ്രന്ഥമായിരിക്കുമെന്നും ആത്മസ്വരൂപാനന്ദ സ്വാമി പറഞ്ഞു.
സമൂഹത്തിന്റെ കൂട്ടായ്മയുടെ പരിണാമമാണ് ഈ ആശ്രമമെന്ന് സ്വാമി ചിദാനന്ദ പുരി ആമുഖഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അമ്മയെ പുഴയില്‍ തള്ളിവിടുന്ന ക്രൂരതയിലേക്കു നാട് അധഃപതിച്ചിരിക്കുമ്പോഴും ദുരിതങ്ങളുടെ നീര്‍ച്ചുഴിയിലേക്കു തങ്ങളെ ബോധപൂര്‍വം തള്ളിയിടുന്ന മക്കളോടു ക്ഷമിക്കാന്‍ കെല്‍പുള്ളതാണു മാതൃത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധര്‍മപ്രചരണത്തിനും ശാസ്ത്രപഠനത്തിനുമുള്ള പദ്ധതികള്‍ സേവാശ്രമം വഴി നടപ്പാക്കും. ക്ലാസുകളും സത്സംഗങ്ങളും ഉണ്ടായിരിക്കുമെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
തനിക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത്തരം കാര്യങ്ങള്‍ സമൂഹത്തിനുകൂടി ഗുണംചെയ്യുമെന്ന ചിന്തയില്‍ വേണം പ്രവര്‍ത്തിക്കാനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ വിരജാനന്ദ തീര്‍ഥ സ്വാമി (ജ്ഞാനാശ്രമം, വടക്കാഞ്ചേരി) ഉപദേശിച്ചു. എപ്പോഴാണോ ഇനിയൊന്നും നേടാനില്ലെന്ന നിലയിലെത്തുന്നത് അപ്പോഴാണു മനുഷ്യജന്മത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്കുയരുന്നതെന്നും അതു തന്നെയാണു മോക്ഷമെന്നും സ്വാമിനി ശിവാനന്ദ പുരി(അദ്വൈതാശ്രമം, കൊളത്തൂര്‍) പറഞ്ഞു. മോക്ഷം നേടാന്‍ ഏതു മനുഷ്യനും സാധിക്കും. സ്വന്തം പ്രവൃത്തിയെ അതിനുള്ള സാധനയാക്കാം. സേവാഭാവത്തില്‍ ചെയ്യുന്ന പ്രവൃത്തി സാധനയാണ്. കൂടുതല്‍ പേരുടെ നന്മയ്ക്കായി സ്വാര്‍ഥതയെ വെടിയാന്‍ നാം എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ സേവാഭാവം ജനിക്കുന്നു. സ്വാര്‍ഥത മാത്രംകൊണ്ടു ജീവിക്കാന്‍ സാധ്യമല്ല. മറ്റുള്ളവരെ എത്രത്തോളം കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുവോ അതാണു സേവ. മറ്റുള്ളവര്‍ക്കു സഹായം ചെയ്യലല്ല, മറിച്ച് സ്വയം സംസ്‌കരിക്കലാണു യഥാര്‍ഥ സേവ. ഓരോരുത്തരും സ്വയം സേവിക്കുന്നവരായിത്തീരുകയാണു വേണ്ടത് സ്വാമിനി ശിവാനന്ദ പുരി വ്യക്തമാക്കി.
എന്തു പ്രതീക്ഷിച്ചിട്ടാണ് ആശ്രമം തുടങ്ങുന്നതെന്നു ചോദിക്കുന്ന സമൂഹമനസ്സാണ് ഉള്ളതെന്നും ഒന്നും മോഹിച്ചല്ലെന്ന സത്യസന്ധമായ മറുപടി ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കാത്ത വിധത്തിലേക്കു സമൂഹമനസ്സ് ചെന്നെത്തിയിരിക്കുകയാണെന്നും സ്വാമി പരമാനന്ദ പുരി പറഞ്ഞു. ഒരമ്മയെപ്പോലും മക്കളും പിന്മുറക്കാരും സംരക്ഷിക്കാനില്ലാത്ത നിലയില്‍ അഭയ കേന്ദ്രങ്ങളിലേക്കു വിട്ടുകൊടുക്കില്ലെന്ന സ്ഥിതിയുണ്ടാവണമെന്നും അതിനു സത്സംഗങ്ങള്‍ പോലുള്ള വേദികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചതാളത്തിനനുസരിച്ചു ജീവിക്കലാണ് ധാര്‍മികജീവിതമെന്നും ലോകഗുരുവായി ഭാരതത്തെ രൂപപ്പെടുത്തേണ്ടതു സനാതനധര്‍മത്തിലൂടെയാണെന്നും ആശംസയര്‍പ്പിച്ച രാഷ്ട്രീയ സ്വയംസേവക് സംഘ് പ്രാന്തീയ സഹപ്രചാരക് സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. കൊള്ളയടിക്കാന്‍ വന്നവരുടെ ചരിത്രം നമ്മുടെ ചരിത്രമായി പഠിക്കേണ്ട ഗതികേടിലാണു ഭാരതമെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ഭാരതത്തിന്റെ ചരിത്രം അധിനിവേശകാലഘട്ടത്തിലെ പുഴുക്കുത്തുകളുടെ ചരിത്രമല്ല; വേദങ്ങളിലും ഉപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും അധിഷ്ഠിതമാണത്. യഥാര്‍ഥ ചരിത്രം പുനഃസൃഷ്ടിക്കാന്‍ സാധിക്കണം. ഏതു വെല്ലുവിളികളെയും നേരിടാനുള്ള കരുത്തുണ്ടെന്നതാണു സനാതന ധര്‍മത്തിന്റെ ചരിത്രം വ്യക്തമാക്കുന്നതെന്നും കദംബന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കി. വിദേശികള്‍ 900 വര്‍ഷം ശ്രമിച്ചിട്ടും സാധിക്കാത്തത്ര പരുക്ക്, 65 വര്‍ഷത്തെ ജനാധിപത്യഭരണം ഭാരതത്തിന്റെ ആത്മാവില്‍ വരുത്തിവെച്ചുവെന്ന് ഭാസ്‌കരപ്പിള്ള മധുവനം ചൂണ്ടിക്കാട്ടി. സ്വന്തം ശരീരത്തെ പരീക്ഷണവസ്തുവാക്കി പരമമായ സത്യമെന്തെന്ന് അന്വേഷിച്ചു കണ്ടെത്തി നമുക്കു പകര്‍ന്നുതന്നവരാണ് ഭാരതീയ ഋഷിമാര്‍. ത്യാഗഭൂമിയാണു ഭാരതമെന്നും ത്യാഗത്തിലൂടെ എന്തും നേടാമെന്ന് ആചാര്യന്മാര്‍ നമുക്കു പറഞ്ഞുതരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍മശേഷിയും ആധ്യാത്മികസാധനയും ഒരുമിച്ചുവെന്നുള്ളതാണു സ്വാമി ചിദാനന്ദ പുരിയെ വ്യത്യസ്തനാക്കുന്നതെന്ന് ഗംഗാധരന്‍ മാസ്റ്റര്‍(പട്ടിക്കാട് തുളസീവനം) ആശംസാപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കളെ സംരക്ഷിക്കേണ്ടതു യുവസമൂഹത്തിന്റെ ചുമതലയാണെന്നു നിരന്തരമായ ബോധവല്‍ക്കരിക്കണമെന്നും ഇതിനു പദ്ധതികള്‍ തയ്യാറാക്കണമെന്നും വാര്‍ഡ് മെംബര്‍ എം.പി.സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. ലോകത്തെല്ലായിടത്തും ആധ്യാത്മികതയെക്കുറിച്ചുള്ള ചിന്തകളുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഭാരതത്തോളം ഉയര്‍ന്നല്ലെന്ന് ഡോ.കെ.എം.രാമന്‍ നമ്പൂതിരി(ചെറുകോട്) ചൂണ്ടിക്കാട്ടി. എം.എന്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും(മരനാട്ടുമന) ആശംസ നേര്‍ന്നു. എം.കെ.രജീന്ദ്രനാഥ് സ്വാഗതവും സ്വാമി സത്യാനന്ദ പുരി നന്ദിയും പറഞ്ഞു. അതിരാവിലെ പറമ്പാട്ട് രാജന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹവനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്കു തുടക്കമായത്. തുടര്‍ന്നു ലളിതാസഹസ്രനാമം സമൂഹപാരായണം നടന്നു.
.

Back to Top